തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോര് കനക്കുന്നതിനിടെ ആരോപണ പ്രത്യാരോപണങ്ങളുമായി എം.വി. ഗോവിന്ദനും വി.ഡി. സതീശനും. നൊബേൽ സമ്മാനം കിട്ടാനായി നുണ പറയുന്ന ആളാണ് സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഓരോ ദിവസവും രാവിലെ മുതൽ രാത്രി വരെ ഓരോ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശൻ മാറിക്കഴിഞ്ഞു. പാലക്കാട് സിപിഐഎം-ബിജെപി ഡീലും ഇത്തരത്തിലൊരു ആരോപണമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
രണ്ടാം തവണ അധികാരത്തിലെത്തിയത് പുതിയ ചരിത്രമായിരുന്നു. ഇനി മൂന്നാം ടേമിലേക്കുള്ള യാത്രയാണ്. അതിലേക്ക് കേരളത്തിലെ ഭരണസംവിധാനം നീങ്ങാൻ പോകുകയാണ്. ആ ജനവിധിയാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി ചെയ്യാൻ പോകുന്നത് എന്ന് ഇപ്പോഴേ സമ്മതിച്ച കാര്യമാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷം വിമർശനാത്മക രീതിയിൽ എന്തെങ്കിലും ചൂണ്ടിക്കാണിച്ചു എന്നല്ലാതെ, ഒരു വിമശനവും ഉന്നയിക്കാൻ സാധിക്കാതെ, എല്ലാ വികസന പ്രവർത്തനങ്ങൾക്കും എതിരാണ് എന്ന പ്രചാരവേലയാണ് അവർ നടത്തിയത്. അതായിരിക്കും യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ തിരിച്ചടിയെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
നുണ പറയുന്നതിനുള്ള നൊബേൽ സമ്മാനം എം.വി. ഗോവിന്ദനുള്ളതാണ് എന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. കേരളത്തിലെ ഏറ്റവും വലിയ നുണയാൻമാരിൽ ഒരാൾ ഗോവിന്ദനാണ് എന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും സതീശൻ ചോദിച്ചു. വീണ ജോർജിൻ്റെ കാര്യത്തിൽ കഴുത്ത് ഞെരിച്ചെന്ന് അല്ലെ പെരും നുണ പറഞ്ഞത് എന്നും സതീശൻ പ്രതികരിച്ചു.
പാലക്കാട് സിപിഐഎം ബിജെപി ഡീൽ നടക്കുന്നുണ്ടെന്ന് വി. ഡി. സതീശൻ ആരോപണം ആവർത്തിച്ചു. ബിജെപിയെ ജയിപ്പിക്കാൻ മനപ്പൂർവം നിർത്തിയ സ്ഥാനാർഥിയാണ് എൽഡിഎഫിൻ്റേത്. പകരം സിപിഐഎമ്മും ബിജെപിയും തമ്മിൽ കച്ചവടം നടക്കുന്നു എന്നും സതീശൻ പറഞ്ഞു.
പൊന്നാനിയെ മുസ്ലീം ആസ്ഥാനം എന്നാണ് പറയാറ്. അവിടെ നിന്ന് ഹിന്ദു എംഎൽഎമാർ ഉണ്ടായിട്ടുണ്ട്. അത് കേരളത്തിൻ്റെ സവിശേഷതയാണ്. ജാതിയും മതവും പറഞ്ഞു വോട്ട് പിടിക്കുന്നത് ബിജെപിയുടെ രീതി. അതിൽ എന്ത് പുതുമയാണുള്ളത്. ഇത്തരം ആരോപണങ്ങളിൽ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി.