

കാസര്‍ഗോഡ്: എസ്ഡിപിഐ വോട്ട് തള്ളാതെ മഞ്ചേശ്വരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്‍. ജയാനന്ദ. ഒരാളെയും വിട്ടുകളിയില്ലെന്നും എല്ലാവരോടും വോട്ട് ചോദിക്കുന്നുണ്ടെന്നും ജയാനന്ദ പറഞ്ഞു. താന്‍ വോട്ടു ചോദിക്കുന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍ ഉണ്ടാകാം. ആര് തനിക്ക് വോട്ട് ചെയ്യുന്നു, ചെയ്യില്ല എന്ന് തനിക്ക് അറിയില്ലെന്നും മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുമെന്നും ജയാനന്ദ പറഞ്ഞു.
'സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് എല്ലാവരോടും വോട്ട്‌ചോദിക്കുന്നുണ്ട്. ഒരാളെയും വിടുന്നില്ല. അതില്‍ ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും എസ്ഡിപിഐയും ലീഗും തുടങ്ങി, സകലമാന മനുഷ്യരും ഉണ്ടാവും. എല്ലാവര്‍ക്കും കൈ കൊടുക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുന്നുണ്ട്. അത് സ്വാഭാവികമായും സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് ചെയ്യുന്നതാണ്. ആര് ഇടുന്നു, ഇല്ല എന്നത് എനിക്ക് പറയാന്‍ കഴിയില്ല. എല്‍ഡിഎഫിലെ പൊതുവികാരം എല്‍ഡിഎഫിനൊപ്പമാണ്. മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കും,'
നേരത്തെ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫും നേരത്തെ എസ്ഡിപിഐ വോട്ട് ചെയ്യുന്നതിനെ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പി.എം.എ സലാം ഉള്‍പ്പെടെ വ്യക്തമാക്കിയതാണെന്നും അതിനാല്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് എ.കെ.എം അഷ്‌റഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
എസ്ഡിപിഐ വോട്ട് വാങ്ങുന്ന കാര്യത്തില്‍ എല്‍ഡിഎഫും കൃത്യമായ നിലപാട് ഇതുവരെ പ്രകടിപ്പിച്ചിരുന്നില്ല. വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന പൊതുവായ നിലപാട് പറഞ്ഞെങ്കിലും എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്തിട്ടില്ല. ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്ന് നേരത്തെ വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ വി ശിവന്‍കുട്ടിയായിട്ട് ആരോടും വോട്ട് ചോദിച്ചിട്ടില്ലെന്നും ആരെങ്കിലും വോട്ട് ചെയ്താല്‍ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.