കഴക്കൂട്ടത്ത് മീശ വിപ്ലവം! കോൺഗ്രസ് പ്രവർത്തകൻ്റെ പാതി മീശ പോയി

വാക്ക് കൊടുത്താൽ അത് പാലിക്കുന്നവനാണ് കോൺഗ്രസുകാരൻ എന്ന് തെളിയിക്കാനാണ് നൗഷാദ് പകുതി മീശ വടിച്ചത്
കഴക്കൂട്ടത്ത് മീശ വിപ്ലവം! കോൺഗ്രസ് പ്രവർത്തകൻ്റെ പാതി മീശ പോയി
Published on
Updated on

തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലേക്ക് കുതിക്കുമ്പോഴും തിരുവനന്തപുരത്തെ ഒരു കോൺഗ്രസ് പ്രവർത്തകൻ പകുതി സന്തോഷത്തിലും പകുതി സങ്കടത്തിലുമാണ്. കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദ് ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ് പന്തയം വച്ച നൗഷാദിന് ഒടുവിൽ നഷ്ടമായത് മീശയുടെ പകുതിയാണ്. പന്തയത്തിൽ തോറ്റാൽ മീശ വടിക്കുമെന്ന് വാക്ക് കൊടുത്ത നൗഷാദ്, ഫലം വന്നതിന് പിന്നാലെ നേരെ പോയത് ബാർബർ ഷോപ്പിലേക്കാണ്.

സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രവർത്തകർ ലഡു വിതരണം നടത്തിയും പടക്കം പൊട്ടിച്ചും വിജയം ആഘോഷിക്കുമ്പോൾ കഴക്കൂട്ടത്തെ നൗഷാദ് പാതി മീശ പോയതിന്റെ സങ്കടത്തിലാണ്. തെരഞ്ഞെടുപ്പ് ചൂട് ഉച്ചിയില്‍ നില്‍ക്കുന്ന സമയത്താണ് ചായക്കടയുടെ മുന്നിലിരുന്ന് സുഹൃത്തുക്കളുമായി നൗഷാദ് രസകരമായ ആ പന്തയം വച്ചത്. "കഴക്കൂട്ടത്ത് ശരത്ചന്ദ്രപ്രസാദ് ജയിച്ചില്ലെങ്കിൽ എന്റെ മീശ പകുതി ഞാൻ വടിക്കും" ഇതായിരുന്നു വെല്ലുവിളി. ഫലം വന്നപ്പോൾ യുഡിഎഫ് കേരളം പിടിച്ചെങ്കിലും കഴക്കൂട്ടം പിടി കൊടുത്തില്ല.

വാക്ക് കൊടുത്താൽ അത് പാലിക്കുന്നവനാണ് കോൺഗ്രസുകാരൻ എന്ന് തെളിയിക്കാൻ, നൗഷാദ് സമയമൊട്ടും പാഴാക്കിയില്ല. നേരെ പോയി ബാർബർ ഷോപ്പിലെ കസേരയിൽ ഇരുന്നു. ഇപ്പോൾ ഒരു വശത്ത് മീശയും മറുവശത്ത് ക്ലീൻ ഷേവുമാണ് നൗഷാദിന്റെ പുതിയ ലുക്ക്. പാർട്ടിയുടെ മിന്നും വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും കണ്ണാടിയിൽ നോക്കുമ്പോൾ ഉള്ളില്‍ വരുന്ന ചെറിയ വിഷമം നൗഷാദ് മറച്ചുവയ്ക്കുന്നില്ല. എന്തായാലും പന്തയം വച്ച സുഹൃത്തുക്കൾ നൗഷാദിന് ചുറ്റും തന്നെയുണ്ട്. ആശ്വസിപ്പിക്കാനല്ല, ആ പകുതി മീശ കണ്ട് ചിരിക്കാൻ. നൗഷാദിന്റെ ഈ മീശ വിപ്ലവം വരും ദിവസങ്ങളിലും കഴക്കൂട്ടത്തെ ചായക്കടകളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

News Malayalam 24x7
newsmalayalam.com