

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തന്നെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം ജാഥയായി എത്തി ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിക്ക് മുൻപിൽ പത്രിക നൽകുമെന്ന് സുധാകരൻ അറിയിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ നേതാക്കളും ഒപ്പമുണ്ടാകും. പത്രിക നൽകിയതിന് ശേഷം തീരദേശ പ്രദേശങ്ങളിലൂടെ റോഡ് ഷോയും നടത്തും.
കൊല്ലം ജില്ലയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിക്കും കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലും, കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥുമാണ് ഇന്ന് പത്രി സമർപ്പിക്കുന്നത്. ബാലഗോപാൽ പതിനൊന്ന് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെത്തി തഹസിൽദാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിക്കുക. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് റിട്ടേണിങ് ഓഫീസർക്ക് പത്രിക നൽകും, പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ്‌കുമാറും യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയും 12 മണിക്കാണ് പത്തനാപുരം തഹസിൽദാർക്ക് മുൻപാകെ പത്രിക സമർപ്പിക്കുക.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നണികളുടെ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലേക്ക്. പല മണ്ഡലങ്ങളിലും ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. റോഡ് ഷോയും ഗൃഹ സന്ദർശന പരിപാടികളുമായി സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ കളം പിടിച്ചു കഴിഞ്ഞു.
ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൻഡിഎ ദേശീയ നേതാക്കളെ അടക്കം കേരളത്തിൽ എത്തിച്ചാണ് പ്രചാരണം നടത്തുന്നത്. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിൽ കാലതാമസം നേരിട്ട യുഡിഎഫും ഇന്നലെ മുതൽ മണ്ഡലങ്ങളിൽ പ്രചാരണം ശക്തമാക്കി. ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ച ഭൂരിഭാഗം സ്ഥാനാർഥികളും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഈ മാസം ഇരുപത്തിമൂന്നാം തീയതിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.