കപ്പല് മുങ്ങി സാർ... കൊടുങ്കാറ്റിൽ കടപുഴകി വീണത് 13 മന്ത്രിമാർ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയധികം മന്ത്രിമാരെ ജനം തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കുന്നത് ഇതാദ്യം...
കപ്പല് മുങ്ങി സാർ... കൊടുങ്കാറ്റിൽ കടപുഴകി വീണത് 13 മന്ത്രിമാർ
Source: FB
Published on
Updated on

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം കൊടുങ്കാറ്റടിച്ചപ്പോള്‍ കടപുഴകിയത് 13 മന്ത്രിമാരുടെ മണ്ഡലങ്ങളാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയധികം മന്ത്രിമാരെ ജനം തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കുന്നത് ഇതാദ്യം. മത്സരിച്ച 19 മന്ത്രിമാരില്‍ ആറ് പേര്‍ മാത്രമാണ് ജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് സുരക്ഷിതമായ ലീഡ് നേടിയെങ്കിലും ആദ്യ ഘട്ടത്തില്‍ യുഡിഎഫ് യുവ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിനോട് ആദ്യ ആറ് റൗണ്ട് വരെ പിന്നിലായത് സിപിഐഎം കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.

ഏറെ ഉദ്വേഗം ജനിപ്പിച്ച കേരളം ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ വിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടിയെ ബിജെപി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖർ അയ്യായിരത്തോളം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കായികമന്ത്രി വി. അബ്ദുറഹ്മാനെ 24,137 വോട്ടുകൾക്കാണ് മുസ്‍ലീം ലീഗിന്റെ സിറ്റിങ് എംഎൽഎ കുറുക്കോളി മൊയ്തീൻ തോൽപ്പിച്ചത്. കണ്ണൂരിൽ യുഡിഎഫിന്റെ അഡ്വ. ടി.ഒ. മോഹനൻ, മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനെ പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് മുട്ടുകുത്തിച്ചു. തദ്ദേശമ​ന്ത്രി എം.ബി. രാജേഷിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് വി.ടി. ബൽറാം 8,385 വോട്ടുകൾക്കാണ് പരാജപ്പെടുത്തിയത്. കളമശേരിയിൽ വ്യവസായ മന്ത്രി പി. രാജീവ് കഴിഞ്ഞ തവണ നേരിട്ട മുസ്‍ലിം ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനോട് 16,312 വോട്ടിനാണ് പരാജയപ്പെട്ടത്. ഇടുക്കിയിൽ കേരള കോൺ​ഗ്രസ് എമ്മിന്റെ മന്ത്രി റോഷി അഗസ്റ്റിനെ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് 23822 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെ എതിർ സ്ഥാനാർഥി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി 18,985 വോട്ടുകൾക്കാണ് തറപറ്റിച്ചത്. പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‍കുമാർ ജ്യോതികുമാർ ചാമക്കാലയോട് 8,310 വോട്ടുകൾക്ക് പരാജയപ്പെട്ടു. 7,486 വോട്ടുകൾക്കാണ് ചടയമംഗലത്ത് മന്ത്രി ചിഞ്ചുറാണി എം.എ, നസീറിനോട് അടിയറവ് പറഞ്ഞത്. മാനന്തവാടിയിൽ കോൺഗ്രസിലെ ഉഷാ വിജയൻ മന്ത്രി ഒ.ആർ. കേളുവിനെ 10,543 വോട്ടിനും എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകൾക്കുമാണ് തോൽപിച്ചത്. മന്ത്രി ആർ. ബിന്ദുവിനെ ഇരിങ്ങാലക്കുടയിൽ കേരളാ കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ 10212 വോട്ടിന് പരാജയപ്പെടുത്തി. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനെ കോട്ടയം ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് 19752.വോട്ടുകൾക്കും തോൽപ്പിച്ചു.

കപ്പല് മുങ്ങി സാർ... കൊടുങ്കാറ്റിൽ കടപുഴകി വീണത് 13 മന്ത്രിമാർ
കോഴിക്കോട് ഇടതുകോട്ടയില്‍ വിള്ളല്‍, യുഡിഎഫ് തരംഗത്തില്‍ കനല്‍ത്തരിയായി റിയാസ്; മാറിയത് 25 വര്‍ഷത്തെ ചരിത്രം

രണ്ടാം പിണറായി മന്ത്രിസഭയിലെ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും വീണ്ടും അവസരം നല്‍കിയപ്പോള്‍ കരുതിയത് ഭരണവിരുദ്ധ വികാരം കാര്യമായി ഏശില്ല എന്നായിരുന്നു. എന്നാല്‍ പ്രതീക്ഷ തെറ്റിച്ചായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. മത്സര രംഗത്തിറങ്ങാതിരുന്നതു കൊണ്ടു മാത്രം ചിറ്റൂരില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെട്ടു.

അതേസമയം, ബേപ്പൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുൻസ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി. അൻവറിനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുൻ സിപിഐഎം എംഎൽഎ ഐഷാ പോറ്റിയെ 1,012 വോട്ടുകൾക്കാണ് തറപറ്റിച്ചത്. നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിനെക്കാൾ 21,583 വോട്ടുകൾക്കായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ വിജയം. ഒല്ലൂരിൽ മന്ത്രി കെ. രാജൻ കോൺഗ്രസിലെ ഷാജി കോടങ്കണ്ടത്തിനെ 8,884 വോട്ടിന് പരാജയപ്പെടുത്തി. ചേർത്തലയിൽ കൃഷിമ​ന്ത്രി പി. പ്രസാദ് 14,489 വോട്ടുകൾക്ക് കോൺഗ്രസിലെ ആർ. രാജേ​ന്ദ്ര പ്രസാദിനെ തോൽപ്പിച്ചു. ചെങ്ങന്നൂരിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എതിർ സ്ഥാനാർഥി യു.ഡി.എഫിലെ കെപിസിസി സെക്രട്ടറി എബി കുര്യാക്കോസിനെ 10,292 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

News Malayalam 24x7
newsmalayalam.com