fbwpx
രാം ചരണിന്റെ പ്രതിഫലം പോലും ഇത്രയില്ല; ഗെയിം ചെയ്ഞ്ചറില്‍ പാട്ടുകള്‍ക്കു വേണ്ടി ചെലവാക്കിയത് 75 കോടി
logo

ന്യൂസ് ഡെസ്ക്

Posted : 02 Jan, 2025 08:59 PM

90 ശതമാനം തെലുങ്ക് സിനിമകളുടെയും മുഴുവന്‍ ബജറ്റിനേക്കാള്‍ കൂടുതലാണ് ഗെയിം ചെയ്ഞ്ചറിലെ നാല് പാട്ടുകളുടെ ചെലവ്

TELUGU MOVIE


അല്ലു അര്‍ജുന്റെ പുഷ്പ 2 തീര്‍ത്ത ഓളം കഴിഞ്ഞു, ഇനി ഗെയിം ചേഞ്ചറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആര്‍ആര്‍ആറിനു ശേഷം ഒരു ബ്ലോക്ക് ബസ്റ്റര്‍ സമ്മാനിക്കാന്‍ രാം ചരണിന് കഴിഞ്ഞിട്ടില്ല. ആര്‍ആര്‍ആറിനു ശേഷം പുറത്തിറങ്ങിയ ആചാര്യ സമ്പൂര്‍ണ പരാജയമായിരുന്നു.

ഇനി പ്രതീക്ഷ ശങ്കര്‍ ഒരുക്കുന്ന ഗെയിം ചെയ്ഞ്ചറിലാണ്. മേക്കിങ് കൊണ്ടും ബജറ്റ് കൊണ്ടുമെല്ലാം ഇതിനകം ചര്‍ച്ചാ വിഷയമായിട്ടുണ്ട് ഗെയിം ചേയ്ഞ്ചര്‍. ബോളിവുഡ് നടി കിയാര അദ്വാനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ശങ്കര്‍ ആദ്യമായി ഒരുക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയോടെയാണ് ഗെയിം ചെയ്ഞ്ചര്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നാണ് പുറത്തിറങ്ങിയത്.

പതിവ് ശങ്കര്‍ സ്റ്റൈലില്‍ തന്നെയാണ് ഗെയിം ചെയ്ഞ്ചറും ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറുകള്‍ സൂചിപ്പിക്കുന്നത്. രാം ചരണ്‍ വ്യത്യസ്ത വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നു.

ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗെയിം ചെയ്ഞ്ചറിലെ പാട്ടുകളെ കുറിച്ചാണ്. സിനിമയുടെ ആകെ ബജറ്റില്‍ വലിയൊരു പങ്കും ഉപയോഗിച്ചത് ഗാനചിത്രീകരണത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പാട്ടുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. നാലിലും പതിവ് 'ശങ്കര്‍ ടച്ച്' വ്യക്തം. ദൃശ്യമികവിനേക്കാള്‍ എല്ലാവരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഈ നാല് പാട്ടിനു വേണ്ടി ചെലവഴിച്ച തുക കേട്ടാണ്.

400 കോടിയിലേറെയാണ് സിനിമയുടെ ആകെ ബജറ്റ്. ഇതില്‍ നാല് പാട്ടുകള്‍ക്കു വേണ്ടി മാത്രം ചെലവാക്കിയ തുക 75 കോടിയും. 90 ശതമാനം തെലുങ്ക് സിനിമകളുടെയും മുഴുവന്‍ ബജറ്റിനേക്കാള്‍ കൂടുതലാണ് ഗെയിം ചെയ്ഞ്ചറിലെ പാട്ടുകളുടെ ആകെ ചെലവ്!


