അടിയന്തര സാഹചര്യങ്ങളുടെ കൈത്താങ്ങ്; എന്താണ് ബെയ്‌ലി പാലങ്ങൾ?

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്
ബെയ്‌ലി പാലം
ബെയ്‌ലി പാലം
Published on

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ നാടാകെ വിറങ്ങലിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാ​ഗമായി നാടെങ്ങും ഒറ്റക്കെട്ടായി കൈകോർക്കുകയാണ്. ഇന്നലെ സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവർത്തകർ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ന് സൈന്യം ബെയ‌്ലി പാലം നിർമിക്കാനുള്ള ഉപകരണങ്ങളുമായി വയനാട്ടിലേക്ക് എത്തി. എന്താണ് ഈ ബെയ‌്ലി പാലങ്ങൾ? എന്തിനാണ് ഇവ പ്രധാനമായും ഉപയോ​ഗിക്കുന്നത്?

എന്താണ് ബെയ‌്ലി പാലങ്ങള്‍

ഒരു തരം പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലങ്ങൾ. ദുരന്ത നിവാരണം, സൈനിക ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് ബെയ‌്ലി പാലങ്ങൾ പ്രധാനമായും ഉപയോ​ഗിക്കുക. മുമ്പുതന്നെ നിർമിച്ചുവെച്ച പാലങ്ങളുടെ പോർട്ടബിൾ മോഡൽ അവശ്യസ്ഥലത്ത് എത്തിക്കുകയും പെട്ടന്നുതന്നെ കൂട്ടിച്ചേർത്തുമാണ് ഇത് നിർമിക്കുന്നത്.

കേരളത്തിൽ ആദ്യം

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ‌്ലി പാലം നിർമിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. പമ്പാനദിക്ക് കുറുകെയുള്ള റാന്നിയിലെ പാലം തകർന്നപ്പോഴാണ് ഈ സംവിധാനം ആദ്യമായി ഉപയോ​ഗിച്ചത്. പിന്നീടുള്ള രണ്ടുമാസത്തേക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരമുള്ള വാഹനങ്ങൾ അടക്കം പോയിക്കൊണ്ടിരുന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയ‌്ലി പാലം നിർമിച്ചത്. എന്നാൽ ആദ്യമായി സൈനികാവശ്യത്തിനായി ബെയ‌്ലി പാലം ഉപയോ​ഗിച്ചത് കശ്മീരിലായിരുന്നു.

ബെയ‌്ലി പാലത്തിന്റെ ​ഗുണങ്ങൾ

ബെയ‌്ലി പാലങ്ങൾ നിർമിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും, സ്റ്റീൽ കൊണ്ടും മുമ്പു തന്നെ ഉണ്ടാക്കിയിട്ടുള്ള പോർട്ടബിളായ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമാണ്. അതുകൊണ്ടുതന്നെ, ഇത് ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടു തന്നെ വെച്ചുപിടിപ്പിക്കാം. ക്രെയ്നിന്റെ ആവശ്യം വരുന്നില്ല. പെട്ടന്ന് നിർമിക്കാൻ സാധിക്കുമെങ്കിലും ഇവ നല്ല ഉറപ്പുള്ളവയാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടു പോകാം. നിർമാണ സമയത്തുതന്നെ ഇവയെ ചെറുവഴികളായും നമുക്ക് ഉപയോ​ഗിക്കാൻ സാധിക്കും. സാഹചര്യം കലുഷിതമാണെങ്കിൽ, ​ഗതാ​ഗതത്തിനും രക്ഷാപ്രവർത്തനത്തിനുമെല്ലാം അനുയോജ്യമായ സംവിധാനമാണ് ബെയ‌്ലി പാലങ്ങൾ.

എന്തുകൊണ്ട് ബെയ‌്ലി എന്ന പേര്.?

1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ‌്ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യത്തിനായിട്ടായിരുന്നു ഇത്. അക്കാലത്തെല്ലാം വെറുമൊരു ഒരു ഹോബിയായിട്ടാണ് ബെയ‌്ലി പാലങ്ങൾ നിർമിച്ചുകൊണ്ടിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നത ഉദ്യോഗസ്ഥനെ കാണിക്കുകയും അതിൽ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമിക്കാൻ അനുമതി നൽകുകയുമായിരുന്നു. മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ  എസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയായിരുന്നു. പല തരത്തിൽ പാലം നിർമിച്ചുനോക്കി. താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിർമിച്ചത്.

ഇന്നും അവിടെ ഈ പാലം ഉപയോ​ഗയോ​ഗ്യമാണ്. അങ്ങനെ അനേകം പരീക്ഷണ നിർമാണങ്ങള്‍ക്കും ഉപയോഗത്തിനും ശേഷം ഈ പാലം, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകി. 1944 ആയപ്പൊഴേക്കും ഇതു കൂടുതൽ പ്രചാരത്തിലായി. പാലത്തിന്റെ നിർമാണത്തിനായി യുഎസ് അനുമതി നൽകി. അവർ അവരുടേതായ രൂപകല്പനയാണ് പാലം നിര്‍മിക്കുന്നതിനായി പിന്നീട് പിന്തുടർന്നിരുന്നത്.

ബെയ‌്ലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം വയനാട്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബെയ‌്ലി പാലത്തിന്റെ ഭാ​ഗങ്ങളോടെ വന്നിറങ്ങി. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിര്‍മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com