പത്തനംതിട്ട: നിശബ്ദ പ്രചാരണ ദിനത്തിൽ അടൂരിൽ നാടകീയ രംഗങ്ങൾ. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിൽ ആയത്. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ സിപിഐ പ്രവർത്തകർ അടൂർ സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പറക്കോട് മണ്ണടി ഭാഗത്താണ് നോട്ടീസ് വിതരണം ചെയ്തത്.
അതേസമയം, സംഭവത്തിൽ വികാരാധീനനായാണ് സി.വി. ശാന്തകുമാർ പ്രതികരിച്ചത്. താൻ പ്രതിയല്ലെന്നും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് എന്നുമാണ് സി.വി. ശാന്തകുമാർ പ്രതികരിച്ചത്. വളരെ മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെ വധിക്കാനാണ് എൽഡിഎഫ് പ്രവർത്തകർ ശ്രമിക്കുന്നത്. തന്റെ ജീവൻ പോലും ഭീഷണിയിലാണെന്നും കോൺഗ്രസ് പ്രവർത്തകരാണ് ആശ്രയമെന്നും സി.വി. ശാന്തകുമാർ പറഞ്ഞു. മാനസികമായ ആഘാതമുണ്ടാക്കിയ ഈ നോട്ടീസ് ഇറക്കിയവര്‍ ഉത്തരവാദിത്തം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സി.വി. ശാന്തകുമാർ ആർഡിഒ ഓഫീസ് ഉപരോധിച്ചിരുന്നു. ശേഷം രാത്രിയിൽ കളക്ടർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പ്രിജി കണ്ണന് പരാജയ ഭീതിയാണെന്നും അതിനാലാണ് ഇല്ലാത്ത കേസിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നതെന്നും സി.വി. ശാന്തകുമാർ പ്രതികരിച്ചിരുന്നു. താൻ കൊലക്കോസ് പ്രതിയാണെന്നാണ് തനിക്കെതിരെ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രചരണം. ഇത് പ്രചരിപ്പിച്ച ഐഡികൾ ക്രിയേറ്റ് ചെയ്തത് ഇടതുപക്ഷ സഹയാത്രികരാണെന്നും സി.വി. ശാന്തകുമാർ ആരോപിച്ചിരുന്നു.