

ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ അതികായന്‍റെ മരണത്തിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയേക്കാളും വലിയ ഭൂരിപക്ഷത്തിൽ എംഎൽഎ ആയി. പിതാവിന്‍റെ പാത തിരഞ്ഞെടുത്ത ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും കഴിഞ്ഞ 3 കൊല്ലത്തിൽ മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിച്ച് നിൽക്കെ യുഡിഎഫ് സക്കാരിനെക്കുറിച്ചും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ ന്യൂസ് മലയാളത്തോട് മനസ് തുറക്കുന്നു.
പിതാവ് ഉമ്മൻ ചാണ്ടിയുടെ ഒരു വലിയ രാഷ്ട്രീയ പാരമ്പര്യത്തിന് ചുവട് വെച്ചാണ് നിങ്ങൾ എത്തിയത്. അതിനപ്പുറം താങ്കളുടെ പൊളിറ്റിക്കൽ ജേർണി എങ്ങനെ ആവണം എന്നാണ് വിചാരിക്കുന്നത്?
അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ആ വ്യക്തിയെ പോലെ ജീവിക്കുക അസാധ്യമാണ്. അദ്ദേഹത്തെ പോലെ ആകണമെന്ന് ആഗ്രഹിച്ചാലും നടക്കില്ല. അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രം. അപ്പയുടെ ഓർമകൾ തീർച്ചയായും എന്നെ ആ പാതയിൽ നടത്തുവാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ആവുക എന്നതാണ് എന്‍റെ ആഗ്രഹം. എന്നെങ്കിലും ആകുമായിരിക്കാം.
ഒരു യുവ എംഎൽഎയായ നിലയിൽ ഇന്ന് കേരളത്തിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്? അവയ്ക്ക് പരിഹാരം കാണാൻ ഏത് തരത്തിലുള്ള നയങ്ങളാണ് ആവശ്യം?
ഡ്രഗ് അബ്യൂസും ആൽക്കഹോൾ അബ്യൂസുമാണ് ഇന്നത്തെ യുവജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇത് അതിൻറെ എക്ട്രീം എൻഡിൽ നിൽക്കുകയാണ്. അവരുടെ ജീവിതം നശിക്കുന്നത് അവരറിയുന്നില്ല. ഇത് അവസാനിപ്പിക്കാൻ സമയമായി. അതിന് സ്പോർട്ട്സ് ആണ് നല്ലത്. എന്നാൽ നമ്മളിതുവരെ ഇത്തരത്തിൽ ശ്രമിച്ചിട്ടില്ല. നമുക്ക് ഇഷ്ടം പോലെ സാഹചര്യങ്ങളുണ്ട് കുളങ്ങൾ, മൈതാനങ്ങൾ, പക്ഷേ അതൊന്നും നമ്മൾ ഡെവലപ്പ് ചെയ്ത് എടുത്തിട്ടില്ല, നമ്മുടെ കുട്ടികളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ല. നമ്മുടെ ഈ സാഹചര്യങ്ങൾ ഡെവലപ്പ് ചെയ്യുമ്പോൾ അവരുടെ സ്പോർട്ട്സ് ആൻഡ് സ്പിരിറ്റ് ഡെവലപ്പ് ചെയ്യാൻ സാധിക്കും, കഴിവിനെ ഡെവലപ്പ് ചെയ്യാൻ സാധിക്കും, വെല്ലുവിളികളെ നേരിടാനും ഇതിലൂടെ അവർ പ്രാപ്തരാകും. മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നുമെല്ലാം അവരെ തിരിക്കണമെങ്കിൽ ഇത് വളരെ അനിവാര്യമാണ്. സത്യത്തിൽ സ്പോർട്സിനെ ബേസ് ചെയ്തൊരു ഇൻഡസ്ട്രി കേരളത്തിൻറെ ഫ്യൂച്ചറാണ്. പക്ഷേ നമ്മളിത് വരെ അതിനെ ഫോക്കസ് ചെയ്തിട്ടില്ല. ഇത്തരത്തിൽ ഒരു സംവിധാനം ആവശ്യമാണ്. ഇത് തൊഴിലില്ലായ്മ പോലെയുള്ള വെല്ലുവിളികളെയും മറിക്കടക്കാൻ സാധിക്കും.
