

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് പുതിയ ഓഫറുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫീ ഡേയുമായി സഹകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ ഓഫർ. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒൻപതിന് വോട്ട് ചെയ്ത് കഫെ കോഫി ഡേയിൽ എത്തുന്ന ആദ്യ 15 പേർക്ക് 25 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഫെ കോഫിഡേയുടെ സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഓഫർ ലഭിക്കും.
തെരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ സൗജന്യ യൂബർ യാത്രയും കന്നി വോട്ടർമാർക്ക് മധുര വിതരണവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സമ്മതിദായകർക്ക് പോളിങ് ബൂത്തുകളിലെത്താനാണ് ഊബർ ഇന്ത്യ സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഊബർ ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളിൽ ഈ സൗജന്യ സേവനം ലഭ്യമാകും. വോട്ടർമാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണമായും സൗജന്യമായിരിക്കും.
നിയസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന ക്യാംപെയിൻ്റെ ഭാഗമായാണ് തീരുമാനം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം. തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ക്യാംപെയിൻ്റെ ലക്ഷ്യം. ഓരോ ജില്ലയിലെയും 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യും.