ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണയേറുന്നു. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരാണ് ടിവികെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനവിധിയെ ഗവർണർ മാനിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രകാശ് രാജും പറഞ്ഞു. വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണം. ഇനിയും ഇക്കാര്യത്തിൽ താമസം പാടില്ലെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.
ഇതിനിടെ വിജയ് രാവിലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 118 പേരുടെ പിന്തുണ കത്ത് ലഭിക്കാതെ മന്ത്രിസഭാ രൂപീകരണത്തിന് ടിവികെയെ ക്ഷണിക്കില്ലെന്നാണ് ഗവർണറുടെ നിലപാട്. 118 പേരുടെ പട്ടിക വേണമെന്ന നിലപാടിലാണ് ഗവർണർ ഉള്ളത്. നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും അല്ലാതെ ഗവർണറുടെ മുന്നിൽ അല്ലയെന്ന വാദമാണ് ഉയരുന്നത്. ഇത് ഭരണഘടന വിരുദ്ധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന വാദം.
വിജയ്‌യുടെ വൈ കാറ്റഗറി സുരക്ഷ പുനഃസ്ഥാപിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല. സായുധ കമാൻഡോ സുരക്ഷയും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.