fbwpx
മാർക്സും ലെനിനും ചേരുന്ന 'മർലേന'; ആരാണ് പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി?
logo

ശരത് ലാൽ സി.എം

Last Updated : 17 Sep, 2024 06:31 PM

മുഖ്യമന്ത്രി പദം രാജിവെച്ചൊഴിഞ്ഞ കെജ്‌രിവാൾ, അഗ്നിശുദ്ധി വരുത്തി മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താൻ ഏറ്റവും ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പകരമൊരു കാവൽ മുഖ്യമന്ത്രിയെ തേടാൻ ആം ആദ്മി പാർട്ടി കൊണ്ടുപിടിച്ച ചർച്ചകൾ തുടങ്ങിയത്.

EXPLAINER


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചൊഴിയുമ്പോൾ പകരം, അഴിമതിയുടെ കറപുരളാത്തൊരു നേതൃമുഖം ആം ആദ്മി പാർട്ടിക്ക് മുന്നോട്ടുവെക്കേണ്ടതുണ്ടായിരുന്നു. ഒപ്പം പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദശാസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാൻ കരുത്തും പ്രാപ്തിയുമുള്ള ഒരു നേതാവിനെയായിരുന്നു അവർക്ക് ആവശ്യം.

മുഖ്യമന്ത്രി പദം രാജിവെച്ചൊഴിഞ്ഞ കെജ്‌രിവാൾ, അഗ്നിശുദ്ധി വരുത്തി മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താൻ ഏറ്റവും ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പകരമൊരു കാവൽ മുഖ്യമന്ത്രിയെ തേടാൻ ആം ആദ്മി പാർട്ടി കൊണ്ടുപിടിച്ച ചർച്ചകൾ തുടങ്ങിയത്. ഒടുവിൽ അവർക്കൊരു പേര് ലഭിച്ചു, അതിഷി മർലേന. ബിജെപി നേതാവ് സുഷമ സ്വരാജിനും കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാമതൊരു വനിത കൂടിയെത്തുകയാണ്.


ആം ആദ്മിയുടെ മുഖച്ഛായ മാറ്റുമോ അതിഷി?

മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് കൽക്കാജിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അതിഷി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആയിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ആദ്യ ടാർഗറ്റ്. സിസോദിയയെ ജയിലടച്ച് എഎപിയെ സമ്മർദ്ദത്തിലാക്കാമെന്ന ആദ്യ നീക്കം ഫലിച്ചെങ്കിലും, പകരം ആ സ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിയോഗിച്ചത് അതിഷി മർലേനയെന്ന തുറുപ്പുചീട്ടിനെയായിരുന്നു.

കെജ്‌രിവാളും സിസോദിയയും ജയിലിൽ കഴിയുമ്പോൾ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ വനിതാ നേതാവായ അതിഷി മുൻനിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 15ന്, ഡൽഹി സർക്കാരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കെജ്‌രിവാൾ തിരഞ്ഞെടുത്തതും അതിഷിയെയായിരുന്നു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ പദ്ധതികൾ പലതും പരാജയപ്പെടുത്തിയതോടെ, എഎപി നേതൃത്വം അതിഥിയിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുണ്ട്.

2015 ജൂലൈ മുതൽ 2018 ഏപ്രിൽ 17 വരെ വിദ്യാഭ്യാസ മന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അതിഷി. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥിയായ അതിഷി, ഡൽഹിയിലെ സ്കൂളുകളിൽ വിദ്യാഭ്യാസ നയം പരിഷ്ക്കരിക്കുന്നതിനുള്ള ആം ആദ്മി പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്.



വിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിച്ച നേതാവ്


അതിഷിയുടെ ദീർഘവീക്ഷണങ്ങളുടെ കരുത്തിൽ ഡൽഹിയിൽ വിദ്യാഭ്യാസ മേഖലയിൽ വലിയൊരു പരിവർത്തനം തന്നെ സൃഷ്ടിക്കാനായി. ഡൽഹിയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായതും, വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റികൾ രൂപീകരിക്കാനായതും, സ്വകാര്യ സ്കൂളുകളുടെ അനിയന്ത്രിതമായ ഫീസ് വർധന നിയന്ത്രിക്കാനായതും അതിഷിയുടെ നേതൃമികവിലായിരുന്നു.

ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ അതിഷി, 2023 മുതൽ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, വനിതാ-ശിശുക്ഷേമം, സംസ്കാരികം എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. ഡൽഹിയിലെ വിദ്യാർഥികളുടെ വൈകാരിക വളർച്ച കൂടി ഉറപ്പാക്കുന്നതിനും, മെച്ചപ്പെട്ട ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, അതിഷി അവതരിപ്പിച്ച 'ഹാപ്പിനസ് കരിക്കുലം' ഏറെ പ്രശംസ നേടിയിരുന്നു.

READ MORE: അഭ്യൂഹങ്ങൾക്ക് വിട, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി


'മർലേന' എങ്ങനെ അതിഷിയായി?

1981 ജൂൺ 8നാണ് പഞ്ചാബ് സ്വദേശികളായ പ്രൊഫസർ വിജയ് സിംഗിൻ്റെയും ത്രിപ്ത വാഹിയുടെയും മകളായി മർലേന ജനിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളായ മാർക്സിൻ്റേയും ലെനിൻ്റേയും ആരാധകരായ ഈ ദമ്പതികൾ, ഇരുവരുടെയും പേരുകൾ ചേർത്തുവെച്ചാണ് മകൾക്ക് 'മർലേന' എന്ന് പേരിട്ടത്. 2018ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായാണ് എല്ലാവർക്കും കൂടുതൽ അടുപ്പം തോന്നിക്കുന്ന അതിഷി എന്ന പേര് സ്വീകരിച്ചത്.

മർലേന തൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസം ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്നാണ് പൂർത്തിയാക്കിയത്. 2001ൽ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നാണ് അവൾ ചരിത്രത്തിൽ ബിരുദം നേടിയത്. അതിന് ശേഷം ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും ചേർന്നു. അവിടെ സ്‌കോളർഷിപ്പോടെ പഠിച്ച് 2003ൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നാലെ ബ്രിട്ടനിലെ റോഡ്‌സ് കൂടി കരസ്ഥമാക്കിയ അതിഷി 2005ൽ ഓക്സ്‌ഫോർഡിലെ മഗ്ദലെൻ കോളേജിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്.



രാഷ്ട്രീയ പ്രവേശനം

നിലവിൽ 43കാരിയായ അതിഷി 2013ലാണ് ആം ആദ്മി പാർട്ടിക്കൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാർട്ടിയുടെ നയരൂപീകരണത്തിൽ പങ്കാളിയായിരുന്ന അവർ, 2015ൽ മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ ജല സത്യാഗ്രഹത്തിലൂടെ പാർട്ടിയുടെ മുൻനിര പോരാളിയായി ഉയർന്നുവന്നു. എഎപി നേതാവ് അലോക് അഗർവാളിന് ഉറച്ച പിന്തുണയേകി, പ്രതിഷേധങ്ങളിലും സമരങ്ങളിലും നിയമ പോരാട്ടങ്ങളിലും അവർ അടിയുറച്ചു നിന്നു.

2019ൽ ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്നും എഎപി സ്ഥാനാർഥിയായി മത്സരിച്ചു. ബിജെപിയുടെ ഗൗതം ഗംഭീറിനോട് 4.5 ലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽവിയേറ്റു വാങ്ങി. പിന്നീട് 2020ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. ബിജെപിയുടെ ധരംബീർ സിംഗിനെയാണ് അവർ തോൽപ്പിച്ചത്.


KERALA
കോഴിക്കോട് താമരശ്ശേരിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു; മോഷ്ടാവിനെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
ഹണി റോസിനെതിരെ മോശം പരാമർശം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി