SPECIAL INTERVIEW | വ്യക്തിഹത്യ മനഃപ്രയാസമുണ്ടാക്കി, 'കാഫിർ സ്‌ക്രീൻഷോട്ട്' അടക്കമുള്ള വിവാദങ്ങൾ പേരാവൂരിൽ വിലപ്പോകില്ല: കെ.കെ. ശൈലജ

പേരാവൂർ മണ്ഡലത്തിന്റെ സ്വപ്നങ്ങളും വികസനത്തുടർച്ചയും രാഷ്ട്രീയ വെല്ലുവിളികളും ചർച്ചയാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ന്യൂസ് മലയാളത്തോട് മനസു തുറക്കുകയാണ് കെ.കെ. ശൈലജ
SPECIAL INTERVIEW | വ്യക്തിഹത്യ മനഃപ്രയാസമുണ്ടാക്കി, 'കാഫിർ സ്‌ക്രീൻഷോട്ട്' അടക്കമുള്ള വിവാദങ്ങൾ പേരാവൂരിൽ വിലപ്പോകില്ല: കെ.കെ. ശൈലജ
Published on
Updated on

കേരളം കണ്ട ഏറ്റവും ജനപ്രിയരായ മന്ത്രിമാരിൽ ഒരാൾ. നേതൃപാടവം കൊണ്ട് ലോകശ്രദ്ധ നേടിയ കരുത്തുറ്റ നേതാവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച കെ.കെ. ശൈലജ ഇക്കുറി ജനവിധി തേടുന്നത് തന്റെ സ്വന്തം തട്ടകമായ പേരാവൂരിൽ നിന്നാണ്. മണ്ഡലത്തിന്റെ സ്വപ്നങ്ങളും വികസനത്തുടർച്ചയും രാഷ്ട്രീയ വെല്ലുവിളികളും ചർച്ചയാകുന്ന ഈ പോരാട്ടത്തെക്കുറിച്ച് ന്യൂസ് മലയാളത്തോട് മനസു തുറക്കുകയാണ് കെ.കെ. ശൈലജ.

കഴിഞ്ഞ 15 വർഷമായി യുഡിഎഫിനൊപ്പം നിൽക്കുന്ന പേരാവൂർ മണ്ഡലം ഇടത് പക്ഷത്തേക്ക് മാറി ചിന്തിക്കുമെന്ന പറയുന്നത് എന്ത് ഉറപ്പിലാണ്?

കഴിഞ്ഞ 15 വർഷമായി യുഡിഎഫിനൊപ്പം നിന്ന പേരാവൂർ മണ്ഡലം ഇക്കുറി ഇടതുപക്ഷത്തേക്ക് മാറി ചിന്തിക്കുന്നു എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. ​ഈ കഴിഞ്ഞ അഞ്ച് വർഷം ഉണ്ടായിരുന്നിട്ട് കൂടി ഒന്നും ഈ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ല. എൽഡിഎഫ് ഭരിച്ച 10 വർഷക്കാലം എല്ലാ മണ്ഡലങ്ങൾക്കും പൊതുവായി ചെയ്ത വികസന പ്രവർത്തനങ്ങൾ ഈ മണ്ഡലത്തിലും ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേ പോലുള്ള കാര്യങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അത് ഇവിടെ വരിക തന്നെ ചെയ്യും. എന്നാൽ ജനപ്രതിനിധികൾ ഇടപെട്ട് നടത്തേണ്ടത് ഒന്നും ഇവിടെ വന്നിട്ടില്ല.

