

തിരുവനന്തപുരം: വൈക്കത്ത് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിൽ പോയി ജീവനൊടുക്കേണ്ടി വന്നത് മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐക്കെതിരെ കർഷകൻ ആരോപണം ഉന്നയിച്ചിരുന്നു. കർഷകരെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
അതേസമയം, 2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തിൽ ഞെട്ടി തരിച്ചിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മാത്യു കുഴൽനാടൻ പറഞ്ഞത് കൃത്യമായ കാര്യം. ഇതിൽ മുഖ്യമന്ത്രി കേരളത്തിനോട് മറുപടി പറയണം. ഗുരുതരമായ ആരോപണത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ സമാധാനം പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കൽ സൊസൈറ്റിയാണ് സിപിഐഎമ്മിൻ്റെ സാമ്പത്തിക സ്രോതസെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ടെൻഡറില്ലാതെയാണ് കരാർ നൽകുന്നത്. പ്രധാനമന്ത്രിക്ക് അദാനി എങ്ങനെയോ അത് പോലെയാണ് മുഖ്യമന്ത്രിക്ക് ഊരാളുങ്കൽ സൊസൈറ്റി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.