fbwpx
ഭാരം കുറയ്ക്കാന്‍ അമിത വ്യായാമം; വിനേഷ് ഫോഗട്ട് ആശുപത്രിയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Aug, 2024 10:24 PM

ഭാര പരിശോധനയില്‍ യോഗ്യത നേടുന്നതിനായി വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം ഉറക്കമില്ലാതെ സ്‌കിപ്പിംഗ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തിരുന്നു.

PARIS OLYMPICS

വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്‌സിലെ വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഭാരം കുറയ്ക്കുന്നതിനായി അമിത വ്യായാമം ചെയ്തതിനെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ഫോഗട്ട് ബോധരഹിതയായിരുന്നു. ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഭാര പരിശോധനയില്‍ യോഗ്യത നേടുന്നതിനായി വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം ഉറക്കമില്ലാതെ സ്‌കിപ്പിംഗ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തിരുന്നു. കുറച്ച് വെള്ളം മാത്രമാണ് കുടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒളിംപിക് വില്ലേജിലെ പോളിക്ലിനികിലാണ് വിനേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും നില തൃപ്തികരമാണെന്നും അവര്‍ വിശ്രമിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഫൈനലില്‍ മെഡല്‍ ഉറപ്പിച്ച വിനേഷ് ഫോഗട്ടിന് ഇന്ന് രാവിലെ നടത്തിയ ഭാര പരിശോധനയില്‍ ഭാരം 100 ഗ്രാം കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒളിംപിക്‌സ് ഫൈനലില്‍ അയോഗ്യയായത്.

ALSO READ: വലിയ നിരാശ! വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു


ഫോഗട്ടിന്റെ അയോഗ്യതയോടെ ഫൈനല്‍ മത്സരം ഒഴിവാകും. 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ സ്വര്‍ണം വെങ്കല മെഡലുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. ഫോഗട്ട് അയോഗ്യയായതോടെ 50 കിലോ ഗുസ്തിയില്‍ അമേരിക്കന്‍ താരം സാറ ആന്‍ ഹില്‍ഡെബ്രാന്‍ഡ് വിജയിയാകും. ലോക ഒന്നാം നമ്പര്‍ താരം യുയി സുസാകി, യുക്രെയ്ന്‍, ക്യൂബ എന്നിങ്ങനെ വലിയ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ഫൈനല്‍ വരെ എത്തിയത്.

പാരിസ് ഒളിംപിക്‌സ് വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം ചരിത്ര നേട്ടമായിരുന്നു. ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ്. ശനിയാഴ്ച രാത്രി രണ്ട് കിലോ അധികഭാരമുണ്ടായിരുന്നു വിനേഷിന്. ഇത് കുറയ്ക്കാനായി ജോഗിങ്, സ്‌കിപ്പിങ്, സൈക്ലിങ് എന്നിവ നടത്തിയിരുന്നു. എന്നിട്ടും അടുത്ത ദിവസത്തെ ഭാര പരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കാണിക്കുകയായിരുന്നു. ഒളിംപിക് ക്വാളിഫയര്‍ ഭാരപരിശോധനയിലും നേരിയ വ്യത്യാസത്തിലാണ് ഫോഗട്ട് രക്ഷപ്പെട്ടത്.

നേരത്തേ, 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഈ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചില്ലായെന്ന് കാട്ടി, ഒളിംപിക്‌സില്‍ 53 കിലോ വിഭാഗത്തില്‍ പങ്കെടുക്കാന്‍ ഫോഗട്ടിനു ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിനേഷ് 50 കിലോ വിഭാഗത്തില്‍ ഇറങ്ങിയത്.

53 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആന്റിം പംഗലാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫോഗട്ട് ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. കൈയ്യകലത്തില്‍ സ്വര്‍ണത്തിനായുള്ള മത്സരം തന്നെ നഷ്ടപ്പെട്ടാണ് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ വനിതാ ഗുസ്തി താരം മടങ്ങുന്നത്.





Also Read
user
Share This

Popular

KERALA
KERALA
"റീൽസ് ഷൂട്ടിങ്ങിനിടെ അപമര്യാദയായി പെരുമാറി"; ഇൻഫ്ലുവെൻസർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്