

ചെന്നൈ: തമിഴ്‌നാട്ടിൽ 108 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ വിജയ്‌യെ അഭിനന്ദിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. "ജനവിശ്വാസം ഒരു യഥാർത്ഥ ബഹുമതിയാണ്. സേവനത്തിൻ്റെ ഈ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടെയും ലക്ഷ്യബോധത്തോടെയും അത് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," തമിഴകത്തിൻ്റെ വരുംകാല മുഖ്യമന്ത്രിയെ മോഹൻലാൽ പ്രശംസിച്ചു.
"പ്രിയപ്പെട്ട വിജയ്, ഈ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു, അവരുടെ വിശ്വാസം ഒരു യഥാർത്ഥ ബഹുമതിയാണ്. സേവനത്തിൻ്റെ ഈ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടെയും ലക്ഷ്യബോധത്തോടെയും ഇത് ധരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എൻ്റെ ആശംസകൾ," എന്നാണ് മോഹൻലാലിൻ്റെ കുറിപ്പ്.
അതേസമയം, കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിനേയും നേതാക്കളേയും മോഹൻലാൽ അഭിനന്ദിച്ചു. "കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ, ഒപ്പം നാടിൻ്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു," മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.