പശ്ചിമ ബംഗാളിൽ ആൾക്കൂട്ടത്തിനു മുന്നിൽ സ്ത്രീയ്ക്ക് മർദ്ദനം; നീതി എവിടെയെന്ന് മമതയോട് പ്രതിപക്ഷം

വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നതും, മുടിയിൽ പിടിച്ച് ചവിട്ടുന്നതും, വേദനകൊണ്ട് സ്ത്രി അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം
പശ്ചിമ ബംഗാളിൽ ആൾക്കൂട്ടത്തിനു മുന്നിൽ സ്ത്രീയ്ക്ക് മർദ്ദനം; നീതി എവിടെയെന്ന് മമതയോട് പ്രതിപക്ഷം
Published on

പശ്ചിമ ബംഗാളിൽ ആൾക്കൂട്ടം നോക്കി നിൽക്കെ ഒരു സ്ത്രീയുൾപ്പെടെ രണ്ടു പേര്‍ക്ക് നേരെ ക്രൂരമർദ്ദനം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയാണ് പ്രതിക്ഷ പാർട്ടികൾ. പ്രാദേശിക പ്രശ്നങ്ങളിൽ 'തൽക്ഷണ നീതി' നടപ്പാക്കുന്ന, തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുള്ള തജെമുൾ എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു.

വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിലാണ് സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് പ്രതിയുടെ ആക്രമണം. വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നതും, മുടിയിൽ പിടിച്ച് ചവിട്ടുന്നതും, വേദനകൊണ്ട് സ്ത്രീ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു.

അതേസമയം, അക്രമികളെ വെറുതെ വിടില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇത് ഹീനമായ കുറ്റകൃത്യമാണ്. പ്രതി ഏത് പാർട്ടിക്കാരനാണെന്നോ, രാഷ്ട്രീയ ബന്ധമോ അറിയാൻ തങ്ങള്‍ക്ക് താൽപര്യമില്ല. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തൃണമൂൽ വക്താവ് റിജു ദത്ത പറഞ്ഞു.

"സ്ത്രീയെ ദാരുണമായി മർദ്ദിക്കുന്ന വീഡിയോയിൽ കാണുന്നയാള്‍ പയ്യൻ തജേമുലാണ്. 'ഇൻസാഫ് സഭ'യിലൂടെ തൽക്ഷണം നീതി നടപ്പാക്കുന്നതിൽ പ്രശസ്തനും, ചോപ്ര എംഎൽഎ ഹമീദുർ റഹ്മാൻ്റെ അടുത്ത അനുയായിയുമാണ്" ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ത്രീകൾക്കൊരു ശാപമാണെന്നും ബംഗാളിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരാഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com