രണ്ട് പതിറ്റാണ്ടായി ചെങ്കോട്ടയായി തുടരുന്ന മണ്ഡലം; കൊയിലാണ്ടി ഇക്കുറി ആർക്കൊപ്പം?

ലോക്സഭ - തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകൾ മണ്ഡലത്തിൽ മത്സരം കടുക്കും എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്...
കെ. ദാസൻ, അഡ്വ. കെ പ്രവീൺ കുമാർ, പ്രഫൂൽ കൃഷ്ണൻ
കെ. ദാസൻ, അഡ്വ. കെ പ്രവീൺ കുമാർ, പ്രഫൂൽ കൃഷ്ണൻSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: രണ്ട് പതിറ്റാണ്ടായി ചെങ്കോട്ടയായി തുടരുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി. എംഎൽഎ ആയിരിക്കെ അന്തരിച്ച കാനത്തിൽ ജമീലക്ക് പകരം മുൻ എംഎൽഎ കെ. ദാസനാണ് മണ്ഡലം നിലനിർത്താൻ എൽഡിഎഫിനായി ഇത്തവണ മത്സര രംഗത്തുള്ളത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ യുഡിഎഫിനായി സ്വന്തം മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത് മണ്ഡലം തിരികെപ്പിടിക്കാൻവേണ്ടി മാത്രമല്ല. രണ്ട് പതിറ്റാണ്ടിലധികമായി കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ്‌ പ്രതിനിധിയെ നിയമസഭയിലേക്ക് അയക്കാൻ കഴിഞ്ഞിട്ടില്ല എന്ന ചരിത്രം തിരുത്തിക്കുറിക്കാൻ വേണ്ടി കൂടിയാണ്. ലോക്സഭ - തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകൾ മണ്ഡലത്തിൽ മത്സരം കടുക്കും എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് സ്വന്തമായി ഒരു എംഎല്‍എയുണ്ടായിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി, കോഴിക്കോട് -1 മണ്ഡലങ്ങളില്‍ നിന്നായി വിജയിച്ച അഡ്വ പി. ശങ്കരന്‍, അഡ്വ എ. സുജനപാല്‍ എന്നിവരാണ് ജില്ലയില്‍ നിന്നുള്ള അവസാന കോണ്‍ഗ്രസ് എംഎല്‍എമാർ. നാണക്കേടിന്റെ ഈ ചരിത്രം തിരുത്തി ഇത്തവണ ജില്ലയില്‍ നിന്നും അഞ്ചിലേറെ കോണ്‍ഗ്രസ് എംഎല്‍എമാർ ഉണ്ടാകുമെന്നാണ് കോൺഗ്രസ്‌ നേതൃത്വം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി.

രണ്ട് പതിറ്റാണ്ടിന്റെ കടം വീട്ടി മണ്ഡലം തിരികെപ്പിടിക്കാൻ യുഡിഎഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീൺ കുമാറിനെയാണ്. 2011ലും 2016ലും മണ്ഡലത്തിൽ തിളക്കമാർന്ന വിജയം നേടിയ കെ. ദാസനുള്ളത് എൽഡിഎഫിനായി മണ്ഡലം നിലനിർത്തുക എന്ന ധൗത്യവും. 2016നെ അപേക്ഷിച്ച് 2021ൽ എൻഡിഎയ്ക്ക്‌ 4500ഓളം വോട്ടുകൾ കുറഞ്ഞ മണ്ഡലമാണ് കൊയിലാണ്ടി. മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിക്കാനും കരുത്ത് കാട്ടനുമാണ് എൻഡിഎ സ്ഥാനാർഥി പ്രഫൂൽ കൃഷ്ണന്റെ ശ്രമം.

കെ. ദാസൻ, അഡ്വ. കെ പ്രവീൺ കുമാർ, പ്രഫൂൽ കൃഷ്ണൻ
റിയാസും അൻവറും നേർക്കുനേർ; ആരാകും ബേപ്പൂർ സുൽത്താൻ?

കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും 2006 മുതല്‍ കൊയിലാണ്ടിയില്‍ സിപിഐഎം പ്രതിനിധികളാണ് തുടർച്ചയായി വിജയിച്ച് വരുന്നത്. സിറ്റിങ് എംഎല്‍എ ആയിരുന്ന കാനത്തില്‍ ജമീല അന്തരിച്ചതിനെ തുടർന്നാണ് മുൻപ് രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കെ. ദാസന് ഇത്തവണ നറുക്ക് വീഴുന്നത്. പഞ്ചായത്ത് അംഗം, നഗരസഭ ചെയർമാൻ 2011 മുതൽ 2021 വരെ കൊയിലാണ്ടി എംഎൽഎ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ച ദാസന് പ്രാദേശികമായി ഉള്ള വലിയ ആത്മബന്ധം വോട്ടായി പരിണമിക്കുമെന്നാണ് എൽഡിഎഫ് ക്യാംപിൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വോട്ടുനിലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്‌. ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും 22,580 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ പയ്യോളി നഗരസഭയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു. ഡിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ പ്രവീൺ കുമാറിനുള്ള ജനകീയതയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.

എൻഡിഎയെ സംബന്ധിച്ച് 2016നെ അപേക്ഷിച്ച് 2021ല്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നാണ് കൊയിലാണ്ടി. 2016ൽ എൻഡിഎ സ്ഥാനാർഥിക്ക്‌ ‌22,087 വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. എന്നാല്‍ 2021ൽ മത്സരിച്ച എന്‍.പി. രാധാകൃഷ്ണന് കിട്ടിയത് 17.555 വോട്ടുകൾ മാത്രം. ഇത്തവണ പ്രഫൂൽ കൃഷ്ണനിലൂടെ യുവ വോട്ടർമാരെയും സ്വാധീനിച്ച് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് എൻഡിഎ ക്യാംപിൻ്റെ പ്രതീക്ഷ.

കെ. ദാസൻ, അഡ്വ. കെ പ്രവീൺ കുമാർ, പ്രഫൂൽ കൃഷ്ണൻ
ഇവിടെ നിന്നും മന്ത്രിമാരായത് ഏഴുപേർ; കാലാവധി പൂർത്തിയാക്കിയത് ഒറ്റയൊരാൾ

രണ്ട് പതിറ്റാണ്ടായി ഇടതുകോട്ടയായി തുടരുന്ന കൊയിലാണ്ടി മണ്ഡലം ഇത്തവണ കൈ പിടിക്കുമോ, സ്വന്തം മണ്ണിൽ അഭിമാന പോരാട്ടത്തിനായിറങ്ങുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റിന് കൈ പൊള്ളുമോ. കൊയിലാണ്ടിയിൽ മത്സരം കനക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com