ജനപ്രതിനിധികൾ ഇടപെട്ട് മണ്ഡലത്തിന്റെ പ്രശ്നങ്ങൾ ഒരു പ്രോജക്റ്റായി ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് നമുക്ക് കൂടുതൽ പ്രവർത്തനങ്ങൾ കിട്ടുക. ഇവിടെ അങ്ങനെയൊരു ഇടപെടൽ കഴിഞ്ഞ 15 വർഷക്കാലമായി ഉണ്ടായിട്ടില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഈ 15 വർഷത്തിന് മുൻപ് 2006ൽ ഞാൻ പേരാവൂർ എംഎൽഎ ആയിരുന്ന സമയത്താണ് പ്രധാനപ്പെട്ട ചില അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവന്നത്. ജബ്ബാർക്കടവ് പാലം, ആറളം പാലം, ബാരാപോൾ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ്, പഴശ്ശി അണക്കെട്ടിന്റെ കരയിലുള്ള ടൂറിസം കേന്ദ്രം ഇതെല്ലാം കൊണ്ടുവരാൻ എനിക്ക് സാധിച്ചു. അതൊക്കെ അന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ എൽഡിഎഫ് സർക്കാരിന്റെ കാലത്തും അത്തരം പ്രൊജക്ടുകൾ സമർപ്പിച്ചിരുന്നെങ്കിൽ അതിനൊക്കെ അനുവാദം കിട്ടുമായിരുന്നു. അത്തരത്തിലൊന്നിനും ജനപ്രതിനിധി എന്ന തരത്തിലുള്ള ഇടപെടൽ ഈ 15 വർഷക്കാലം ഉണ്ടായിട്ടില്ല.

തനതായിട്ടുള്ള അത്തരം വികസന പ്രവർത്തനങ്ങളൊന്നും മണ്ഡലത്തിൽ ഇല്ല എന്നുള്ളതുകൊണ്ട് തന്നെ ഒരു മാറ്റം വേണം എന്നുള്ള ചിന്ത ഈ മണ്ഡലത്തിലെ ജനങ്ങൾക്ക് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ തെരഞ്ഞെടുക്കുകയാണെങ്കിൽ ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഇവിടെ കൊണ്ടുവരുന്നതിന് പരിശ്രമിക്കും. അതുകൊണ്ട് തന്നെയാണ് 15 വർഷം തുടർച്ചയായി ഉണ്ടായിരുന്ന ഒരാൾ തന്നെ തുടരണോ അതോ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ തയ്യാറുള്ള എന്നെ തെരഞ്ഞെടുക്കണമോ എന്ന ചോദ്യം ജനങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. അവർ ഒരുമാറ്റം ആ​ഗ്രഹിക്കുന്നുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ആരോഗ്യമന്ത്രി എന്ന നിലയിലുള്ള താങ്കളുടെ പ്രവർത്തനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ആ ഒരു 'ഇമേജ്' പേരാവൂരിൽ തുണയുക്കുമെന്ന പ്രതീക്ഷയുണ്ടോ?

2016 മുതൽ 2021 വരെ കേരത്തിന്റെ ആരോ​ഗ്യ വകുപ്പിന്റെ ചുമതല വഹിക്കാൻ കഴിഞ്ഞുവെന്നത് ഏറ്റവും വലിയ അനുഭവമായിരുന്നു. ആരോ​ഗ്യവകുപ്പിൽ വളരെ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. നിപ, കോവിഡ്, പ്രളയങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഉണ്ടായപ്പോൾ പോലും അതെല്ലാം പരിഹരിക്കാൻ നല്ല രൂതിയിൽ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്യവുമുണ്ട്. ആരോ​ഗ്യ രം​ഗത്തുണ്ടായ മാറ്റങ്ങളും വളരെ വലുതാണ്. അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ് വിശ്വാസം. വിഷമ സന്ധിയിൽ കൂടെ നിന്ന നേതൃത്വം നൽകിയ ഒരാൾ എന്ന് ചിന്തിക്കുന്നവരുണ്ട്. അവർ എനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം. മാത്രമല്ല മട്ടന്നൂരിൽ ഞാൻ കൊണ്ടുവന്ന മാറ്റങ്ങളുമായി മണ്ഡലത്തെ താരതമ്യം ചെയ്യാൻ ജനങ്ങൾക്ക് കഴിയും. അതെല്ലാം ഇവിടെയും വേണമെന്ന് പേരാവൂരുകാർക്കുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ ചെയ്യാൻ അവർ എനിക്ക് അവസരം തരുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഈ തെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനുള്ള ഒരു വിലയിരുത്തലായിരിക്കുമോ? സർക്കാരിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും പേരാവൂരിൽ ചർച്ചയാകില്ലേ?

