ഗാസയില്‍ മരിച്ചവരുടെ കണക്കുകള്‍ എത്രയാണ്? അക്കങ്ങള്‍ നിരത്തി സമര്‍ഥിച്ചാലും, ആ കണക്കില്‍ മാനവികതയും അന്താരാഷ്ട നീതിന്യായ സംവിധാനങ്ങളും തോറ്റുപോകും.
ഗാസയിലെ അമ്മമാര്‍
ജൂലൈ 17 അന്താരാഷ്ട്ര നീതി ദിനമാണ്. 1998ല്‍ വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയിൽ നിന്ന് ജനതയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിസി) സ്ഥാപക ഉടമ്പടിയായ റോം ചട്ടം അംഗീകരിച്ചതിൻ്റെ വാർഷികം. നീതിയെ പിന്തുണയ്ക്കാനും, ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ലോകത്തിൻ്റെ സമാധാനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ തടയാനും ആഗ്രഹിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുന്ന ദിനം.
ഗാസയില്‍ മരിച്ചവരുടെ കണക്കുകള്‍ എത്രയാണ്? അക്കങ്ങള്‍ നിരത്തി സമര്‍ഥിച്ചാലും, ആ കണക്കില്‍ മാനവികതയും അന്താരാഷ്ട നീതിന്യായ സംവിധാനങ്ങളും തോറ്റുപോകും. നിരന്തരം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നൊരു ജനതയെ ഏത് കണക്കുപുസ്തകത്തിലാണ് ഒതുക്കിനിര്‍ത്താനാവുക. ബോംബും മിസൈലും കവര്‍ന്നെടുത്ത ജീവനുകളെ എണ്ണിത്തിട്ടപ്പെടുത്താനാകും. എന്നാല്‍, തകര്‍ത്തെറിയപ്പെട്ട കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരണത്തിലേക്ക് പോയവരെ ഏങ്ങനെയാണ് അടയാളപ്പെടുത്തി വെക്കുക. കാണാതായവരെന്നോ...? നൂറിലധികം ലോറികള്‍ 15 വര്‍ഷമെങ്കിലും ശ്രമിച്ചാല്‍ മാത്രമേ, ഗാസയിലെ 40 മില്യണ്‍ ടണ്‍ വരുന്ന അവശിഷ്ടങ്ങള്‍ നീക്കാന്‍ സാധിക്കൂ എന്നാണ് യുഎന്‍ വിലയിരുത്തല്‍. ആര്‍ക്കെതിരെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത്. ഹമാസിനെ ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെങ്കില്‍, സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ സാധാരണക്കാര്‍ എന്തിന് കൊല്ലപ്പെടണം? അഭയാര്‍ഥി ക്യാംപുകളും സ്കൂളുകളും കുട്ടികളുടെ ആശുപത്രികളിലേക്കുമായി എന്തിന് ഇസ്രയേലിന്റെ മിസൈലുകള്‍ ചീറിപ്പായണം? അന്താരാഷ്ട്ര നീതി ദിനത്തിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. സമാധാനം കൊണ്ടുവരേണ്ടവര്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് പലസ്തീന്‍-ഇസ്രയേല്‍ പോരാട്ടത്തിന്. കൊളോണിയൽ ഭരണകൂടങ്ങൾ അധികാര വെറിയോടെ നാടുകള്‍ പിടിച്ചടക്കിയിരുന്നത്ര പഴക്കം. ഭരിച്ചും കൊള്ളയടിച്ചും മടുക്കുമ്പോള്‍ അവര്‍ മടങ്ങും. പോകുന്ന പോക്കില്‍, ഭൂമിയെ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പകുത്ത് അതിര്‍ത്തി തിരിക്കും. അങ്ങനെ അതിര്‍ത്തി തര്‍ക്കത്തിനും വൈര്യത്തിനും വിത്ത് പാകിയിട്ടാണ് കൊളോണിയല്‍ ഭരണാധിപന്മാര്‍ ദേശം വിടുക. പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ക്കുമുണ്ട് അങ്ങനെയൊരു വശം. ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന പലസ്തീൻ അടങ്ങുന്ന പ്രദേശം കയ്യടക്കി വെയ്ക്കുക എന്നത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അജണ്ടയായിരുന്നു. 