

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരിനെ അട്ടിമറിച്ച് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരത്തിൽ വരുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ സർവേ പ്രവചനം. സർവേ പ്രകാരം എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയ്ക്ക് 92 മുതൽ 110 വരെ സീറ്റുകൾ ലഭിക്കുമ്പോൾ.. ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഈ സർവേ പ്രകാരം എഐഎഡിഎംകെയ്ക്ക് 22 മുതൽ 32 സീറ്റുകൾ മാത്രമാണ് ലഭിക്കുക. ഡിഎംകെയും ടിവികെയും 35 ശതമാനം വോട്ട് വിഹിതം നേടിയെടുക്കുമെന്നും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രവചിക്കുന്നു. അവരുടെ തന്നെ എക്സിറ്റ് പോൾ സർവേ പ്രകാരം പുതുച്ചേരിയിലും ടിവികെ അക്കൗണ്ട് തുറന്നേക്കും. രണ്ട് സീറ്റുകൾ വരെ തമിഴക വെട്രി കഴകം നേടുമെന്നാണ് പ്രവചനം.
വരാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ യുദ്ധമാണെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ അഴിമതി സർക്കാറിന് അന്ത്യം കുറിക്കാൻ സമയമായെന്നും ടിവികെയെ രാഷ്ട്രീയ കക്ഷികൾ വിലകുറച്ച് കാണുന്നുണ്ടെന്നും വിജയ് നേരത്തെ പ്രചാരണവേളയിൽ പറഞ്ഞിരുന്നു.
"മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്തുകളെ കള്ളവോട്ടിനുള്ള കേന്ദ്രമായാണ് കാണുന്നത്. ടിവികെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഇടമായി അതിനെ കാണുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല, നമ്മൾ വിജയിക്കും. ഓരോ ടിവികെ പ്രവര്‍ത്തകനേയും ജനം വിശ്വസിക്കണം," എന്നായിരുന്നു വിജയ് വോട്ടർമാരോട് അഭ്യർഥിച്ചത്.