നിലവിലുള്ള നിയമത്തിൽ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്
വഖഫ് ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. കിരൺ റിജിജു ബിൽ അവതരിപ്പിച്ചപ്പോഴും വലിയ രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾ ലോക്‌സഭയിൽ അരങ്ങേറി. രാജ്യത്തെ മുസ്ലിം സമൂഹത്തിന്‍റെ അവകാശങ്ങളില്‍ കെെകടത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ആസൂത്രിത ശ്രമമാണിതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
നിലവിലുള്ള നിയമത്തിൽ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. വഖഫ് നിയമത്തിൽ നിന്ന് നിരവധി വകുപ്പുകൾ റദ്ദാക്കാനും പുതിയ ബിൽ നിർദേശിക്കുന്നു. ന്യൂനപക്ഷത്തിനായുള്ള മാറ്റങ്ങളാണെന്ന് ഭരണപക്ഷം ഉറപ്പിച്ച് പറയുമ്പോഴും ഇത് അംഗീകരിക്കാൻ പ്രതിപക്ഷം കൂട്ടാക്കിയിട്ടില്ല. എന്താണ് ഈ ഭേദഗതി ഇത്രയധികം വിവാദമാവാൻ കാരണം?
എന്താണ് വഖഫ് സ്വത്ത്?
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ ആധാരം മൂലമോ അല്ലാതെയോ സമർപ്പിച്ചിരിക്കുന്ന സ്ഥാവരമോ (IMMOVABLE PROPERTY) അല്ലാത്തതോ ആയ സ്വത്തിനെയാണ് വഖഫ് സ്വത്ത് സൂചിപ്പിക്കുന്നത്. രേഖമൂലമുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ രീതി നിലവിലുണ്ട്. അതിനാൽ, ദീർഘകാലമായി ഉപയോഗത്തിലുള്ള സ്വത്തുക്കളും വഖഫ് സ്വത്തുക്കളായി കണക്കാക്കാം.
ALSO READ: വഖഫ് ഭേദഗതി നിയമം; ബിൽ അവതരണത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം
ഒരു വഖഫ് സ്വത്ത് ഒന്നുകിൽ പൊതു ജീവകാരുണ്യ ആവശ്യങ്ങൾക്ക് പൊതുവായും അല്ലെങ്കിൽ ഒരു വ്യക്തിയുടെ പിൻഗാമിക്ക് പ്രയോജനപ്പെടുന്നതിനും സ്വകാര്യമായും സൂക്ഷിക്കാം. ഇത് കൈമാറ്റം ചെയ്യപ്പെടാത്തതും ദൈവനാമത്തിൽ ശാശ്വതമായി സൂക്ഷിക്കുന്നവയുമാണ്. ഒരു വഖഫിൽ നിന്നുള്ള വരുമാനം സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നു. അതിനാൽ തന്നെ ഇത് ധാരാളം മുസ്ലീങ്ങൾക്ക് പ്രയോജനകരമാണ്.
ഒരു 'വാഖിഫ്' (മതപരമോ ജീവകാരുണ്യമോ ആയി മുസ്ലീം നിയമം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിനായി സ്വത്ത് സമർപ്പിക്കുന്ന വ്യക്തി) സമർപ്പിക്കുന്ന 'ഔഖാഫ്' (സംഭാവന ചെയ്തതും വഖഫായി രേഖപ്പെടുത്തിയതുമായ ആസ്തികൾ) നിയന്ത്രിക്കാനും നിരീക്ഷിക്കാനുമാണ് 1995-ലെ വഖ്ഫ് നിയമം കൊണ്ടുവന്നത്.
എന്താണ് വഖഫ് ബോർഡ്?
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുൾപ്പെടുന്ന കമ്മിറ്റിയെയാണ് വഖഫ് ബോർഡ് എന്ന് വിളിക്കുന്നത്. വരുമാനം ഉദ്ദേശിച്ച ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബോർഡ് ഒരു കസ്റ്റോഡിയനെ നിയമിക്കും.
1964-ൽ സ്ഥാപിതമായ സെൻട്രൽ വഖഫ് കൗൺസിൽ (CWC) ഇന്ത്യയിലുടനീളമുള്ള സംസ്ഥാനതല വഖഫ് ബോർഡുകളുടെ മേൽനോട്ടം വഹിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും വഖഫ് ബോർഡുകൾക്കും വഖഫ് സ്വത്ത് മാനേജ്മെൻ്റിനെക്കുറിച്ചുള്ള ഉപദേശം നൽകുന്നത് സെൻട്രൽ വഖഫ് കൗൺസിലാണ്.
