തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി സി.പി. ജോൺ മന്ത്രിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി. ജോണിനെ മന്ത്രിയാക്കുക എന്നത് യുഡിഎഫിന്റെ ദൗത്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു എംഎൽഎയെ ലഭിക്കുകയെന്നത് തിരുവനന്തപുരം സെൻട്രലിലെ ജനങ്ങൾക്ക് അഭിമാനകരമാകുമെന്നും വി.ഡി. സതീശൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മെയ് നാലിന് കാസർഗോഡ് നിന്നും വോട്ടെണ്ണൽ എറണാകുളം എത്തുമ്പോഴേക്കും യുഡിഎഫ് ഭൂരിപക്ഷം ഉറപ്പിക്കുമെന്നും, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലെ എല്ലാ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐഎം - ബിജെപി ഡീൽ സംസ്ഥാനത്തുടനീളമുണ്ടെന്ന് സതീശൻ ആരോപിച്ചു. പാലക്കാട്, കോന്നി, റാന്നി, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലൊക്കെ ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.