അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?

16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും മത്സരത്തിന് എത്തുന്നത്.
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?
Published on
Updated on

അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കു നേര്‍ മത്സരിച്ചവര്‍ വീണ്ടും പോരിനിറങ്ങുന്നു, 16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും പോരിനിറങ്ങുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമാകും?. തോറ്റവര്‍ക്ക് പകരം ചോദിക്കാനും ജയിച്ചവര്‍ക്ക് അതൊന്ന് കൂടി ഉറപ്പിക്കാനുമുള്ള അവസരമാണിത്. പത്ത് വര്‍ഷത്തെ ഭരണവും രാഷ്ട്രീയ കൂടുമാറ്റവും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുമെന്ന് കാത്തിരുന്ന് കാണാം.

മഞ്ചേശ്വരത്ത് 2021-ല്‍ എന്‍ഡിഎയ്ക്കു വേണ്ടി കെ. സുരേന്ദ്രനും യുഡിഎഫിനു വേണ്ടി എ.കെ.എം. അഷ്‌റഫുമാണ് കളത്തിലിറങ്ങിയത്. 745 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഷ്റഫ് ജയിച്ചപ്പോള്‍ സുരേന്ദ്രന്‍ രണ്ടാമതായി. എല്‍ഡിഎഫിൻ്റെ വി.വി. രമേശന് മൂന്നാമതേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇത്തവണയും എ.കെ.എം. അഷ്‌റഫും കെ. സുരേന്ദ്രനും പോരിന് ഇറങ്ങുമ്പോള്‍ അഷ്‌റഫിന് അത് സിറ്റിങ് സ്ഥാനം ഉറപ്പിക്കാനുള്ളതും, സുരേന്ദ്രന് കഴിഞ്ഞ തവണ കൈവിട്ട ജയം ഇത്തവണ ഉറപ്പിക്കാനുമുള്ള പോരാട്ടം.

സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിനായി എം.എസ്. വിശ്വനാഥനും യുഡിഎഫിനായി ഐ.സി. ബാലകൃഷ്ണനുമാണ് മത്സരിച്ചത്. വിജയം ബാലകൃഷ്ണനൊപ്പമായിരുന്നു. ഇക്കുറിയും ഇവര്‍ മത്സരത്തിന് ഇറങ്ങുന്നത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടുന്നു.

കുറ്റ്യാടിയും ഇത്തവണ ക്ലാസിക് പോരാട്ടത്തിലാണ് സാക്ഷ്യം വഹിക്കുന്നത്. എല്‍ഡിഎഫിനുവേണ്ടി സിപിഐഎമ്മിൻ്റെ കെ.പി. കുഞ്ഞമ്മദ് കുട്ടിയും യുഡിഎഫിനുവേണ്ടി പാറക്കല്‍ അബ്ദുള്ളയുമാണ് കളത്തിലിറങ്ങുന്നത്. 2021 ല്‍ വെറും 333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. പി. കുഞ്ഞമ്മദ് കുട്ടി നിയമസഭയിൽ എത്തിയത്. അതാകട്ടെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിൽ ഒന്ന്.

2021-ല്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃത്താല. 2011ലും 2026 ലും വിജയക്കൊടി പാറിച്ച യുഡിഎഫിനു വേണ്ടി വി.ടി. ബല്‍റാമിനെ നേരിടാന്‍ എല്‍ഡിഎഫ് കളത്തിലിറക്കിയത് എം.ബി. രാജേഷിനെ ആയിരുന്നു. അന്ന് ബല്‍റാമിനെ അട്ടിമറിച്ച് എം.ബി. രാജേഷ് വിജയിച്ചു. തൃത്താല ഇത്തവണ ആര്രെ തുണയ്ക്കും

മലമ്പുഴയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിനു വേണ്ടി എ. പ്രഭാകരനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി. കൃഷ്ണകുമാറുമായിരുന്നു മത്സരരംഗത്ത്. 25734 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പ്രഭാകരന്‍ ജയിച്ചു. ഇത്തവണയും ഇവര്‍ ഇരുവരും തന്നെയാണ് എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുമായി രംഗത്തിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥിയാകട്ടെ സാക്ഷാൽ വിഎസിൻ്റെ പിഎ ആയിരുന്ന എ. സുരേഷും. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാകും മലമ്പുഴ.

അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ഇവരിൽ ആരെ തുണയ്ക്കും?
പാർട്ടി vs വിമതർ; കണ്ണൂരിൽ ജയം ആർക്കൊപ്പം?

ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് വേണ്ടി ആര്‍. ബിന്ദുവും യുഡിഎഫിനുവേണ്ടി തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു പോരാട്ടം. 5949 വോട്ടിന് അന്ന് ബിന്ദു ജയിച്ചു, മന്ത്രിയുമായി. ഇക്കുറിയും ഇവര്‍ ഇരുവരുമാണ് തെരഞ്ഞെടുപ്പ് കളത്തിലെത്തിൽ നേർക്കുനേർ. കളമശേരിയില്‍ എല്‍ഡിഎഫിനായി പി. രാജീവും യുഡിഎഫിനായി വി.എ. അബ്ദുള്‍ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ 15336 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ജയിച്ചത്. ഇത്തവണയും മണ്ഡലത്തിലെ പോരാളികള്‍ ഇവര്‍ തന്നെയാണെന്നത് പ്രചാരണത്തിന് ആവേശം ഉയർത്തുന്നുണ്ട്.

