ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
2017 ഫെബ്രുവരി പതിനേഴിന് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം, മലയാള സിനിമയിലെ വനിതാ കൂട്ടായ്മ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' (wcc) ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഹേമ കമ്മീഷനെ നിയമിച്ചത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു കമ്മീഷന്റെ ചുമതല. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, നേരിടുന്ന ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറയുന്നുണ്ടെന്നാണ് സൂചനകള്‍.
'കാസ്റ്റിംഗ് കൗച്ച്' , ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ശുചിമുറി, വസ്ത്രം മാറാനുള്ള ഇടം തുടങ്ങിയവയുടെ അഭാവം എന്നിവയെ കുറിച്ചും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തെളിവെടുപ്പിനിടെ, സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങേണ്ടി വരുന്ന സംഭവങ്ങളില്‍ പലപ്പോഴും പൊലീസില്‍ പരാതികള്‍ എത്താറില്ല.
സൈബര്‍ ഇടങ്ങളില്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ ആക്രമണത്തിന് ഇരയാകുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നായിരുന്നു ജസ്റ്റിസ് ഹേമ പ്രതികരിച്ചത്.
ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മീഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ സമര്‍പ്പിച്ച് മൂന്ന് വര്‍ഷത്തിനു ശേഷവും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെയിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു.