തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 'മെറ്റയില്‍' കൂടുതല്‍ പണം പൊടിക്കുന്നത് ആര്? കണക്കുകള്‍ പുറത്ത്

പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള ആഴ്ചയിലെ കണക്കാണ് ഇത്. അതിനാല്‍ തന്നെ ഏപ്രില്‍ 3 മുതല്‍ 7 വരെ പരസ്യത്തിന് മുടക്കുന്ന തുക വീണ്ടും വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
Kerala Election 2026: BJP Tops Social Media Ad Spend, Meta Data Reveals
Kerala Election 2026: BJP Tops Social Media Ad Spend, Meta Data RevealsNews Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പിലാണ്. ഏപ്രില്‍ 9ന് കേരളം വിധിയെഴുതും. ഏപ്രില്‍ 7ന് പരസ്യപ്രചാരണം അവസാനിക്കും. സോഷ്യല്‍ മീഡിയ വാളുകളില്‍ ഇതിനകം തന്നെ വലിയതോതിലുള്ള പ്രചാരണ പരിപാടികളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. വലിയതോതിലുള്ള പെയ്ഡ് ക്യാംപെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്നുണ്ട്. ഇതില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്ന വ്യത്യാസം കാണുന്നില്ല.

മെറ്റ ആഡ് ലൈബ്രറി കണക്ക് പ്രകാരം മൂന്ന് മുന്നണികളും ഔദ്യോഗികമായി തങ്ങളുടെ പേജിലൂടെ നല്‍കിയ പരസ്യത്തിന്‍റെ കണക്ക് വ്യക്തമാണ്. 28 മാര്‍ച്ച് മുതല്‍ - 3 ഏപ്രില്‍ 2026 വരെയുള്ള ഒരാഴ്ചത്തെ കണക്ക് പ്രകാരം കേരളത്തില്‍ മെറ്റയില്‍ ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയത് കേരള ബിജെപി ഘടകമാണ്. ഏഴു ദിവസത്തില്‍ ബിജെപി കേരളം 80 ലക്ഷത്തോളം രൂപയാണ് 507 പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്. കൃത്യമായി പറഞ്ഞാല്‍ 80,68,329 രൂപ.

രണ്ടാം സ്ഥാനത്ത് കേരളത്തില്‍ കോണ്‍ഗ്രസാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള 50,45,203 രൂപയാണ് 428 പരസ്യങ്ങള്‍ക്ക് ചിലവാക്കിയത്. എല്‍ഡിഎഫ് മൂന്നാമതാണ്. എല്‍ഡിഎഫ് കേരളം എന്ന അക്കൗണ്ടില്‍ നിന്നും 10,68, 691 രൂപയുടെ പരസ്യമാണ് നല്‍കിയിരിക്കുന്നത്. അത് കൂടാതെ എല്‍ഡിഎഫ് കേരളം പേജില്‍ നിന്ന് തന്നെ പരസ്യ ഏജന്‍സി മൈത്രിയും 6,77,297 രൂപയുടെ പരസ്യം ചെയ്തിട്ടുണ്ട്. ഇത് രണ്ടും പരിഗണിച്ചാല്‍ എല്‍ഡിഎഫ് കേരളം എന്ന പേജില്‍ നിന്നും 17,45,988 രൂപയുടെ പരസ്യം ചെയ്തിട്ടുണ്ട്.

ഇതിന് പുറമേ കേരളത്തിലെ മുന്നണികളുമായി ബന്ധപ്പെടുന്നുവെന്ന് തോന്നുന്ന പേജുകളും പരസ്യത്തിനായി നല്ല തുക മുടക്കിയിട്ടുണ്ട്. 243 പരസ്യങ്ങള്‍ ചെയ്ത നമ്പര്‍ വണ്‍ കേരളം എന്ന പേജില്‍ നിയോ ഡിജിറ്റല്‍ ഗ്രൂപ്പ് 1,167,185 രൂപയുടെ പരസ്യം ചെയ്തിട്ടുണ്ട്. ഇതിലെ പരസ്യങ്ങള്‍ എല്‍ഡിഎഫ് അനുകൂലമാണ്. എന്‍ഡിഎ പരസ്യങ്ങള്‍ ചെയ്യുന്ന പേജായ മോദിപട 187 പരസ്യങ്ങള്‍ക്കായി 7,64,974 രൂപയാണ് മുടക്കിയിരിക്കുന്നത്. എല്‍ഡിഎഫുമായി ബന്ധമുള്ള കേരള ക്യാപ്റ്റന്‍ എന്ന പേജ് 7.27 ലക്ഷം പരസ്യങ്ങള്‍ക്കായി മുടക്കിയിട്ടുണ്ട് എന്നാണ് മെറ്റ ആഡ് ലൈബ്രറി പറയുന്നത്.

പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള ആഴ്ചയിലെ കണക്കാണ് ഇത്. അതിനാല്‍ തന്നെ ഏപ്രില്‍ 3 മുതല്‍ 7 വരെ പരസ്യത്തിന് മുടക്കുന്ന തുക വീണ്ടും വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. അതേ സമയം ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടിലും ബംഗാളിലും ഇതേ അവസ്ഥയിലാണ് മെറ്റ ക്യാംപെയിന്‍ പുരോഗമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com