വിജയത്തിളക്കത്തെ കോൺഗ്രസ് കെടുത്തരുത്, കെ.സി. മുഖ്യമന്ത്രി ആയാൽ ജനവികാരം എതിരാകും: നാസർ ഫൈസി കൂടത്തായി

കെ.സി. കേന്ദ്ര രാഷ്ട്രീയത്തിൽ തുടരണമെന്നും, കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും നാസർ ഫൈസി കൂടത്തായി...
വിജയത്തിളക്കത്തെ കോൺഗ്രസ് കെടുത്തരുത്, കെ.സി. മുഖ്യമന്ത്രി ആയാൽ ജനവികാരം എതിരാകും: നാസർ ഫൈസി കൂടത്തായി
Source: Files
Published on
Updated on

കോഴിക്കോട്: മുഖ്യമന്ത്രി കസേരക്കായുള്ള പിടിവലിക്കിടെ കെ.സി. വേണുഗോപാലിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുഖ്യമന്ത്രിയാകാനുളള നീക്കത്തിൽ നിന്നും കെ.സി. വേണുഗോപാൽ പിന്മാറണമെന്ന് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ജനവികാരം എതിരാകും. കെ.സി. കേന്ദ്ര രാഷ്ട്രീയത്തിൽ തുടരണമെന്നും, കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. പ്രതികരണം നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലും പങ്കുവച്ചു.

വിജയത്തിളക്കത്തെ കോൺഗ്രസ് കെടുത്തരുത്, കെ.സി. മുഖ്യമന്ത്രി ആയാൽ ജനവികാരം എതിരാകും: നാസർ ഫൈസി കൂടത്തായി
സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ളതല്ല കെ.സി, നേതൃത്വം പ്രതികരിക്കണം: ബിനു ചുള്ളിയിൽ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

വിജയ തിളക്കത്തെ കോൺഗ്രസ് കെടുത്തരുത്.

മുഖ്യമന്ത്രി ആരാകണം എന്ന വിഷയം കോൺഗ്രസിൻ്റേത് മാത്രമല്ല. അത് കൊണ്ട് തന്നെ കോൺഗ്രസ് ഹൈക്കമാൻ്റ് ജന ഹിതം മാനിച്ച് യുക്തമായ നിലപാട് എടുക്കുമെന്ന് കരുതാം.

AICC യുടെ ജന. സെക്രട്ടറി എന്ന നിലയിലും മികച്ച പാർലമെൻ്റ്റിയൻ എന്ന നിലയിലും ബഹുമാനപ്പെട്ട KC വേണുഗോപാൽ തിളങ്ങി നിൽക്കുകയാണ്. കേരളത്തിൽ UDF നെ അധികാരത്തിലെത്തിക്കാൻ 140 സ്ഥാനാർത്ഥികളേയും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട് , പ്രയത്നിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരിൽ നിന്ന് ഒരു ശക്തനായ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ തൻ്റെ പദവി അദ്ദേഹം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മോഡിയെ മാറ്റി ആദരണീയനായ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള തൻ്റെ പോരാട്ടം തുടരുന്നതിലാണ് മതേതര വിശ്വാസികൾക്കെല്ലാം ഇഷ്‌ടം.

