Poll Lab | തോറ്റ് തോറ്റ് റെക്കോഡിട്ടും തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിക്കാതെ പത്മരാജന്‍

കെട്ടിവച്ച കാശുപോലും തിരികെ കിട്ടിയിട്ടില്ല. ഇത്തരത്തില്‍ ഒരു കോടി രൂപയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നല്‍കിയിട്ടുണ്ട്.
കെ. പത്മരാജന്‍
കെ. പത്മരാജന്‍
Published on
Updated on

തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വരെ മത്സരിച്ച് ശ്രദ്ധേയനായ ഒരാളുണ്ട്. ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ലെന്നു മാത്രമല്ല, കെട്ടിവച്ച കാശുപോലും തിരികെ കിട്ടിയിട്ടില്ല. ഇത്തരത്തില്‍ ഒരു കോടി രൂപയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നല്‍കിയിട്ടുണ്ട്. തോറ്റുതോറ്റാണ് മത്സരമെങ്കിലും, ചില അപൂര്‍വ റെക്കോഡുകള്‍ ഇദ്ദേഹത്തിന് സ്വന്തമാണ്.

കണ്ണൂര്‍ കുഞ്ഞിമംഗലത്തുനിന്ന് സേലത്തേക്ക് ചേക്കേറിയ കെ. കുഞ്ഞമ്പു നായരുടെയും ശ്രീദേവിയമ്മയുടെയും മൂത്തമകനായ പത്മരാജന്റേതാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വ്യത്യസ്ത കഥ. 1988ല്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നായിരുന്നു പത്മരാജന്റെ കന്നിമത്സരം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്ന് തോറ്റ പത്മരാജന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എവിടെയൊക്കെ മത്സരിച്ചോ അവിടെയൊക്കെ തോറ്റു. ചിലപ്പോഴൊക്കെ ഒന്നും രണ്ടും മണ്ഡലങ്ങളില്‍ ഒരുമിച്ച് തോറ്റു. ചിലയിടത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നാമനിര്‍ദേശ പത്രിക തന്നെ തള്ളി. ഇത്തരത്തില്‍ 252 തെരഞ്ഞെടുപ്പുകളിലെങ്കിലും പത്മരാജന്‍ മത്സരിക്കുകയോ, നാമനിര്‍ദേശ പത്രിക നല്‍കുകയോ ചെയ്തിട്ടുണ്ട്.

കെ. പത്മരാജന്‍
Poll Lab | രാജ്യത്തെ ആദ്യ വോട്ടര്‍; മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അവസാനവോട്ടും

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയ്ക്കെതിരെ മൂന്ന് തവണയാണ് പത്മരാജന്‍ മത്സരിച്ചത്. എം. കരുണാനിധി, എച്ച്.ഡി. കുമാരസ്വാമി എടപ്പാടി കെ. പളനി സ്വാമി, എം.കെ. സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെയും മത്സരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി, പിണറായി വിജയന്‍ തുടങ്ങി എസ്.എം. കൃഷ്ണ, ബി.എസ്. യെദ്യൂരപ്പ, ജഗദീഷ് ഷട്ടര്‍, ചന്ദ്രശേഖര്‍ റാവു, ബസവരാജ് ബൊമ്മൈ, വൈ.എസ്. രാജശേഖര റെഡ്ഡി, ജഗൻ മോഹൻ റെഡ്‌ഡി എന്നിവര്‍ക്കെതിരെയും നോമിനേഷന്‍ കൊടുത്തു. പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‍പേയ്, പി.വി. നരസിംഹ റാവു, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെയും സ്ഥാനാര്‍ഥിയായി.

പത്രിക തള്ളുമെന്ന് ഉറപ്പുണ്ടായിട്ടും രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ പോലും പത്മരാജന്‍ ഒഴിവാക്കിയിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ആര്‍. നാരായണന്‍, എപിജെ അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമു എന്നിവര്‍ക്കെതിരെയും, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുഹമ്മദ് ഹമീദ് അൻസാരി, കൃഷ്ണ കാന്ത്, ഭൈരോൺ സിംഗ് ഷെഖാവത്, വെങ്കയ്യ നായിഡു, ജഗദീപ് ധന്‍കർ എന്നിവര്‍ക്കെതിരെയും നോമിനേഷന്‍ കൊടുത്തിട്ടുണ്ട്.

1996ൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായാണ് പത്മരാജന്‍ പത്രിക സമര്‍പ്പിച്ചത്. എല്ലാ പത്രികയും അന്ന് സ്വീകരിക്കപ്പെട്ടില്ല. വിഷയം കോടതി കയറി. അങ്ങനെ ഒരാൾക്ക് രണ്ട് സംസ്ഥാനത്ത് മാത്രമേ പത്രിക നല്‍കാനാകൂ എന്ന പുതിയ ഉത്തരവും ഇറക്കേണ്ടിവന്നു.

കെ. പത്മരാജന്‍
Poll Lab | ബാലകൃഷ്ണ പിള്ളയും രാഷ്ട്രീയജീവിതത്തിലെ ചില അപൂര്‍വതകളും

ഇങ്ങനെ തോല്‍വി മാത്രമാണ് സമ്പാദ്യമെങ്കിലും ഇലക്ഷന്‍ കിങ് എന്ന വിളിപ്പേര് പത്മരാജന്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന് ഗിന്നസ് വേൾഡ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡ്‌ ഉള്‍പ്പെടെ നേട്ടങ്ങളും സ്വന്തം. ഇക്കാലത്തിനിടെ ഏറ്റവും കൂടുതല്‍ ചിഹ്നങ്ങളില്‍ മാറിമാറി മത്സരിച്ച സ്ഥാനാര്‍ഥിയും മറ്റാരുമല്ല. 2011ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പത്മരാജനെ അതിശയിപ്പിച്ചത്. മേട്ടൂരില്‍ മത്സരിച്ച പത്മരാജന്‍ അന്ന് 6273 വോട്ടുകളാണ് നേടിയത്. അതാണ് ഏറ്റവും വലിയ വോട്ടുനേട്ടം.

മേട്ടൂരില്‍ ടയർ റീസോളിങ് സ്ഥാപനം നടത്തുന്ന പത്മരാജന്‍ 67-ാം വയസിലും പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ടിവികെ നായകനും നടനുമായ വിജയ്‌ക്കെതിരെ മത്സരിക്കാനാണ് തീരുമാനം. ജയവും തോല്‍വിയുമല്ല, രാജ്യത്തെ ഏതൊരു പൗരനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാ ഷകാം എന്നൊരു പ്രഖ്യാപനം മാത്രമാണ് പത്മരാജന്റെ സ്ഥാനാര്‍ഥിത്വം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com