"കോലീബി സഖ്യം മറക്കരുത്"; ആരോപണങ്ങൾക്ക് മറുപടി നൽകിയും വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം

സിപിഐഎം - ബിജെപി ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി...
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻSource: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ സിപിഐഎം - ബിജെപി ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോലീബി സഖ്യം ഓർമിപ്പിച്ച മുഖ്യമന്ത്രി നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെയെന്ന ചോദ്യവും ഉന്നയിച്ചു. രാഹുൽഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തൊട്ടാകെ സിപിഐഎമ്മിൻ്റെ ബിജെപിയുടെയും ഡീലുണ്ടെന്ന മാർ കൂറിലോസിൻ്റെ പ്രസ്താവനയിൽ അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ നാല് മണ്ഡലം കൺവെൻഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ മൂന്ന് വരെ നാൽപ്പത്തിയെട്ട് കേന്ദ്രങ്ങളിൽ എത്തും.

കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് നയിക്കാമെന്ന ലക്ഷ്യത്തിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയും നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ അണിനിരക്കുന്ന ചരിത്ര സംഭവമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിൻ്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിച്ചത്. അധികാരത്തിലെത്തിയാൽ പ്രകടനപത്രിക ചവറ്റുകുട്ടയിൽ എറിയുന്ന വലതുപക്ഷ രാഷ്ട്രീയ സംസ്കാരം ഇന്ന് കേരളത്തിന് അന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ വരുത്തിയത് 18 മാസത്തെ പെൻഷൻ കുടിശികയാണ്. യുഡിഎഫ് കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, പൊതുഗതാഗത മേഖലകളെല്ലാം തകർന്ന അവസ്ഥയിലായിരുന്നു. ആ ഇരുണ്ടകാലത്ത് നിന്നാണ് കേരളത്തെ പുനർനിർമ്മിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. തകർന്നുകിടന്ന ഓരോ മേഖലയും എൽഡിഎഫ് സർക്കാർ പുനരുജീവിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ
വീണാ ജോർജിനെതിരായ മത്സരത്തിന് പിന്തുണ; അബിൻ വർക്കിക്ക് കെട്ടിവയ്ക്കാൻ തുക നൽകി വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫ്

തകർന്നടിഞ്ഞ ഭൂതകാലത്തിൽ നിന്നും പ്രത്യാശയുടെയും വികസനത്തിന്റെയും പുതിയ തീരങ്ങളിലേക്ക് കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. ഈ ജനകീയ നയങ്ങൾ തുടരേണ്ടതുണ്ട് എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പത്ത് വർഷം മുൻപുള്ള ദുരവസ്ഥയിൽ നിന്നാണ് ഇന്ന് കാണുന്ന കേരളം പടുത്തുയർത്താൻ ആയത്. നാട്ടിലെ ഓരോ ആളുകളും അത് നേരിട്ട് അനുഭവിക്കുന്നതാണ്. എല്ലാ കുടുംബങ്ങളും വികസനത്തിന്റെ സ്വാദ് അറിയുന്നു. പഴയ ഇരുണ്ട കാലത്തേക്ക് നാടിനെ വലിച്ചു കൊണ്ടുപോകാൻ വലതുപക്ഷം വലിയ ശ്രമം നടത്തുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ തിളക്കമുള്ള വിജയം പ്രതീക്ഷിക്കുന്നു. നാടിന്റെ വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂ. നല്ല മുന്നേറ്റത്തോടെ എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സർക്കാർ നിലപാട് കൃത്യമെന്ന് ഹൈക്കോടതി വരെ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com