ജോലി എന്നതും വലിയ പ്രശ്നം തന്നെയാണ്. അതിന് വേണ്ടി നമുക്ക് ഇവിടൊരു സാഹചര്യം ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അതിനായി ചെന്നൈ, ബെംഗളൂരുവിലെ പോലെ കേരളത്തെ ഒരു നഗരമായി കണ്ട് ഐടി ഹബാക്കും. ഇതിൽ അടുത്ത സർക്കാർ ഊന്നൽ നൽകണം എന്നാണ് എന്‍റെ ആവശ്യം.
ഇന്ന് യുവാക്കൾ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നാണ് പലരുടെയും വിമർശനം. യുവതലമുറയുടെ വിശ്വാസം വീണ്ടെടുക്കാൻ രാഷ്ട്രീയ നേതാക്കൾ എന്തൊക്കെ ചെയ്യണം?
ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനമാണ് അതിനുള്ള പരിഹാരം, അത് നമുക്കെവിടെയോ നഷ്ടപ്പെട്ട് പോയി. അതാണ് മനുഷ്യർക്ക് രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെടാൻ കാരണം. എന്നും കാണുന്നവരോട് നമുക്കൊരു വിശ്വസമുണ്ടെല്ലോ. അതേസമയം കാണുന്നില്ലെങ്കിൽ ചിലപ്പോൾ അവർ നമ്മളെ മറന്നെന്നിരിക്കും. അതുകൊണ്ട് എന്നും ഗ്രാസ്റൂട്ട് ലെവൽ പൊളിറ്റിക്സ് ആണ് കേരളത്തിന് അനുയോജ്യം. ഇതില്ലാത്തത് കൊണ്ടാണ് ഇന്നത്തെ രാഷ്ട്രീയക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത്. ആ വിശ്വാസം തിരിച്ചെടുക്കാൻ അവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അതിനൊരു ഉത്തരം കണ്ടെത്തുവാനുള്ള ശ്രമം തുടരണം അതിലാണ് നമ്മുടെ വിജയം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളി മണ്ഡലത്തിന്റെ വികസനത്തിനായി എന്തൊക്കെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്?
എൻ്റെ പ്രധാന ലക്ഷ്യം പാമ്പാടിയിൽ ഒരു ഇൻ്റർനാഷണൽ സ്റ്റേഡിയമാണ്. സിവിൽ സ്റ്റേഷനും അവിടെ അനിവാര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാർ അതിന് ഓർഡർ ഇറക്കിയതാണ്, പക്ഷേ പല സാഹചര്യങ്ങൾ മൂലം അത് നടന്നില്ല. പിന്നെ പാമ്പാടി ബസ് സ്റ്റാൻഡ് വളർത്തിയെടുക്കണം. കോട്ടയത്ത് ഒരു റിലീജിയസ് ടൂറിസം കൊണ്ടുവരണം അതിന് വലിയ സ്കോപ്പുള്ള നാടാണ് നമ്മുടേത്. എന്നാൽ അതിനനുസരിച്ചുള്ള കാര്യങ്ങൾ നമുക്ക് ഡെവലപ്പ് ചെയ്യാൻ സാധിച്ചിട്ടില്ല. നമ്മുടെ സംസ്കാരവും, പൈതൃകവും നമ്മൾ സംരക്ഷിക്കണം. നമ്മൾ വെസ്റ്റിൽ നിന്ന് പല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്, ഹെറിറ്റേജ് സംരക്ഷണം അത് അവരുടെ കൾച്ചറാണ്. നമ്മൾ നമ്മുടെ പാരമ്പര്യത്തെയോ, സംസ്കാരത്തെയോ, പുരാണത്തെയോ സംരക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. നമ്മൾ പുരാതനമായ ക്ഷേത്രങ്ങൾ, പള്ളികൾ സംരക്ഷിക്കണം അതാണ് ശരിയായ പേട്രിയോടിസം. കാരണം പുതുപ്പള്ളിയുടെ മക്കളോട് പറയേണ്ടതുണ്ട് ഇവിടെ ആരൊക്കെ ഉണ്ടായിരുന്നു, നിങ്ങളും അങ്ങനെ ആയിത്തീരാൻ ശ്രമിക്കണം എന്നൊക്കെ. നമ്മുടെ സാംസകാരിക പൈതൃകം സംരക്ഷിക്കാനും അതുവഴി ജീവനോപാധിക്കൊപ്പം തന്നെ ചരിത്രത്തെ പറ്റി ബോധവാന്മാരാകാനും സാധിക്കും.