1917ൽ ലോക മഹായുദ്ധ സമയത്ത് ബ്രിട്ടൻ മൂന്ന് ഉടമ്പടികളാണ് ഈ മണ്ണുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നത്. ഫ്രാൻസും ഒട്ടോമൻ ഭരണകൂടത്തെ എതിർക്കുന്ന അറബ് വിപ്ലവകാരികളും തമ്മിലുള്ള മക് മഹോൻ - ഹുസൈൻ കരാർ പ്രകാരം യുദ്ധാനന്തരം പലസ്തീൻ അറബുകൾക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. അതേസമയം, ജൂതരുമായുള്ള ബെൽഫോർ പ്രഖ്യാപന പ്രകാരം പലസ്തീൻ ജൂതർക്കാണ്. തീര്‍ന്നില്ല, ഫ്രാൻസും ബ്രിട്ടനുമായുള്ള സൈക്സ് -പൈക്കോട്ട് ഉടമ്പടി പ്രകാരം ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിലുള്ള പ്രദേശങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ വീതിക്കണം. യുദ്ധാനന്തരം പലസ്തീന്റെ ഭരണ ചുമതല ലീഗ് ഓഫ് നേഷൻസ് ബ്രിട്ടന് നൽകുന്നു. 1948ൽ ബ്രിട്ടന്‍ കോളനികളിൽനിന്നും പിന്മാറിയപ്പോൾ പലസ്തീനും ബന്ധപ്പെട്ട അതിർത്തി പ്രശ്നങ്ങളും യു.എന്നിനെ ഏൽപ്പിച്ചു. യു എൻ 55 ശതമാനം സ്ഥലം ജൂതർക്കും 45 ശതമാനം സ്ഥലം അറബികൾക്കും നൽകി. ജെറുസലേം അന്താരാഷ്ട്ര നിയന്ത്രണത്തിലുമായി. അവിടുന്നങ്ങോട്ട് യുദ്ധങ്ങളുടെ ചരിത്രമാണ്. ഇസ്രയേൽ വൻ ശക്തിയായി മാറി. പലസ്തീൻ ഗാസ സ്ട്രിപ്പും, വെസ്റ്റ് ബാങ്കുമായി കീറി മുറിക്കപ്പെട്ടു. പലസ്തീനിൽ നിന്നും പലായനങ്ങൾ തുടർക്കഥയായി.
ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളുടെ തുടക്കം 2023 ഒക്ടോബർ ഏഴിനായിരുന്നു. ഹമാസ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനം. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ മരിക്കുകയും 250 പേര്‍ ബന്ദികളാക്കപ്പെട്ടുവെന്നുമായിരുന്നു ഇസ്രയേല്‍ വാദം. രണ്ടുദിവസത്തിനിപ്പുറം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു പ്രഖ്യാപനം നടത്തി: "ഗാസ സ്ട്രിപ്പ് വളയാന്‍ ഉത്തരവിട്ടിരിക്കുകയാണ്. അവിടെ ഇനി വൈദ്യുതി ഉണ്ടാവില്ല, ഭക്ഷണം ഉണ്ടാവില്ല, ഇന്ധനവും ഉണ്ടാവില്ല. എല്ലാം തടഞ്ഞിരിക്കുന്നു. മനുഷ്യമൃഗങ്ങളെയാണ് ഞങ്ങള്‍ നേരിടുന്നത്. അതിനനുസരിച്ചായിരിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കുക". അതൊരു ഏകപക്ഷീയ യുദ്ധപ്രഖ്യാപനം ആയിരുന്നു. അതിന്റെ ബാക്കിപത്രമാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ 38,000 മനുഷ്യര്‍ ഗാസയില്‍ മരിച്ചുവെന്നാണ് യുഎന്‍ കണക്കുകള്‍. പക്ഷേ, മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ സലീം യൂസുഫും റാഷാ ഖത്തീബും പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് മരണസംഖ്യ 1,80,000 വരെ ഉയര്‍ന്നിരിക്കാമെന്നാണ്. 10,000 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ലേഖനം പറയുന്നു. ഇവരെ മരിച്ചവരായി കണക്കാക്കിയിട്ടില്ല. ഇവര്‍ കാണാതായവരാണ്, പേരില്ലാത്തവരാണ്. രേഖകളില്‍ അവര്‍ അജ്ഞാതരായി തുടരും.
