സെബിയുടെ നേതൃപദവിയിലെത്തുന്ന ആദ്യ വനിതയാണ് മുംബൈ സ്വദേശിയായ മാധബി പുരി ബുച്ച്
മാധബി പുരി ബുച്ച്
കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാമ്പത്തിക ഉദ്യോഗസ്ഥയായാണ് മാധബി പുരി ബുച്ചിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. 1966ല്‍ മുംബൈയില്‍ ജനിച്ച മാധബി പഠനകാലത്ത് തന്നെ ഗണിതശാസ്ത്രത്തിലും ഫിനാന്‍സിലും ശക്തമായ അടിത്തറ രൂപപ്പെടുത്തിയിരുന്നു. ഐഐഎം അഹമ്മദാബാദില്‍ നിന്ന് എംബിഎ ബിരുദം നേടി. 1989ല്‍ ഐസിഐസിഐലൂടെയാണ് ബാങ്കിങ് സെക്ടറിലേക്കുള്ള മാധബി പുരി ബുച്ചിന്‍റെ കടന്നുവരവ്. ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് മുതല്‍ മാര്‍ക്കറ്റിങ്, പ്രൊഡക്ട് ഡെവലപ്‌മെന്‍റ് എന്നിവയിലും ശ്രദ്ധേയമായ പ്രകടനം നടത്തി.
മികച്ച നേതൃപാടവവും സാമ്പത്തിക അച്ചടക്കവും 2009-ല്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ സിഇഒ കസേരയിലേക്കും മാധബിയെ എത്തിച്ചു. നൂതന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചും മാര്‍ക്കറ്റ് ഷെയര്‍ ഉയര്‍ത്തിയും ഐസിഐസിഐ സെക്യൂരിറ്റിസ് മാധബിയുടെ മേല്‍നോട്ടത്തില്‍ മികച്ച വിജയം ഇക്കാലത്ത് കൈവരിച്ചു.
ഐസിഐസിഐ വിട്ട ശേഷം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ണായക സ്ഥാനങ്ങള്‍ മാധബിയെ തേടിയെത്തി. ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെൻ്റ് ബാങ്ക്, ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിൻ്റെ സിംഗപ്പൂർ ഓഫീസന്‍റെ ചുമതലക്കാരി തുടങ്ങിയ സ്ഥാനങ്ങള്‍ അവര്‍ ഇക്കാലത്ത് വഹിച്ചു. ആഗോള സാമ്പത്തിക വിപണികളെ കുറിച്ചുള്ള വിശാലമായ അറിവ് നേടാന്‍ ഈ ജോലികൾ അവരെ സഹായിച്ചു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം, ഐഡിയ സെല്ലുലാർ ലിമിറ്റഡ് , എൻഐഐടി ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. 2017-ൽ സെബിയുടെ ഹോൾ ടൈം മെമ്പറായി. മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ പ്രധാന പോർട്ട്‌ഫോളിയോകൾ ഇക്കാലത്ത് അവര്‍ കൈകാര്യം ചെയ്തു. അന്നത്തെ സെബി ചെയർപേഴ്‌സൺ അജയ് ത്യാഗിയുടെ പിന്തുണ സെബിയില്‍ മാധബിയുടെ സ്വാധീനം ഊട്ടി ഉറപ്പിച്ചു.
2022 മാർച്ചിൽ, സെബിയുടെ നേതൃപദവിയിലെത്തുന്ന ആദ്യ വനിതയായി മാധബി പുരി ബുച്ച് മാറി. ഇന്ത്യൻ ധനകാര്യ രംഗത്തെ ഒരു നാഴികക്കല്ലായാണ് ഈ നിയമനം വിശേഷിപ്പിക്കപ്പെട്ടത്. സെബി ചെയർപേഴ്സൺ എന്ന നിലയിൽ, റെഗുലേഷന്‍, സൂപ്പര്‍വിഷന്‍, സര്‍വൈലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകളുടെ മേൽനോട്ടം വഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻഐഎസ്എം) മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇന്ത്യയുടെ സാമ്പത്തിക വിപണിയെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള നയപരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും മാധബിയുടെ നേതൃത്വം നിർണായക പങ്കുവഹിച്ചു. 21-ാം വയസിലായിരുന്നു എഫ്എംസിജി മൾട്ടിനാഷണൽ യൂണിലിവറിൽ ഡയറക്ടറായിരുന്ന ധവാൽ ബുച്ചുമായുള്ള മാധബിയുടെ വിവാഹം.
2008 -ലെ മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മാധബിയും ഉണ്ടായിരുന്നു. യൂണിലിവർ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ ഭർത്താവിനൊപ്പം താജ് ഹോട്ടലില്‍ മാധബിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.