ഈ തെരഞ്ഞെടുപ്പിൽ പത്ത് വർഷക്കാലത്തെ ഭരണം സ്വാഭിവികമായും ചർച്ച ചെയ്യപ്പെടും. ഈ രണ്ട് തവണത്തെ ഭരണത്തിലും എൽഡിഎഫ് സർക്കാർ കേരളത്തിൽ കൊണ്ടുവന്ന മാറ്റം വളരെ വലുതാണ്. അതിൽ വിഴി‍ഞ്ഞം പോലെയുള്ള വൻകിട സ്ഥാപനങ്ങളും വാട്ടർ മെട്രോ, വ്യാവസായിക ഇടനാഴി, വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ, കിൻഫ്രാ പാർക്കുകൾ എല്ലാം ഉണ്ടായിട്ടുണ്ട്. അതിന്റെ കൂടെ ജനങ്ങളുടെ ക്ഷേമവും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ കൂട്ടിയതും സ്ത്രീ സുരക്ഷാ പദ്ധതിയും ചെറുപ്പക്കാർക്കുള്ള കണക്ട് ടു വർക്ക് പോലുള്ള സ്കോളർഷിപ്പ്. ലൈഫ് മിഷൻ എല്ലാം ജനങ്ങൾക്ക് പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ സർക്കാരിനെതിരെ ഒരു വികാരം ഉണ്ടാകാനുള്ള ഒന്നുമില്ല. മാത്രമല്ല ഈ പ്രവർത്തനങ്ങളെല്ലാം സർക്കാരിന് അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പിന്നെ നമ്മളൊരു സംസ്ഥാനമാണ്. നമുക്ക് ആഗ്രഹിച്ച എല്ലാ കാര്യവും സാധിച്ചെന്ന് വരില്ല. കാരണം നമ്മുടെ നികുതി വിഹിതവും പദ്ധതി വിഹിതവുമൊക്കെ കേന്ദ്രം തരുന്നത് അനുസരിച്ചേ നമുക്ക് നടത്താൻ കഴിയുകയുള്ളു. എന്നിട്ടും നമ്മൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വളരെ വലുതാണ്. ഇതെല്ലാം ജനങ്ങൾ മനസിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

കാഫിർ സ്ക്രീൻഷോട്ട് അടക്കം താങ്കൾക്കെതിരെ ഉയരുന്ന വ്യക്തിപരമായ വിമർശനങ്ങളും വിവാദങ്ങളും പേരാവൂരിൽ ചർച്ചയാകില്ലേ? അതിനെ എങ്ങനെ പ്രതിരേധിക്കും?

തെര‍ഞ്ഞടുപ്പ് അടുക്കുമ്പോൾ ധാരാളം നുണപ്രചരണങ്ങൾ വരും. വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലും ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമായ പ്രചരണങ്ങളാണ് അവയെല്ലാം. ആ കൂട്ടത്തിലൊന്നാണ് കാഫിർ സ്ക്രീൻഷോട്ട് അടക്കമുള്ളത്. ഫേക്ക് ഐഡിയിൽ നിന്നാണ് അവ പ്രചരിപ്പിച്ചിട്ടുള്ളത്. അത് അന്ന് തന്നെ ഞാൻ വ്യക്തമാക്കിയിട്ടുമുണ്ട്. എനിക്കറിയില്ല അതിന് പിന്നിൽ ആരാണെന്നുള്ളത്. മനഃപ്രയാസം ഉണ്ടാക്കുന്ന രീതിയിൽ എതിരാളികളിൽ നിന്നും ഇത്തരം ചെയ്തികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും ഇനി വിലപോകില്ല എന്ന് തന്നെയാണ് വിശ്വാസം. ചിലർ അന്ന് അത് വിശ്വസിച്ചിരുന്നെങ്കിലും പിന്നീട് അവർക്കും മനസിലായി അത് സത്യമല്ലെന്ന്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ അത് വലിയ ചർച്ചയാക്കി എനിക്കെതിരെ തിരിച്ചുവിടാൻ സാധിക്കില്ല എന്നുതന്നെയാണ് വിശ്വാസം.

