ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണൽ ആണ്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തമിഴ്നാട്ടിൽ 62 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. 234 നിയമസഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.
ബംഗാൾ ആര് ഭരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ജനവിധി അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് തുടക്കം മുതൽ ആരോപിക്കുന്നുണ്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണൽ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകളുടെ പ്രവചനം. മത്സരഫലം ഇരുപാർട്ടികൾക്കും നിർണായകമാണ്.
30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയുടെ ഭാഗമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.