കേരളത്തിലെ ഭരണ സംവിധാനത്തിൽ ഒരു വലിയ പരിഷ്‌കരണം കൊണ്ടുവരാൻ അവസരം ലഭിച്ചാൽ, താങ്കൾ എന്താണ് മാറ്റാൻ ആഗ്രഹിക്കുന്നത്? അതിന്റെ കാരണം?
ജനങ്ങൾ എന്തൊരു ആവശ്യത്തിനും ഓഫീസിൽ കയറി ഇറങ്ങണ്ട. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്‍റിന്‍റെ കാലത്ത് റൈറ്റ് ടു സർവീസ് കൊണ്ടുവന്നിരുന്നു. പിന്നീട് കാലക്രമേണ അത് നടക്കാതെയായി. ജനങ്ങൾ ഓഫീസിൽ കയറേണ്ട ഏതൊരാവശ്യത്തിനും ആ ഡെലിവറി കൊടുക്കാനോ കിട്ടാനോ ഓഫീസ് വരാന്തകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഒരു എഫിഷ്യന്‍റ് ഗവൺമെന്‍റ് എന്ന് പറയുന്നത്. അപ്പോഴാണ് അവർ തുല്ല്യരാകുന്നത്.
പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
തീർത്തും പരാജയമാണെന്നതിൽ യാതൊരു സംശയവുമില്ല. 10 കൊല്ലം കിട്ടിയിട്ട് ഒരു പദ്ധതി തുടങ്ങി പൂർത്തീകരിക്കാൻ പറ്റിയോ ഈ സർക്കാരിന്? കഴിഞ്ഞ കൊല്ലം ധനകാര്യമന്ത്രി പറഞ്ഞു ഈ കൊല്ലം ബജറ്റ് സമ്മേളനത്തിൽ വരുന്ന എംഎൽഎമാർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അഞ്ച് മണിക്കൂറിനുള്ളിൽ എത്തുമെന്ന്.... എന്നിട്ട് അത് പൂർത്തീകരിക്കാൻ സാധിച്ചോ? അപ്പോൾ തന്നെ ഇടിഞ്ഞ് വീണു. അങ്ങനെയുള്ള ഒരു കേരളത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ മെട്രൊ കൊണ്ടുവന്ന് പൂർത്തയാക്കിയത്, കണ്ണൂർ എയർപോർട്ടിലെ ട്രയൽ റൺ നടത്തിയത്, വിഴിഞ്ഞത്തിന് തറക്കല്ലിട്ട് പണിതുടങ്ങിയത്. ഉമ്മൻ ചാണ്ടി സർക്കാരിൻറെ മാതൃക ഈ സർക്കാരിന് എടുക്കാമായിരുന്നു. പക്ഷേ എടുത്തിട്ടില്ല എന്ന് വ്യക്തമാണ്.
ഇലക്ഷൻ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്ത് എന്താണ് ജനങ്ങളോട് പറയാനുള്ളത് ?
ഉറപ്പായിട്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും. മെയ് അഞ്ചിന് ഞങ്ങള്‍ ഞങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി ഒത്തിരിയേറെ കാര്യങ്ങൾ ഈ നാടിന് വേണ്ടി ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു ആ പദ്ധതികൾ എല്ലാം നടപ്പിലാക്കുന്നൊരു ഗവൺമെൻ്റായി ഈ ഗവൺമെൻ്റ് മാറും എന്നതിൽ ഒരു സംശയവുമില്ല. അത് ഞങ്ങളുടെ ഉറപ്പാണ്.