മറിച്ച് MLA മാർക്ക് KC യോടുള്ള കടപ്പാട് ഉപയോഗപ്പെടുത്തി ഹൈക്കമാൻ്റ് തീരുമാനം സൃഷ്‌ടിച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രിയായാൽ കോൺഗ്രസ് വിജയത്തിൻ്റെ തിളക്കം കെടുത്തുമെന്ന് മാത്രമല്ല, അധിക ചെലവ് വരുത്തി വെച്ച് ആലപ്പുഴ പാർലിമെൻ്റ് സീറ്റിൽ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പും സ്വന്തം MLA ആവാൻ ഇരിക്കൂറോ -എവിടെയായാലും- മറ്റൊരാളെ രാജിവെപ്പിച്ച് ഉണ്ടാക്കുന്ന ഉപതെരഞ്ഞെടുപ്പിലും UDF ജയിച്ചു കയറുകയെന്നത് വലിയ പരീക്ഷണമാവും. നിലവിലെ MP മാർക്ക് നിയസഭയിൽ സീറ്റ് കൊടുക്കാതിരുന്നത് അധികച്ചെലവ് ഒഴിവാക്കാനും ജനഹിതം പരിഗണിച്ചുമാണെങ്കിൽ അത് "പാലം കടന്നാൽ കൂരായണാ " എന്ന മട്ടിലായാൽ തിരിച്ച് വിധിയെഴുതാൻ ജനം മറന്നുപോകുന്ന 5 വർഷം വേണ്ട ഓർത്തു വെക്കുന്ന 6 മാസം മതിയാവും.

ജനാധിപത്യമെന്നത് ജനങ്ങളെ ഭരിക്കലല്ല ജനങ്ങൾക്ക് വേണ്ടി ഭരിക്കലാണ് എന്നതും ജനം എല്ലാ കാര്യത്തിൽ ബോധ്യമുള്ളവരാണെന്നും തിരിച്ചറിയണം. എല്ലാം തിരിച്ചറിയുന്ന തികഞ്ഞ രാഷ്ട്രീയക്കാരനാണല്ലോ ബഹുമാനപ്പെട്ട കെ.സി എന്ന ആശ്വാസം ജനങ്ങൾക്കുണ്ട്.

തിളക്കമാർന്ന ഈ ജയം കോൺഗ്രസ് - UDF രാഷ്‌ട്രീയത്തിൻ്റെ വിജയമാണെങ്കിലും വർഗ്ഗീയത കൂട്ടുകെട്ടിയ, മതനിരപേക്ഷ രാഷ്ട്രീയം കൈവെടിഞ്ഞ CPM നോടുള്ള പ്രതികാരം കൂടിയാണിത്. ഈ പോരാട്ടം കൃത്യമായി നയിച്ചത് ബഹുമാനപ്പെട്ട VD സതീശനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ഏകീകരണമുണ്ടായി അത് വർഗ്ഗീയമാണെന്ന് പ്രചപ്പിച്ച് തിരിച്ച് ഹിന്ദു- കൃസ്ത്യൻ ഏകീകരണമുണ്ടാക്കി ഭരണം നേടാനുള്ള CPM കുതന്ത്രം വലിയ അപകടമുണ്ടാക്കുമായിരുന്നു. എന്നാൽ CPM - SDPI അവിശുദ്ധ കൂട്ടുകെട്ടിനെ കണ്ടെത്തി പുറത്തു കൊണ്ട് വരികയും CPM ൻ്റെ ഹിന്ദു- കൃസ്ത്യൻ പ്രീണനും പൊളിക്കുകയും ചെയ്തത് VD യാണ്. ഹാർഡ് വർക്കും കൃത്യവും വ്യക്തവുമുള്ള കാഴ്ചപ്പാടും VD ക്കുണ്ടെന്ന് ജനം തിരിച്ചറിഞ്ഞു . ഇദ്ദേഹം കേരളം ഭരിക്കണമെന്ന് പ്രത്യേകിച്ച് പുതിയ തലമുറ കൊതിക്കുന്നു.

പരിചയ സമ്പന്നനും നേരത്തെ ആഭ്യന്തര മന്ത്രിയുമായ, ഘടക കക്ഷികളേയും ചേർത്തു പിടിക്കുന്ന രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിൽ ജനം ആഗ്രഹിക്കുന്നുണ്ട്. അവർ പരസ്പര ധാരണയിൽ കേരളം ഭരിക്കട്ടെ. KC ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങട്ടെ.

[ ഇത് കോൺഗ്രസിനോടുള്ള ഉപദേശമല്ല, തികച്ചു വ്യക്തി പരമായ അഭിപ്രായം മാത്രമാണ്]

News Malayalam 24x7
newsmalayalam.com