
പാരിസ് ഒളിംപിക്സ് ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കായിക തര്‍ക്ക പരിഹാര കോടതി (Court of Arbitration For Sport ) വാദം കേള്‍ക്കും. വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയില്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫൈനല്‍ മത്സരത്തിന് മുന്‍പ് നടത്തിയ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ സംഘാടകര്‍ അയോഗ്യയാക്കിയത്. അനുവദനീയമായതിലും 100 ഗ്രാം കൂടുതല്‍ കണ്ടെത്തിയതാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്.
തന്നെ അയോഗ്യയാക്കിയ യുണൈറ്റഡ് വേള്‍ഡ് റെസലിങ്ങിന്‍റെ തീരുമാനം അസാധു ആക്കണമെന്നും വീണ്ടും ഭാരപരിശോധന നടത്തുകയും ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യയാണെന്ന് പ്രഖ്യാപിക്കണമെന്നും വിനേഷ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഡോ.അന്നബെല്ലെ ബെന്നറ്റ് ഏക മധ്യസ്ഥനായി ഹര്‍ജിയില്‍ രണ്ട് കക്ഷികളുടെയും വാദം കേള്‍ക്കും. ഓഗസ്റ്റ് 11ന് ഒളിംപിക്സ് ഗെയിംസ് അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം പുറപ്പെടുവിക്കണമെന്നാണ് റിപ്പോര്‍ട്ട്.