
ഒളിംപിക്സ് ചരിത്രത്തിലെ എക്കാലത്തെയും ഗ്ലാമര്‍ ഇനമാണ് 100 മീറ്റര്‍ ഓട്ടം. ഉസൈന്‍ ബോള്‍ട്ടിനെ പോലെ ട്രാക്കിലെ പായുംപുലികള്‍ തങ്ങളുടെ ഉജ്വല പ്രകടനത്തിലൂടെ ജനപ്രിയമാക്കി മാറ്റിയ ഇവന്‍റ് . വിശ്വകായിക മാമാങ്കം പാരിസില്‍ എത്തിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. അക്ഷരാര്‍ത്ഥത്തില്‍ തീ പാറുന്ന പോരാട്ടം തന്നെയായിരുന്നു ഇക്കുറി പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടം. ഫൈനല്‍ പോരാട്ടത്തിനായി വെടിയൊച്ച മുഴങ്ങിയത് മുതല്‍ എല്ലാവരുടെയും കണ്ണ് ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണിലായിരുന്നു. ഉസൈന്‍ ബോള്‍ട്ടിന്‍റെയും യോഹാന്‍ ബ്ലെയ്ക്കിന്‍റെയും പിന്മുറക്കാരനായി ട്രാക്കില്‍ സ്വര്‍ണം കൊയ്യാന്‍ ഇറങ്ങിയ തോംസണ് പക്ഷെ അടിതെറ്റി, അതും അവസാന സെക്കന്‍റില്‍, അവസാന ചുവടില്‍...
ഫിനിഷിങ് ലൈന്‍ കടന്നതോടെ മത്സരാര്‍ത്ഥികളും കാണികളും അടക്കം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു. ഫോട്ടോ ഫിനിഷുകള്‍ പലകുറി കണ്ട ഒളിംപിക്സ് ട്രാക്കില്‍ 100 മീറ്ററിലെ സ്വര്‍ണം, വെള്ളി ജേതാക്കളെ നിശ്ചയിക്കുന്നതില്‍ സര്‍വത്ര ആശങ്ക. ഒടുവില്‍ അന്തിമ ഫലം വന്നപ്പോള്‍ ജമൈക്കന്‍ താരത്തിനും ആരാധകര്‍ക്കും നിരാശ. കരിയറിലെ ഏറ്റവും മികച്ച സമയം (9.78 സെക്കന്‍റ് ) കുറിച്ച് അമേരിക്കയുടെ നോഹ ലൈല്‍സ് പാരിസിലെ വേഗരാജാവിനുള്ള സ്വർണ പതക്കം സ്വന്തമാക്കി. സ്വര്‍ണം പ്രതീക്ഷിച്ച കിഷെയ്ന്‍ തോംസണ് വെള്ളി. യുഎസ് താരം ഫ്രഡ് കെര്‍ലിക്ക് വെങ്കലം.
അടിതെറ്റിയപ്പോള്‍ തോംസണും വീണു
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നടന്ന ഒളിംപിക്സ് 100 മീറ്റര്‍ ഓട്ടത്തിലെ ഏറ്റവും സങ്കീര്‍ണമായ പോരാട്ടം തന്നെയായിരുന്നു പാരിസില്‍ ഇക്കുറി കണ്ടത്. മത്സരത്തിന്‍റെ 98 ശതമാനം സമയത്തും മുന്നിട്ട് നിന്ന ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണ് അടിതെറ്റിയത് ഫിനിഷിങ് ലൈനിലേക്കുള്ള അവസാന കാല്‍വെപ്പിലായിരുന്നു. സെക്കന്‍ഡിന്‍റെ അയ്യായിരത്തില്‍ ഒരംശത്തിന് സ്വര്‍ണ മെഡല്‍ ജമൈക്കന്‍ താരത്തിന്‍റെ കൈവിട്ടു പോയി.
'നോഹ'യുടെ തങ്ക പേടകം
2004-ലെ ഏഥന്‍സ് ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ജസ്റ്റിന്‍ ഗാറ്റ്ലിന് ശേഷം 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ അത്‌ലറ്റെന്ന ബഹുമതിയും നോഹ ലൈല്‍സ് സ്വന്തമാക്കി. 2016 റിയോ, 2020 ടോക്കിയോ ഒളിംപിക്സുകളിലെ വേഗരാജാക്കന്മാരെക്കാള്‍ മികച്ച സമയം കുറിച്ചു കൊണ്ടാണ് നോഹ ഇത്തവണ ഫിനിഷ് ചെയ്തത്. റിയോയില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച 9.81 സെക്കന്‍റും ടോക്കിയോയില്‍ ഇറ്റലിക്കാരന്‍ മാര്‍സല്‍ ജേക്കബസ് കുറിച്ച 9.80 സെക്കന്‍റിനും മുകളില്‍ 9.79 എന്ന മെച്ചപ്പെട്ട സമയം കുറിക്കാന്‍ നോഹയ്ക്ക് ആയി എന്നതും ഈ സ്വര്‍ണ നേട്ടത്തിന്‍റെ മാറ്റുകൂട്ടുന്നു.
2020ലെ ടോക്കിയോ ഒളിംപിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയിട്ടുള്ള നോഹ ലൈൽസിന്‍റെ ആദ്യ ഒളിംപിക് സ്വര്‍ണ നേട്ടമാണിത്. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയത് നോഹയായിരുന്നു. പാരിസിൽ ഇനി 200 മീറ്ററിലും റിലേയിലും യുഎസ്എക്ക് വേണ്ടി നോഹ ലൈല്‍സ് ഇറങ്ങുന്നുണ്ട്.