2008ലായിരുന്നു ഡി മരിയ അർജന്റീനയ്ക്കായി കളത്തിലിറങ്ങുന്നത്. ബീജീങ് ഒളിംപിക്സിൽ. അവിടുന്നിങ്ങോട്ട് 2024 കോപ അമേരിക്ക ഫൈനൽ വരെ നീണ്ടു നിൽക്കുന്ന ആ സംഭവ ബഹുലമായ കരിയർ അർജന്റീന ആരാധകർക്ക് സമ്മാനിച്ചത് എത്രയെത്ര വാമോസ് വിളികളായിരുന്നു
ഏഞ്ചല്‍ ഡി മരിയ
പതിനാറാം തവണവും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന ചാമ്പ്യന്മാരായപ്പോൾ, അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞ ഏഞ്ചൽ ഡി മരിയയ്ക്കായി കണ്ണീർ പൊഴിക്കുകയാണ് ഫുട്ബോൾ ലോകം. ദി മാൻ ഓഫ് ബിഗ് ഒക്കേഷൻസ്, മിശിഹായുടെ വലതുവശത്ത് കവചം തീർക്കുന്ന മാലാഖ. വിശേഷണങ്ങൾ ഒരുപാടാണ്, ഏഞ്ചൽ ഡി മരിയ എന്ന താരത്തിന്. അദ്ദേഹത്തിന്റെ പടിയിറക്കത്തിന് ആദരവേകിക്കൊണ്ട്, 'ഗ്രാസിയാസ്, ഫിദേയോ' എന്ന അടിക്കുറുപ്പോടെ ഡി മരിയയുടെ നേട്ടങ്ങളെല്ലാം ഒരു ചിത്രത്തിലൊതുക്കിയാണ് ഫിഫ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. ഫിദേയോ എന്നാൽ, സ്പാനിഷിൽ നൂഡിൽസ് എന്നാണ് അർത്ഥം. ഡി മരിയയുടെ വിളിപ്പേരാണ് ഫിദേയോ. കോപ അമേരിക്ക ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർജന്റീന നായകൻ മെസി പറഞ്ഞിരുന്നു, "ഫിദേയോയ്ക്കായി ഈ കോപ്പ ഞങ്ങൾക്ക് എടുത്തേ പറ്റൂ" എന്ന്.
അർജന്റീന എപ്പോഴെല്ലാം വലിയ പോരിന് ഇറങ്ങിയിട്ടുണ്ടോ, അപ്പോഴെല്ലാം അവരുടെ രക്ഷകനായത് ഡി മരിയയായിരുന്നു. മധ്യനിരയിൽ തന്ത്രങ്ങൾ മെനഞ്ഞ് പന്ത് കൃത്യമായി ഫോർവേര്‍ഡിലേക്ക് എത്തിക്കാനും ഗോൾ നേടാനും ഡി മരിയ നടത്തിയ ശ്രമങ്ങൾക്ക് അർജന്റീനയെ ചാമ്പ്യന്മാരാക്കാനുള്ള കരുത്തുണ്ടായിരുന്നു. 2021ൽ മാരക്കാനയിൽ മിശിഹാ കോപ്പാ മധുരം നുണഞ്ഞപ്പോൾ, അതിന് വഴിയൊരുക്കിയതും ഡി മരിയയുടെ ഗോളായിരുന്നു. 2023 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന തുടക്കത്തിൽ മുൻതൂക്കം നേടിയത് ഡി മരിയയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയിലൂടെയായിരുന്നു. ഇപ്പോഴിതാ, രണ്ടാം തവണയും കോപ്പ കൈകളിലേന്തി ആ മാലാഖ പറന്നുയരുകയാണ്.
2021ലെ കോപ്പയ്ക്ക് ശേഷം 2022ലെ ഫൈനലിസ്മയിലുമുണ്ടായിരുന്നു ഡി മരിയയുടെ മാജിക്കൽ അപ്രോച്ച്. അർജന്റീനയുടെ ലീഡുയർത്താനായി വെംബ്ലിയിൽ ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊണറൂമയുടെ തലയ്ക്ക് മുകളിലൂടെ പന്ത് പായിച്ച് ആ മാലാഖ നേടിയ ഗോളിനെ മനോഹരം എന്നല്ലാതെ മറ്റൊന്നും വിളിക്കാനാകില്ല. 2014ലെ ലോകകപ്പ് സെമി ഫൈനലിൽ ഡി മരിയയ്ക്ക് പരുക്ക് ഏറ്റില്ലായുരുവെങ്കിൽ, അർജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങൾ എന്നേ പൂവണിഞ്ഞേനേ എന്ന് ഇന്നും പല ആരാധകരും വിശ്വസിക്കുന്നു. സെമിയിൽ ബെൽജിയത്തിനെതിരെ പരുക്കേറ്റതിനാൽ അദ്ദേഹത്തിന് ഫൈനൽ നഷ്ടമായിരുന്നു.
2008ലായിരുന്നു ഡി മരിയ അർജന്റീനയ്ക്കായി കളത്തിലിറങ്ങുന്നത്. ബീജീങ് ഒളിംപിക്സിൽ. അവിടുന്നിങ്ങോട്ട് 2024 കോപ അമേരിക്ക ഫൈനൽ വരെ നീണ്ടു നിൽക്കുന്ന ആ സംഭവ ബഹുലമായ കരിയർ അർജന്റീന ആരാധകർക്ക് സമ്മാനിച്ചത് എത്രയെത്ര വാമോസ് വിളികളായിരുന്നു. എന്തുമാത്രം അസുലഭ മുഹൂർത്തങ്ങളായിരുന്നു. മെസിയുടെ സമകാലികനായതിനാൽ മാത്രം ഇതിഹാസമെന്ന പദത്തിലേക്ക് എത്താതെ പോയവൻ. ആരാധകരുടെ മനസില്‍ പക്ഷെ അദ്ദേഹത്തിന് ഇതിഹാസത്തിന് താഴയൊരു സ്ഥാനം ഒരിക്കലും ആരും കല്‍പ്പിക്കാനിടയില്ല. ഈ വർഷത്തെ കോപ്പയിൽ തന്റെ അവസാന ആട്ടത്തിന് ഇറങ്ങും മുമ്പേ ഡി മരിയ പറഞ്ഞത് ഇത്രമാത്രമായിരുന്നു. "ഒരിക്കൽ കൂടി, അവസാനമായി, ആവുന്നതെല്ലാം ചെയ്യാൻ മെസി എന്നോട് ആവശ്യപ്പെട്ടിരുന്നു" എന്ന്. അത് അയാൾ ചെയ്തിരിക്കുന്നു. ഇനി പടിയിറക്കം രാജകീയമായി.
2007ല്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പ്, 2008 ബെയ്ജിങ് ഓളിംപിക്സില്‍ സ്വര്‍ണം. 2021 കോപ്പ അമേരിക്ക കിരീടം, 2022 ഫൈനലിസ്മ, 2022 ഖത്തര്‍ ലോകകപ്പ്. ഇപ്പോഴിതാ, 2024 കോപ അമേരിക്കയും. ആറ് കിരീടങ്ങൾ തന്റെ ചിറകിന്മേൽ കെട്ടിവച്ച് ആ മാലാഖ ഫുട്ബോൾ മൈതാനത്ത് നിന്നും വിടവാങ്ങുമ്പോൾ, അർജന്റീന ആരാധകർ ഉറക്കെ വിളിച്ചു പറയും, വാമോസ് ഏഞ്ചൽ.. വാമോസ്..