

തൃശൂർ: മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നാട്ടികയിലെ സ്ഥാനാർഥി സുനിൽ ലാലൂർ. ബിജെപിയുടെ മനസുമായി നടന്ന സി.സി. മുകുന്ദനെ ഡൽഹിയിൽ എത്തിച്ച് സീറ്റ് വാങ്ങി നൽകാൻ ശ്രമിച്ചവർക്ക് ജനം മറുപടി നൽകുമെന്ന് സുനിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെപിസിസി സെക്രട്ടറി ജോസ് വള്ളൂരാണോ മുകുന്ദനെ ബിജെപി സ്ഥാനാർഥിയാക്കിയതെന്ന് സുനിൽ സംശയം ഉന്നയിച്ചു. മുകുന്ദനെ മതേതര മുന്നണികൾക്കൊപ്പം ഉറപ്പിച്ച് നിർത്തേണ്ട ബാധ്യത ജോസ് കാണിച്ചില്ലെന്നും സ്വന്തം മണ്ഡലമായ നാട്ടികയിൽ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ജോസ് മാറി നിന്നുവെന്നും സുനിൽ ആരോപിച്ചു.
സിപിഐ പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നിരുന്നു. നാട്ടികയിൽ സി.സി. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർത്ഥിയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സി.സി. മുകുന്ദൻ പാർട്ടി വിട്ടത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമർശിച്ച മുകുന്ദൻ പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
സിപിഐ വിട്ട് കോൺഗ്രസുമായി ചേർന്ന് പോകാനുള്ള നീക്കങ്ങൾ മുകുന്ദൻ നടത്തിയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെയാണ് ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.