fbwpx
എന്താണ് സഭാ തർക്കം? നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൻ്റെ ചരിത്ര പശ്ചാത്തലം
logo

ന്യൂസ് ഡെസ്ക്

Posted : 22 Jul, 2024 01:41 PM

പൊതുസമൂഹവും സാധാരണ വിശ്വാസികളും സമാധാനമാണ് കാംക്ഷിക്കുന്നത്. എന്നാൽ, ശാശ്വത പരിഹാരം കണ്ടെത്താന്‍ സഭാ നേതൃത്വം ഇതുവരെയും തയാറല്ല. കാരണം ഇരു ക്രൈസ്തവ സഭകള്‍ക്കും അധികാരവും സമ്പത്തും ഉപേക്ഷിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നത് തന്നെയാണ്.

KERALA

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവും പള്ളി പിടുത്തവും കേരളത്തിൽ ഇടയ്ക്കിടെ പ്രധാന വാർത്തയായി മാറാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു നൂറ്റാണ്ടിന് മുകളില്‍ വ്യവഹാരം നടത്തിയിട്ടും പരിഹാരമാകാത്ത സഭാ തര്‍ക്കത്തിൻ്റെ അടിസ്ഥാനം പരിശോധിച്ചാല്‍, അധികാരവും സ്വത്തും കയ്യടക്കാന്‍ ഇരു ചേരികള്‍ നടത്തിയ ശ്രമമാണെന്ന് മനസിലാക്കാം.

ഈ തർക്കം അനിശ്ചിതമായി തുടരാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. പൊതുസമൂഹവും സാധാരണ വിശ്വാസികളും സമാധാനമാണ് കാംക്ഷിക്കുന്നത്. എന്നാൽ, ശാശ്വത പരിഹാരം കണ്ടെത്താന്‍ സഭാ നേതൃത്വം ഇതുവരെയും തയാറല്ല. കാരണം ഇരു ക്രൈസ്തവ സഭകള്‍ക്കും അധികാരവും സമ്പത്തും ഉപേക്ഷിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നത് തന്നെയാണ്.

എന്നു മുതലാണ് സഭാ തര്‍ക്കം തുടങ്ങുന്നത്?

1912ല്‍ 'മെത്രാന്‍ കക്ഷി കാതോലിക്കേറ്റ്' രൂപീകരിക്കുന്നത് വരെ ഒന്നായിരുന്ന സഭാ വിഭാഗമാണ് ഇപ്പോള്‍ തെരുവില്‍ തമ്മില്‍ തല്ലുന്നത്. വിശ്വാസത്തിലും, ആരാധനാ ക്രമത്തിലും, വേഷത്തിലും ഒരു വത്യാസവും ഇരു വിഭാഗവും തമ്മിലില്ല. 1653 ജനുവരി 3ന് ലത്തീന്‍വല്‍ക്കരണത്തിനെതിരെ ആര്‍ച്ച് ഡീക്കന്‍ തോമ്മയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍ കുരിശ് സത്യത്തോടെയാണ് കേരളത്തിലെ നസ്രാണി ക്രൈസ്തവര്‍ രണ്ടാകുന്നത്. ഒരു വിഭാഗം കത്തോലിക്ക സഭയ്ക്കൊപ്പം നിലകൊണ്ടു. കൂനന്‍ കുരിശ് സത്യമെടുത്തവരെല്ലാം പ്രത്യേക വിഭാഗവുമായി മാറി.

1665ല്‍ അന്ത്യോഖ്യയില്‍ നിന്നുവന്ന യാക്കോബായ മെത്രാനായ മാര്‍ ഗ്രിഗോറിയോസിനെ, ഒന്നാം മാര്‍ തോമയായ ആര്‍ച്ച് ഡിക്കന്‍ തോമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചതോടെയാണ് യാക്കോബായ വിശ്വാസം കേരളത്തില്‍ ആരംഭിക്കുന്നത്. പിന്നീട് ആറാം മാര്‍ തോമയുടെ കാലത്ത് 1765 മുതല്‍ കത്തോലിക്ക സഭയുമായി പുനരൈക്യപ്പെടാന്‍ ശ്രമം നടന്നെങ്കിലും, റോമിൽ നിന്നും അതിനുള്ള അനുമതി കിട്ടിയില്ല. പിന്നീട് 1818ല്‍ മാവേലിക്കരയില്‍ ചേര്‍ന്ന സഭാ സിനഡ് ആംഗ്ലിക്കന്‍ സഭയുമായി സഹകരണം പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ തന്നെ ചേര്‍ന്ന 1836ലെ സിനഡ് ആംഗ്ലിക്കന്‍ വിശ്വാസത്തെ തള്ളി പറയുന്നതിനും സാക്ഷ്യം വഹിച്ചു. അത് സഭയില്‍ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു. പിന്നാലെ കടുത്ത ആഭ്യന്തര കലഹത്തിലേക്കും സഭ പ്രവേശിച്ചു.