ALSO READ: സ്‌ക്വിഡ് ഗെയിം 3 എന്നെത്തും? റിലീസ് തീയതി അറിയാതെ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ് കൊറിയ


ചിത്രത്തിനായി നായകന്‍ രാം ചരണ്‍ വാങ്ങിയ പ്രതിഫലം പോലും ഇത്രയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നൂറ് കോടിയായിരുന്നത്രേ രാം ചരണ്‍ ആദ്യം ആവശ്യപ്പെട്ട പ്രതിഫലം. എന്നാല്‍, സിനിമയുടെ ബജറ്റ് കുത്തനെ കൂടിയതോടെ, രാം ചരണും സംവിധായകന്‍ ശങ്കറും പ്രതിഫലം കുറയ്ക്കുകയായിരുന്നു. 65 കോടിയാണ് രാം ചരണ്‍ ചിത്രത്തിനായി വാങ്ങിയ തുക. ശങ്കറിന്റെ പ്രതിഫലമാകട്ടെ, വെറും 35 കോടി രൂപയും.


ജരഗണ്ടി, രാ മച്ചാ മച്ചാ, നാനാ ഹൈരാനാ, ധോപ്പ് എന്നിങ്ങനെ നാല് പാട്ടുകളാണ് സിനിമയിലുള്ളത്. നാലും വ്യത്യസ്ത പശ്ചാത്തലത്തില്‍ വ്യത്യസ്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോ പാട്ടിനും നിരവധി പ്രത്യേകതകളുമുണ്ട്.

ജരഗണ്ടി എന്ന് തുടങ്ങുന്ന ഗാനം പ്രഭുദേവയാണ് ഒരുക്കിയിരിക്കുന്നത്. 600 നര്‍ത്തകരെ അണിനിരത്തി 13 ദിവസമെടുത്താണ് ഗാനം ചിത്രീകരിച്ചത്. പരിസ്ഥിതി സൗഹാര്‍ദമായി ചണം കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങളാണ് ഈ ഗാനത്തില്‍ അഭിനേതാക്കള്‍ ധരിച്ചിരിക്കുന്നത്.

ALSO READ: മഹേഷ് ബാബു-രാജമൗലി ചിത്രം; പൂജ ചടങ്ങ് പൂര്‍ത്തിയായി


1000 നര്‍ത്തകരെ അണിനിരത്തി ഒരുക്കിയ രാ മച്ചാ മച്ചാ എന്ന ഗാനം ഇന്ത്യന്‍ നാടോടി നൃത്തത്തിനുള്ള ആദരമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗണേഷ് ആചാര്യയാണ് കൊറിയോഗ്രാഫര്‍. കര്‍ണാടിക്, പശ്ചാത്യ സംഗീതത്തിന്റെ സമന്വയമാണ് നാനാ ഹൈരാന എന്ന് തുടങ്ങുന്ന ഗാനം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഇന്‍ഫ്രാറെഡ് ക്യാമറയില്‍ ഷൂട്ട് ചെയ്ത ഗാനമാണിത്. ന്യൂസിലന്‍ഡിലായിരുന്നു ചിത്രീകരണം. ധോപ്പ് എന്ന് തുടങ്ങുന്ന പാട്ടിന്റെ നൃത്ത സംവിധാനം ജാനി മാസ്റ്ററാണ്. 100 റഷ്യന്‍ നര്‍ത്തകരാണ് ഈ ഹൈ എനര്‍ജി പാട്ടില്‍ ചുവട് വെക്കുന്നത്. എട്ട് ദിവസമെടുത്താണ് ഗാനരംഗം ചിത്രീകരിച്ചത്.

ജനുവരി പത്തിനാണ് ഗെയിം ചെയ്ഞ്ചര്‍ തിയേറ്ററില്‍ എത്തുന്നത്. തെലുങ്കിന് പുറമേ, തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പുറത്തിറങ്ങും.

KERALA
സംസ്ഥാന സ്കൂൾ കലോത്സവം: അവസാന നിമിഷം വേദികളിൽ മാറ്റം, മത്സരങ്ങളും പുനഃക്രമീകരിച്ചു
Also Read
user
Share This

Popular

WORLD
KERALA
WORLD
നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