കുന്നത്തുനാട്ടില്‍ കഴിഞ്ഞതവണ മത്സരം എല്‍.ഡി.എഫിന്‍റെ പി.വി. ശ്രീനിജനും യുഡിഫിൻ്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. പതിറ്റാണ്ടുകളായി യുഡിഎഫിനൊപ്പം നിന്ന കുന്നത്തുനാട്ടില്‍ ഇടത് കൊടി നാട്ടി ശ്രീനിജന്‍ ജയിച്ചു. ഇത്തവണയും ശ്രീനിജിന്‍ മത്സരത്തിന് എത്തുമ്പോള്‍ സീറ്റ് ഉറപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമം. സീറ്റ് തിരിച്ചു പിടിക്കാനുറച്ച് യുഡിഎഫും ശക്തമായി രംഗത്തുണ്ട്. ട്വൻ്റി ട്വൻ്റിയുടെ സ്വധീനവും രാഷ്ട്രീയ കൂടുമാറ്റവുമൊക്കെ ഇത്തവണത്തെ രെതഞ്ഞെടുപ്പ് ഫലത്തിൽ നിര്‍ണായകം.

കോതമംഗലത്ത് 2021-ല്‍ എല്‍ഡിഎഫിനുവേണ്ടി ആന്റണി ജോണും യുഡിഎഫിനുവേണ്ടി ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോണ്‍ ജയിച്ചത്. അഞ്ചാണ്ട് മുന്‍പു നഷ്ടമായ മണ്ഡലം പിടിക്കാനുള്ള പോരാട്ടത്തിന് ഷിബു തെക്കുംപുറം അരയും തലയും മുറക്കുമ്പോള്‍ സീറ്റ് നിലനിര്‍ത്താനുള്ള അക്ഷീണ പ്രയ്തനത്തിലാണ് ആന്റണി ജോണും എൽഡിഎഫും.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാല. ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മില്‍ മത്സരിച്ചപ്പോള്‍ പാലായിലെ ജനങ്ങള്‍ കാപ്പനൊപ്പം നിന്നു. 1967 മുതല്‍ 2019 ല്‍ മരണം വരെ കെ. എം. മാണിയായിരുന്നു പാലയുടെ എംഎല്‍എ. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മണ്ഡലം കൈവിട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി. കാപ്പന്‍ ജയിച്ച് ചരിത്രം തിരുത്തി. 2021ലെ തെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. പിന്നാലെ പതിറ്റാണ്ടുകളോളം ഇടതുമുന്നണിക്കൊപ്പം നിന്ന മാണി സി. കാപ്പനും അനുയായികളും യുഡിഎഫിലെത്തി. തെരഞ്ഞെടുപ്പിൽ കോപ്പ് കൂട്ടിയിട്ടും എന്നിട്ടും മാണി സി. കാപ്പൻ്റെ വിജയം തടയാൻ ജോസ് കെ.മാണിക്ക് കഴിഞ്ഞില്ല.

കേരളാ കോണ്‍ഗ്രസിന്‍റെ വിളനിലമായ കോട്ടയം. കോട്ടയത്ത് 2021-ല്‍ എല്‍ഡിഎഫിനു വേണ്ടി കെ. അനില്‍കുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു കളത്തിലിറങ്ങിയത്. 18743 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തിരുവഞ്ചൂര്‍ വിജയിച്ചു. ഇക്കുറിയും അനില്‍കുമാറും തിരുവഞ്ചൂരുമാണ് ഇരുമുന്നണികള്‍ക്കുമായി അങ്കത്തിനിറങ്ങുന്നത്.

പൂഞ്ഞാറില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍‍ കുളത്തിങ്കല്‍ വിജയിച്ചപ്പോള്‍ കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ആയിരുന്നു രണ്ടാമതെത്തിയത്. ഇക്കുറിയും സെബാസ്റ്റ്യന്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍ ഇക്കുറി പി.സി. ജോര്‍ജ് ജനവിധിതേടുന്നത് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് എന്ന പ്രത്യേകതയും പൂഞ്ഞാറിന് ഉണ്ട്.

അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികള്‍ തന്നെയാണ് ഇത്തവണയും പോരിന് ഇറങ്ങുന്നത്. എല്‍ഡിഎഫിനു വേണ്ടി ദലീമയും യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും. കഴിഞ്ഞ തവണ 7013 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദലീമയുടെ വിജയം. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഷാനി മോള്‍ വിജയിച്ച് നിയമസഭയിലെത്തി. എന്നാൽ 2021 ൽ ദലീമ മണ്ഡലം തിരിച്ചെടുത്തു.

ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി സുജിത് വിജയന്‍ പിള്ളയും യുഡിഎഫിനുവേണ്ടി ആര്‍എസ്പിയുടെ ഷിബു ബേബി ജോണുമായിരുന്നു 2021-ല്‍ ഏറ്റുമുട്ടിയത്. അന്ന് ഷിബു ബേബി ജോണിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇക്കുറിയും ഇവര്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കളത്തില്‍.

പത്തനാപുരത്ത് കഴിഞ്ഞ തവണത്തെ എതിരാളികള്‍ ഇത്തവണയും ഏറ്റുമുട്ടുന്നു. എല്‍ഡിഎഫിന്റെ ഗണേഷ്‌കുമാറും യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയും ആയിരുന്നു. ഇക്കുറിയും പത്തനാപുരം ലക്ഷ്യമിട്ടിറങ്ങുന്നത് ഇവര്‍ തന്നെ. ചടയമംഗലത്തെ ഇത്തവണത്തെ പോരാട്ടം എല്‍ഡിഎഫിന്റെ ജെ. ചിഞ്ചുറാണി യു.ഡി.എഫിന്‍റെ എന്‍.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അന്നത്തെ എതിരാളികളിൽ ആരൊക്കെ ജയിക്കുമെന്നും തോൽക്കുമെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ഇവരിൽ ആരൊക്കെ ഭൂരിപക്ഷം ഉയർത്തുമെന്നും, അട്ടിമറി നടക്കുമോ എന്നും കണ്ടറിയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com