പാത്രിയര്‍ക്കീസിൻ്റെ വരവും യാക്കോബായ സഭയുടെ പിളർപ്പും

പ്രശ്ന പരിഹാരത്തിനായി ആദ്യമായി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ തന്നെ കേരളത്തിലേക്ക് കൊണ്ടുവരേണ്ടി വന്നു. 1876ല്‍ പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് മുളന്തുരുത്തി സൂനഹദോസ് വിളിച്ച് ചേര്‍ക്കുകയുണ്ടായി. ഈ സമ്മേളനമാണ് സഭയില്‍ അന്ത്യോഖ്യന്‍ ആരാധന ക്രമവും, സഭാ നിയമവും ഔദ്യോഗികമായി അംഗീകരിക്കുന്നത്. അന്നാണ് പാത്രിയര്‍ക്കീസ് നവീകരണ വിഭാഗത്തിന് മുടക്ക് കല്‍പിച്ചത്. അതോടെ യാക്കോബായ സഭ പിളര്‍ന്ന് മാര്‍തോമാ സഭയുണ്ടായി. സഭയിലെ അന്നത്തെ പ്രതിസന്ധി പാത്രിയര്‍ക്കീസ് പരിഹരിച്ചെങ്കിലും, ആ വേദിയാണ് ഇന്നത്തെ സഭാ തര്‍ക്കത്തിൻ്റെ മുഖ്യ കാരണം.

മലങ്കര സഭയുടെ ആത്മീയ തലവന്‍ എന്നതിനൊപ്പം, സമ്പത്തും തൻ്റെ കീഴിലാന്നെന്ന പാത്രിയര്‍ക്കീസിൻ്റെ പ്രഖ്യാപനം വലിയ വിവാദത്തിന് തിരികൊളുത്തി. അന്നത്തെ മലങ്കര മെത്രാപോലീത്ത വട്ടശേരി ആറാം ദിവന്നാസ്യോസിൻ്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കേരളത്തിലെ യാക്കോബായ സഭ രണ്ട് വിഭാഗമായി പിളർന്നു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ അനുകൂലിക്കുന്നവര്‍ 'ബാവ കക്ഷി'യെന്നും, വട്ടശേരി മെത്രാപോലീത്തയെ അനുകൂലിച്ചവര്‍ 'മെത്രാന്‍ കക്ഷി'യെന്നും അറിയപ്പെട്ടു.

ബാവ കക്ഷി പിന്നീട് 'യാക്കോബായ' എന്നും, 'മെത്രാന്‍ കക്ഷി ഓര്‍ത്തഡോക്സ്' എന്നും അറിയപ്പെട്ടു. തുടര്‍ന്ന് 1912ല്‍ മെത്രാന്‍ കക്ഷി മലങ്കരയില്‍ 'കാതോലിക്കേറ്റ്' സ്ഥാപിച്ചു. മാര്‍ തോമയുടെ സിംഹാസനം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, അപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് അബ്ദുള്ള കാതോലിക്കേറ്റിനും മലങ്കര മെത്രാപോലീത്തക്കും മുടക്ക് കല്‍പിച്ചു. മറുപടിയായി അബ്ദുള്ള പാത്രിയര്‍ക്കീസിൻ്റെ മുന്‍ഗാമിയായ അബ് ദേദ് മിശിഹ പാത്രിയര്‍ക്കീസിനെ കേരളത്തിലെത്തിച്ച മെത്രാന്‍ കക്ഷി, മുടക്ക് നീക്കലും കാതോലിക്കേറ്റ് സ്ഥാപനവും പ്രഖ്യാപിച്ചു. ഇതോടെ സഭയില്‍ പിളര്‍പ്പ് നടപ്പിലായി. തുടര്‍ന്ന് നിയമനടപടികളിലേക്ക് ഇരുപക്ഷവും നീങ്ങി.

സഭാ തർക്കം കോടതി കയറുന്നു

ഇതില്‍ മുഖ്യം മൂവായിരം പൂ വരാഹൻ്റെ പലിശയെ ചൊല്ലിയുള്ള വട്ടിപ്പണക്കേസായിരുന്നു. ഇതിനിടെ മെത്രാന്‍ കക്ഷി 1934ല്‍ ഭരണഘടനയുണ്ടാക്കി. വട്ടിപ്പണ കേസില്‍ 1958ലാണ് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്. അന്നത്തെ വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നു. ഇതോടെ ഇരു വിഭാഗവും യോജിച്ചു. ഇതിനിടെ ബഥനി സന്യാസ വിഭാഗം കത്തോലിക്ക സഭയോട് പുനരൈക്യപ്പെട്ട് 'മലങ്കര കത്തോലിക്ക' നിലവില്‍ വന്നു. 1958 മുതല്‍ 1970 വരെ, ഇരു വിഭാഗവും യോജിച്ച് നീങ്ങി 1934ൽ ഭരണഘടന ഇരു വിഭാഗവും അംഗീകരിച്ചു.

'മാര്‍തോമ്മയുടെ സിംഹാസനം' അടക്കമുള്ള വിഷയങ്ങളെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് സഭ വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങി. 1975ല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് 'ബാവാ കക്ഷി'ക്കും ഒരു കാതോലിക്കയെ വാഴിച്ചു. ഇതോടെ ഒരു സഭയ്ക്ക് ഒരേസമയം രണ്ട് കാതോലിക്കമാർ എന്ന അസാധാരണ സാഹചര്യമുണ്ടായി. നീണ്ട കോടതി വ്യവഹാരത്തിനൊടുവില്‍ 1995ല്‍ സഭയുടെ ഭരണം ഭൂരിപക്ഷത്തിന് നല്‍കണമെന്നും, 1934ലെ ഭരണഘടന നിലനില്‍ക്കുമെന്നും സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തി 'മലങ്കര അസോസിയേഷന്‍' രൂപീകരിക്കാന്‍ ജസ്റ്റീസ് മളീമഠ് കമ്മീഷനെ സുപ്രീം കോടതി നിയമിച്ചു.

പരുമല യോഗവും 1,664 പള്ളികളുടെ ഉയര്‍ത്തലും

പരുമലയില്‍ വിളിച്ചു ചേര്‍ത്ത അസോസിയേഷന്‍ യോഗത്തിൽ വെച്ച്, 1,064 പള്ളികള്‍ എന്നത്, ഇരുപക്ഷത്തേയും ഉപ ലിസ്റ്റുകള്‍ കൂടി പരിഗണിച്ച് 1,664 പള്ളികളായി ഉയര്‍ത്തി. അംഗങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിനിധികളെ വേണമെന്ന യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യവും അംഗീകരിച്ചു. ഇരു വിഭാഗവും അംഗികരിച്ച വോട്ടേഴ്സ് ലിസ്റ്റ് നിലവില്‍ വന്നു. യാക്കോബായ വിഭാഗത്തിലെ കാതോലിക്ക 1996ല്‍ മരിച്ചതോടെ, ഓര്‍ത്തഡോക്‌സ് വിഭാഗത്തിൻ്റ കാതോലിക്ക മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. അന്നത്തെ കാതോലിക്ക മെത്രാപോലീത്ത സ്ഥാനങ്ങള്‍ രാജിവെച്ചു.

എന്നാല്‍ യാക്കോബായ വിഭാഗം തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് സഭാ ഭരണം ലഭിച്ചു. എന്നാൽ, ബാവ കക്ഷിക്ക് വീണ്ടും കാതോലിക്കയെ പാത്രിയര്‍ക്കീസ് വാഴിച്ചതും, യാക്കോബായ വിഭാഗവും ഭരണഘടന ഉണ്ടാക്കിയതു വീണ്ടും സഭാതര്‍ക്കമായി കോടതി കയറി. ഒടുവില്‍ 2017ല്‍ സുപ്രീം കോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിച്ചു. ആ വിധി നടപ്പാക്കി കിട്ടാനായി ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജികളിലാണ് പള്ളികള്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

KERALA
അച്ഛന് വെടിയേറ്റത് കൺമുന്നിൽ വച്ച്; അക്രമകാരികൾ എത്തിയത് പട്ടാളവേഷത്തിലല്ല: എൻ. രാമചന്ദ്രന്റെ മകൾ ന്യൂസ് മലയാളത്തോട്
Also Read
user
Share This

Popular

KERALA
KERALA
പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'