ഡൊണാൾഡ് ട്രംപ് അധികാരത്തിലിരിക്കുന്ന സമയത്ത് സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി കശ്യപ് പട്ടേലിനെ തിരഞ്ഞെടുക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം
പല തെരഞ്ഞെടുപ്പ് പ്രവചനങ്ങളെയും പിന്തള്ളി കൊണ്ട് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫലം പുറത്തുവന്നപ്പോള്‍ ജയിക്കാന്‍ ആവശ്യമായ 270 എന്ന സംഖ്യയേയും മറികടന്ന് 295 ന്‍റെ വലിയ ലീഡിലേക്ക് ട്രംപ് ഇതിനകം എത്തിയിട്ടുണ്ട്. എതിർ സ്ഥാനാർഥിയായ കമല ഹാരിസിന് 226 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഈ ഘട്ടത്തിൽ ചർച്ചയാകുന്ന മറ്റൊരു പേരാണ് ഇന്ത്യൻ വംശജനായ കശ്യപ് കാഷ് പട്ടേൽ. ഡൊണാൾഡ് ട്രംപിന് വേണ്ടി "എന്തും ചെയ്യുന്ന" മനുഷ്യൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ട്രംപ് അധികാരത്തിലെത്തുന്നതോടു കൂടി സിഐഎ തലപ്പത്തേക്ക് പട്ടേൽ നിയമിക്കപ്പെട്ടേക്കാമെന്ന സൂചനകൾ ശക്തമായി തന്നെ ഉയരുന്നുണ്ട്. ഡൊണാൾഡ് ട്രംപ് അധികാരത്തിലിരിക്കുന്ന സമയത്ത് സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി കശ്യപ് പട്ടേലിനെ തെരഞ്ഞെടുക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആരാണ് കശ്യപ് കാഷ് പട്ടേൽ
ഗുജറാത്തി വംശജനായ കശ്യപ് കാഷ് പട്ടേൽ കിഴക്കൻ ആഫ്രിക്കയിലാണ് വളർന്നത്. അദ്ദേഹത്തിൻ്റെ പിതാവ് 1970-കളിൽ ഉഗാണ്ടയിൽ നിന്ന് യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്നാണ് ദി അറ്റ്ലാൻ്റിക് റിപ്പോർട്ട് ചെയ്യുന്നത്. 1980-ൽ ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് പട്ടേൽ ജനിച്ച് വളർന്നത്. അദ്ദേഹത്തിൻ്റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഫൈൽ അനുസരിച്ച്, ന്യൂയോർക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് പട്ടേൽ റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഫാക്കൽറ്റി ഓഫ് ലോസിൽ നിന്ന് ഇൻ്റർനാഷണൽ ലോയിൽ നിയമ ബിരുദവും നേടി.
ക്രിസ്റ്റഫർ മില്ലർ ഡിഫൻസ് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. അതിനുമുമ്പ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. ട്രംപിൻ്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ സ്ഥാനം നേടിയ ഒരാളാണ് കശ്യപ് കാഷ് പട്ടേൽ.
2016 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനുള്ള റഷ്യൻ സജീവ നടപടികളുടെ പ്രചാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ അദ്ദേഹം, ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇൻ്റലിജൻസ് ഹൗസ് പെർമനൻ്റ് സെലക്ട് കമ്മിറ്റിയുടെ മുതിർന്ന അഭിഭാഷകനും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒരു പബ്ലിക് ഡിഫൻഡറായി തൻ്റെ കരിയർ ആരംഭിച്ച പട്ടേൽ, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറൽ കോടതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിരവധി കേസുകൾ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 2019-ൽ അന്നത്തെ ട്രംപ് ഭരണകൂടത്തിൽ അഭിഭാഷകനായി പട്ടേൽ ജോയിൻ ചെയ്തതോടെ റാങ്കുകൾ അതിവേഗം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
തൻ്റെ ഭരണത്തിൻ്റെ അവസാന ആഴ്ചകളിൽ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി പ്രഖ്യാപിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടു. എന്നാൽ കഴിഞ്ഞ വർഷം യുവ റിപ്പബ്ലിക്കൻമാരുടെ ഒരു ആഘോഷത്തിൽ, "തയ്യാറാകൂ, കാഷ്, തയ്യാറാകൂ" എന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇത്തവണയും സിഐഎ തലപ്പത്തേക്ക് എത്താൻ സാധ്യത കൂടുതലുള്ള വ്യക്തിയാണ് പട്ടേൽ എന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.