ഇനി അധികാരം കളക്ടർക്ക്
പുതിയ ഭേദഗതി ഇത്തരത്തിലുള്ള വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള വഖഫ് ബോർഡുകളുടെ ഏകപക്ഷീയമായ അധികാരം കുറയ്ക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള വഖഫ് നിയമത്തിലെ സെഷൻ 40, നിർബന്ധിത പരിശോധന കൂടാതെ സ്വത്തുകൾ പരിശോധിച്ച് വഖഫ് സ്വത്തായി നിശ്ചയിക്കാൻ ബോർഡുകൾക്ക് അവകാശം നൽകുന്നു. എന്നാൽ പുതിയ ഭേദഗതി 40ാം വകുപ്പ് പൂർണാമയും ഒഴിവാക്കി സ്വത്ത് നിർണയിക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർക്ക് കൈമാറുകയാണ്.
ALSO READ: വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക് സഭയിൽ; അവതരണാനുമതി പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്ന്
സ്വത്തിൻ്റെ കാര്യത്തിലുള്ള തീരുമാനമെന്തായാലും റവന്യൂ രേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് കഴിയും. പരിശോധനയില്‍ വഖഫ് സ്വത്ത് ആയി അംഗീകരിക്കപ്പെടാത്ത പക്ഷം, നിയമത്തിന് മുന്‍പോ പിന്‍പോ വഖഫ് സ്വത്തായി പരിഗണിക്കപ്പെട്ടിരുന്ന വസ്തുവകകളെല്ലാം അസാധുവാകും. നിലവില്‍ ഒരു വഖഫ് സ്വത്തിന്‍റെ അവകാശത്തില്‍ പരാതിയുയര്‍ന്നാല്‍ പരിശോധന നടത്താനും അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനുമുള്ള അവകാശം വഖഫ് ട്രൈബ്യൂണലിനാണ്. എന്നാല്‍ ഭേദഗതിയോടെ, തർക്കവസ്തുവിലും അന്തിമ ഉത്തരവ് കലക്ടറിന്‍റേതാകും. വഖഫ് ബോർഡിന് കളക്ടർ തീരുമാനത്തിൽ തർക്കമുണ്ടെങ്കിൽ അതത് ഹൈക്കോടതികളിൽ അപ്പീൽ നൽകാം.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളും
വഖഫ് ബോര്‍ഡ് സിഇഒ മുസ്ലിം വിഭാഗക്കാരന്‍ ആയിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബിൽ ഒഴിവാക്കുന്നു. സിഇഒയെ നിയമിക്കുന്നത് ബോര്‍ഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും ബില്ലിൽ ഇല്ല. ഇതോടെ സംസ്ഥാന സർക്കാരുകള്‍ക്ക് സ്വതാത്പര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നാകും.
മാത്രമല്ല വഖഫ് സ്വത്തുക്കളുടെ ഓഡിറ്റിംഗ് കേന്ദ്രസർക്കാർ നിയമിക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ കീഴിലാകും. അതായത്, എപ്പോള്‍ വേണമെങ്കിലും, ഏത് വഖഫിന്‍റെയും ഓഡിറ്റിംഗ് നടത്താനും, സ്വത്തുവിവരങ്ങളില്‍ ഭേദഗതി വരുത്താനും കേന്ദ്രസർക്കാരിന് നേരിട്ട് അവകാശം ലഭിക്കും. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡിലും മുസ്ലിം ഇതര മതസ്ഥരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തും. വഖഫ് ബോര്‍ഡുകളില്‍ ഷിയ, സുന്നി, ബോറകള്‍, ആഗാഖാനികള്‍ എന്നീ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം നല്‍കും എന്നിങ്ങനെയാണ് 1995ലെ വഖഫ് നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതികള്‍.
പ്രതിപക്ഷ പ്രതിഷേധം
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, വലിയ പ്രശ്നങ്ങൾ ഉടലെടുക്കുമെന്ന വിമർശനമാണ് മുസ്ലീം നേതാക്കളുൾപ്പെടെ ഉന്നയിക്കുന്നത്. വഖഫ് ബോർഡിൻ്റെ സ്വയംഭരണാവകാശം എടുത്തുകളയാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആഗ്രഹിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറയുന്നു . ഇത് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും നേതാവ് പറഞ്ഞു.
ബിൽ നിയമമായതിന് ശേഷം വഖഫിൽ ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെ യുപിയിലെ വഖഫ് സ്വത്തുകളില്‍ നടന്ന സർക്കാർ സർവേയും, ഡല്‍ഹിയില്‍ വഖഫ് അവകാശത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതുമടക്കമുള്ള ഉദാഹരണങ്ങളാണ് ഈ ഭേദഗതിയുയർത്തുന്ന വെല്ലുവിളികളായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്.
എന്നാൽ വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുകയും ഈ ബോഡികളിൽ സ്ത്രീകളെ നിർബന്ധമായും ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഭേദഗതി ബില്ലിന് പിന്നിലെ ആശയമെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുസ്ലീം സമുദായത്തിനുള്ളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്നുള്ള ന്യായീകരണവും കേന്ദ്രം ഉയർത്തുന്നുണ്ട്.