തോക്കും ബോംബും മിസൈലുകളും ഉപയോഗിച്ചു മാത്രമല്ല ഇവിടെ യുദ്ധം. പട്ടിണിക്കിടുന്നതും, മുറിവേറ്റവര്‍ക്കും മൃതപ്രായരായവര്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ചികിത്സ നിഷേധിക്കുന്നതുമൊക്കെ പുതിയകാലത്തെ യുദ്ധമുറകളാണ്. വളഞ്ഞു പിടിച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആത്മസത്ത നശിപ്പിച്ച് മരണത്തിന് ഏല്‍പ്പിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. ഹിറ്റ്‌ലറിന്റെ കോണ്‍സൻട്രേഷന്‍ ക്യാമ്പുകളില്‍ ജൂതര്‍ നേരിടേണ്ടി വന്നതും ഇത്തരം പീഡനങ്ങളായിരുന്നു. പക്ഷെ, അതേ ജനത സ്വന്തം മുറിവുകളില്‍ നിന്നും പഠിച്ചത് വ്യത്യസ്തമായ പാഠമാണ്. ഇന്ന് ഗാസയിലെ 2.2 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലാണ് കഴിയുന്നത്. ഇന്റഗ്രേറ്റഡ് ഫുഡ് സേഫ്റ്റി ക്ലാസിഫിക്കേഷന്‍ കണക്കുകള്‍ പ്രകാരം ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നത്. പട്ടിണി മൂലം കുറഞ്ഞത് 25 കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. മൂന്നില്‍ ഒരു കുട്ടിക്ക് പോഷകാഹാരക്കുറവുമുണ്ട്. ഗാസയുടെ ദുരിതാവസ്ഥ ശ്രദ്ധിച്ച ലോകം സഹായഹസ്തങ്ങള്‍ നീട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍നിന്നുമുള്ള ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും മറ്റും നിറച്ച ട്രക്കുകള്‍ ഗാസ അതിര്‍ത്തികളിലെത്തി. എന്നാല്‍, ഇവയില്‍ ഏറെയും ഗാസയിലെ ജനങ്ങളിലേക്ക് എത്തിയില്ല. അതിര്‍ത്തിയില്‍ എത്തുന്ന ട്രക്കുകള്‍ ഇസ്രയേല്‍ തടയുകയോ നശിപ്പിക്കുകയോ ആണ്. അതാണ് പട്ടിണിയുടെയും ക്ഷാമത്തിന്റെയും തീവ്രത കൂട്ടുന്നത്.
300 ട്രക്കുകളില്‍ ഭക്ഷണമെത്തിച്ച് വിതരണം ചെയ്താല്‍ മാത്രമെ ഇന്നവര്‍ക്ക് പട്ടിണി മാറ്റാന്‍ സാധിക്കൂ. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഇല്ലാതെ അതിനെക്കുറിച്ച് ചിന്തിക്കാനാകുമോ? യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകള്‍ കടമെടുത്താല്‍, "ഗാസയില്‍ സുരക്ഷിതമായൊരു സ്ഥലമില്ല". ജനിച്ച മണ്ണില്‍ അഭയാര്‍ഥിയായി അലയേണ്ടി വരികയെന്നത് മനുഷ്യ സ്വാതന്ത്രത്തിന്റെ ചിറകരിയുന്നതു പോലെയാണ്. ചിറകുകളില്ലാതെ പറക്കാനാണ് ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഇനി എവിടേയ്ക്കാണ് അവര്‍ പലായനം ചെയ്യേണ്ടത്. അല്‍ മവാസിയിലേക്ക് മാറുകയെന്നാണ് ഖാന്‍ യുനീസിന്റെ ആകാശത്തിലൂടെ പറന്ന ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിമാനങ്ങള്‍ പറത്തിവിട്ട ലഘുലേഖകള്‍ അവര്‍ക്കു കൊടുത്ത ഉത്തരവ്. എന്നാല്‍ ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളില്‍ മരിച്ചത് 90 സിവിലിയന്‍സാണ്- വീടും ഭക്ഷണവും ഉറ്റവരും ഉയിരും നഷ്ടപ്പെട്ടവരെന്ന് തര്‍ജമ.
