ഫോൺ ഹാക്ക് ചെയ്തുവെന്ന് ഗോപാലകൃഷ്ണൻ ഐഎഎസിന്റെ വിശദീകരണം
മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ആണ് ഗ്രൂപ്പ് അഡ്മിൻ. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്' എന്നാണ് ഗ്രൂപ്പിന്റെ പേര്. എന്നാൽ ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തൻ്റെ ഫോൺ ഹാക്ക് ചെയ്തുവെന്നാണ് ഗോപാലകൃഷ്ണൻ ഐഎഎസിന്റെ വിശദീകരണം. ഹാക്കിങ് എന്ന് കാണിച്ചു ഗ്രൂപ്പ് അംഗങ്ങൾക്ക് താൻ സന്ദേശം അയച്ചതായും, സംഭവത്തിൽ സൈബർ പൊലീസിന് പരാതി നൽകിയെന്നും കെ. ഗോപാലകൃഷ്ണൻ ഐഎഎസ് വ്യക്തമാക്കി.
ALSO READ: പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്: ഏജൻസിക്ക് ക്വട്ടേഷൻ നൽകിയതിൽ കാലതാമസം വരുത്തിയോ എന്നതിൽ അന്വേഷണം
ഗ്രൂപ്പ് ഡിലീറ്റായതിന് പിന്നാലെ ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് കെ. ഗോപാലകൃഷ്ണൻ സന്ദേശമയച്ചിരുന്നു. 'തൻ്റെ മൊബൈൽ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. തുടർന്ന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്‌തെന്നും, മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻതന്നെ ഫോൺ മാറ്റുമെന്നുമാണ് ഗോപാലകൃഷ്ണൻ ഐഎഎസ് സഹപ്രവർത്തകർക്ക് അയച്ച സന്ദേശം.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവീസിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായ ഗ്രൂപ്പിന്റെ അഡ്മിൻ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ആയിരുന്നു. അംഗങ്ങളിൽ ചിലർ വാട്സ് ആപ് ഗ്രൂപ്പിനെപ്പറ്റിയുള്ള ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചതായും സൂചനയുണ്ട്. അതിന് ശേഷമാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുന്നത്.