കണ്ണൂർ: അഴീക്കോട് കോൺഗ്രസിന്റെ വോട്ട് ചോർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി കരീം ചേലേരി. കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ പ്രതീക്ഷിച്ച വോട്ടിന്റെ പകുതി പോലും ലഭിച്ചില്ല. ലീഗ് കേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ കൃത്യമായി ലഭിച്ചു. ടീം യുഡിഎഫ് എന്ന വികാരം താഴെ തട്ടിൽ എത്തിക്കാൻ സാധിച്ചില്ലെന്നും വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് യുഡിഎഫിൽ ഉന്നയിക്കുമെന്നും കരീം ചേലേരി പറഞ്ഞു.
കോൺഗ്രസ് പ്രതീക്ഷിച്ച രീതിയിൽ ലീഗ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചില്ല എന്ന വിമർശനമാണ് കരീം ചേലേരി മുന്നോട്ട് വയ്ക്കുന്നത്. കണക്കുകൾ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇതേപ്പറ്റി പറയുന്നത്. അഴീക്കോട് മണ്ഡലത്തിൽ അഴീക്കോട് പഞ്ചായത്തിലും പാപ്പിനിശേരിയിലും വളപ്പട്ടണം പഞ്ചായത്തിലും ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. അവിടെ പ്രതീക്ഷിച്ച വോട്ടുകൾ ലീഗിന് അനുകൂലമായി വന്നിട്ടുണ്ട്. അതേസമയം, കണ്ണൂർ കോർപ്പറേഷനിൽ വരുന്ന പുഴാതി, പള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ കോൺഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്. വോട്ടിൽ വന്ന കുറവാണ് ഇത്തരത്തിലൊരു പരാജയത്തിലേക്ക് നയിച്ചത്. വെറും 380 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അഴീക്കോട് തോറ്റത്.
കോൺഗ്രസിൻ്റെ സ്വാധീന മേഖലകളിൽ എന്തുകൊണ്ട് വോട്ടുകൾ ലഭിച്ചില്ലെന്നും അതെങ്ങനെ സംഭവിച്ചു എന്നതും മുന്നണി ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാണ് അബ്ദുൽ കരീം ചേലേരി പറയുന്നത്.