"മരണവും പട്ടിണിയും സാധാരണക്കാരില്‍ കെട്ടിവെച്ച യുദ്ധം", മെയ് 20ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഗാസ യുദ്ധത്തെപ്പറ്റി പറഞ്ഞു. ഇസ്രയേല്‍, ഹമാസ് നേതൃത്വത്തിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം വാദിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവായ യഹ്യ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ്, ഇസ്‌മൈല്‍ ഹാനിയ എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ലോകനേതാക്കള്‍ ഇതിനോട് പരുഷമായാണ് പ്രതികരിച്ചത്. അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത് മര്യാദാലംഘനമാണെന്നും ഇസ്രയേലിനെ ഹമാസുമായി താരതമ്യം ചെയ്യാനാവില്ലെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. ലോകരാക്ഷാർത്ഥം ഏത് രാജ്യത്തിന്റെയും ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്ന യു.എസ് പ്രസിഡന്റിന്റെ വാക്കുകളാണിത്. അതില്‍ ബൈഡനെന്നോ ട്രംപെന്നോ വ്യത്യാസം ഉണ്ടാകാറുമില്ല. ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 10,000 വന്‍ പ്രഹരശേഷിയുള്ള 2,000 പൗണ്ട് ബോംബുകളും ആയിരക്കണക്കിന് ഹെല്‍ഫയര്‍ മിസൈലുകളുമാണ് ബൈഡന്‍ ഭരണകൂടം ഇസ്രയേലിന് നല്‍കിയതെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. റഫയിലെയും അൽ മവാസിയിലെയും അഭയാർഥി ക്യാമ്പുകളിൽ ഇസ്രയേൽ പ്രയോഗിച്ചത് ഈ ആയുധങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ കാര്യമെടുത്താൽ, നെഹ്‌റുവിന്റെ കാലം മുതൽ പലസ്തീൻ അനുകൂല നിലപാടുകളാണ് രാജ്യം സ്വീകരിച്ചു വരുന്നത്. എന്നാൽ ഇസ്രയേലിലേക്ക് സൗഹൃദത്തിന്റെ കൈകൾ നീളുകയും പെഗാസസ് പോലുള്ള സംവിധാനങ്ങൾ കൈപ്പറ്റുകയും ചെയ്ത ശേഷം, ഇരു വള്ളത്തിലും കാലുവെച്ച് സഞ്ചരിക്കുന്നതുപോലെയാണ് ഇന്ത്യയുടെ പ്രതികരണങ്ങൾ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നെതന്യാഹുവിനും ഹമാസ് നേതൃത്വത്തിനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ സാധിക്കണമെന്നില്ല. ഗാസയിൽ വെടി നിർത്തൽ സാധ്യമാവണമെന്നില്ല. അവിടെ ജനങ്ങൾ വംശ ശുദ്ധീകരണത്തിന് ഇരയാക്കപ്പെട്ടേക്കാം. എന്നാൽ ഇതിനൊക്കെ ശേഷം വാഗ്നറുടെ 'റൈഡ് ഓഫ് ദി വാൽകറീസിന്റെ' പശ്ചാത്തലത്തിൽ ഇസ്രയേൽ എന്ന രാജ്യം നേരിടുന്ന 'ഭീഷണികളെ' തുടച്ചു നീക്കിയെന്ന അഹങ്കാരത്തിൽ കൂട്ട കുഴിമാടങ്ങൾക്ക് മീതെ സിംഹസനം വലിച്ചിട്ടിരിക്കുമ്പോൾ ഉയരുന്ന നിലവിളികൾക്ക് ഓഷ്വിറ്റ്സിൽ നിന്നും കേട്ട അലർച്ചകളുമായി സാമ്യമുണ്ടാകും. കാരണം ജീവനായുള്ള അവസാന നിലവിളിക്ക് ജൂതനെന്നോ അറബിയെന്നോ വ്യത്യാസമില്ല. ഓഷ്വിറ്റ്സിൽ പ്രദർശിപ്പിക്കുന്ന ജൂതരുടെ ചെരുപ്പുകളുടെ കൂനപോലെ നാളെ ഗാസ യുദ്ധത്തിലെ ശേഷിപ്പുകൾ ഒരു വിനോദ സഞ്ചാരിയെപ്പോലെ പോയി കണ്ട് വിതുമ്പാൻ കാത്തിരിക്കുന്നവരാണ് യഥാർത്ഥത്തിൽ അനീതി കാട്ടുന്നത്, കാലത്തോടും മനുഷ്യനോടും. ഈ വംശഹത്യകൾക്കിടയിലും നമ്മുടെ തെരുവുകൾ ശൂന്യമാണെങ്കിൽ, ഒന്ന് ഓർക്കുക രാജ്യത്തിനകത്ത് ഒരു ശത്രുവിനെ സൃഷ്‌ടിച്ച് സംഹരിക്കുന്നതാണ് പുതിയ കാലത്തെ രാജ തന്ത്രം.