

തൃശൂർ: ആർഎസ്‍എസുമായി ചേർന്ന് മത്സരിച്ചെന്ന വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രം പരിശോധിച്ചാൽ ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് കാര്യം വ്യക്തമാകും. ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്തയാളാണ് സതീശൻ. എന്തും നുണയും പറയാം എന്ന നിലയിലേക്ക് സതീശനെത്തിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാണം കെട്ട ഇടപാടുകൾ നടത്തിയവർ എൽഡിഎഫിനെതിരെ പറയുന്നത് ശരിയല്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. രണ്ട് സീറ്റിനും നാല് വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങൾ എന്നും പിണറായി വിജയൻ ആവർത്തിച്ചു.
രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് മുതൽ ആർഎസ്എസ് എന്നെ എങ്ങനെയാണ് കണ്ടതെന്ന് എല്ലാവർക്കും അറിയാം. ഏത് ഘട്ടത്തിലും ആക്രമിക്കുമെന്ന നിലയുണ്ടായി. അവരുടെ പ്രധാന ലക്ഷ്യത്തിൽ ഒന്ന് താൻ ആയിരുന്നു. അന്ന് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് തുറന്നു പറഞ്ഞത് സതീശന്റെ നേതാവായിരുന്ന മുൻ കെപിസിസി പ്രസിഡന്റാണെന്നും പിണറായി വിജയൻ തുറന്നടിച്ചു.
"1960 മുതൽ കോൺഗ്രസിന് ആർഎസ്എസുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ട്. എ.കെ.ജി. പാർലമെന്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസിനും ആർഎസ്എസിനും ഒരേ സ്ഥാനാർഥിയായിരുന്നു. പട്ടാമ്പിയിൽ ഇ.എം. എസ് മത്സരിക്കുമ്പോൾ ജനസംഘത്തിനൊപ്പമായിരുന്നു കോൺഗ്രസ്. അക്കാലത്തും ഇക്കാലത്തും വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്", മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഗുരുവായൂരിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. അപരമത വിദ്വേഷത്തിൻ്റെ ഭാഗമാണ് ഗോപാലകൃഷ്ണൻ്റെ പ്രസ്താവന. ബിജെപിക്ക് അതാകാം. നമ്മുടെ നാടിൻ്റെ അവസ്ഥ എന്താണന്ന് നമ്മൾ ചിന്തിക്കണം. ഓരോ മണ്ഡലത്തിലും ജയിച്ച് വരുന്നവർ വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരാണ്. അവിടെ വിഘടന വാദം ഉന്നയിക്കുന്നത് ജനങ്ങളെ വേർ തിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുരുവായൂരിലെ ജനങ്ങൾ അത്തരം പ്രസ്താവനകളിൽ തെറ്റിദ്ധരിക്കപ്പെടില്ല. വർഗീയതയോട എൽഡിഎഫ് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും, മുഖ്യമന്ത്രിയുടെ വാക്കുകൾ.