പേരാവൂരിലെ വോട്ടർമാർക്ക് കെ.കെ. ശൈലജ നൽകുന്ന ഏറ്റവും വലിയ ഉറപ്പ് എന്താണ്?

പേരാവൂർ മണ്ഡലത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ കൊണ്ടുവരാനുണ്ട്. അതിൽ പ്രധാനമാണ് ആറളം ഫാം. ലോകോത്തര നിലവാരമുള്ള കൃഷി ഫാം ആയി വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണാത്. അതിന് ചില കാര്യങ്ങൾ സർക്കാർ നേരിട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ച് കൂടി മെച്ചപ്പെടുത്തി മാസ്റ്റർ പ്ലാൻ ഒക്കെ തയ്യാറാക്കി വലിയ നിലയിൽ അത് സർക്കാരിനോട് ആവശ്യപ്പെടേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജിന്റെ നാടാണ് ഇത്. ഇവിടെ ഇതുവരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്പോർട്സ് സെന്റർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. മട്ടന്നൂരിൽ ഞാൻ 24 കോടിയുടെ ഒരു ഇൻഡോർ സ്റ്റേഡിയവും നീന്തൽക്കുളം അടക്കമുള്ള ഒരു സ്പോർട്സ് കോംപ്ലക്സും കിഫ്ബിയിൽ ഇടപെട്ട് വാങ്ങിയെടുത്തിട്ടുണ്ട്. അത്തരത്തിലൊന്നിന് നല്ല പരിശ്രമം വേണം. സ്പെഷ്യലായിട്ട് ഒരു പ്രോജക്റ്റ് വരുന്നത് ഒരു ജനപ്രതിനിധിയുടെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്.

മുന്നേ ഞാൻ എംഎൽഎ ആയിരുന്നപ്പോഴാണ് ഇവിടെ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിക്ക് മുന്നിലുള്ള സ്റ്റേഡിയത്തിന് ഒരു ചെറിയ തുക അനുവദിച്ചത്. അന്ന് കിഫ്ബി ഒന്നുമില്ല. പക്ഷെ പിന്നീട് അവിടെ വലിയ വികസനമൊന്നും ഉണ്ടായിട്ടില്ല. വീണ്ടും ജനപ്രതിനിധിയായി വരികയാണെങ്കിൽ നല്ലൊരു സ്പോർട്സ് കോംപ്ലക്സ് ഈ മണ്ഡലത്തിൽ ഉണ്ടാവണം എന്നതാണ് ആ​ഗ്രഹം. കൂടാതെ കൊട്ടിയൂർ അമ്പലത്തിലെ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാവശ്യമായ കാര്യങ്ങൾക്കുവേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തന്നെ തയ്യാറാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകണം.

നല്ല ടൂറിസം സാധ്യതയുള്ള പ്രദേശമാണ് പേരാവൂർ. മട്ടന്നൂരിൽ 'എക്കോ പ്ലാനറ്റ്' എന്ന് പറഞ്ഞ് ഒരു ടൂറിസം പദ്ധതി പഴശ്ശി അണക്കെട്ടിന്റെ കരയിൽ ഞാൻ ആരംഭിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം പൂർത്തിയായി, രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിട്ടു. പക്ഷെ ഇവിടെ അങ്ങനെയൊരു ടൂറിസം പ്രോജക്റ്റൊന്നും ഇതുവരെ കൊണ്ടുവന്നിട്ടില്ല. പിന്നെയും ഒട്ടേറെ കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. അവ ഓരോന്നായി അവരെ കൂടെ നിന്ന് നേടിയെടുക്കണമെന്നാണ് ആ​ഗ്രഹം. ജനങ്ങളുടെ കൂടെ നിന്ന് സാധ്യമായ അത്ര വികസനം മണ്ഡലത്തിഷ ഉണ്ടാക്കും എന്നാണ് എന്റെ ഉറപ്പ്. അവർക്ക് നൽകുന്ന ഏറ്റവും വലിയ ഒറപ്പ് അവരുടെ കൂടെ നിന്ന് അവരുടെ വിഷമങ്ങൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും ഒരു എംഎൽഎ ആയി ഞാൻ കൂടെയുണ്ടാവും എന്നത് തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com