

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ തൃപ്പൂണിത്തുറയ്ക്ക് മാത്രമായി അവകാശപ്പെടാൻ ചില സവിശേഷതകളുണ്ട്. അത്തച്ചമയവും, ഉയദംപേരൂർ സുന്നഹദോസുമെല്ലാം ചരിത്രപാരമ്പര്യത്തിൻ്റെ പെരുമ വിളിച്ചോതുമ്പോൾ രാഷ്ട്രീയ കേരളത്തിന് ഒട്ടും അവഗണിക്കാനാകാത്ത ഇടമാണ് ഇവിടെ. ഒന്നും രണ്ടുമല്ല അഞ്ച് മന്ത്രിമാരെ കേരളത്തിന് സമ്മാനിച്ച മണ്ഡലം. ഒരു തരത്തിൽ പറഞ്ഞാൽ തൃപ്പൂണിത്തുറയിൽ ജയിച്ചുകയറിയവരിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാവരും മന്ത്രിമാരായിരുന്നു.
1967ൽ രൂപീകൃതമായ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ കാഴ്ചവച്ച തെരഞ്ഞെടുപ്പുകളാണ് കടന്ന് പോയതിൽ പലതും. മണ്ഡലത്തിന്റെ രൂപീകരണം മുതൽ സിപിഐഎം നേതാവായ ടി.കെ. രാമകൃഷ്ണനാണ് 1980 വരെ നാലുവട്ടം നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചത്. അക്കാലങ്ങളിൽ ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രിയായും 1977-80 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും സേവനമനുഷ്ഠിച്ചു.
1970-ൽ അതുവരെ എം എൽ എ ആയിരുന്ന ടി.കെ. രാമകൃഷ്ണനെ അദ്ദേഹത്തിന്റെ തട്ടകമായ തൃപ്പൂണിത്തുറയിൽ തോൽപ്പിച്ച് നിയമസഭയിലെത്തിയ കോൺഗ്രസ് നേതാവ് പോൾ പി. മാണി. അച്ചുതമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി. പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായി പ്രവർത്തിച്ചു.
ആദ്യം കോൺഗ്രസ് നേതാവും പിന്നീട് എൻഡിപി എന്ന പാർട്ടി നേതാവുമായിരുന്ന കെ.ജി.ആർ. കർത്താ എന്ന കെ.ജി രോഹിതാക്ഷൻ കർത്താ 1982 ൽ . തൃപ്പൂണിത്തുറയിൽ ടി.കെ. രാമകൃഷ്ണനെ പരാജയപ്പെടുത്തി എൻഡിപി സ്ഥാനാർഥിയായ കർത്ത നിയമസഭയിലെത്തി. അവിടെയും മന്ത്രി സ്ഥാനം തേടിയെത്തി. പക്ഷെ ചുരുങ്ങിയ കാലയളവിലാണെന്ന് മാത്രം. 24.5.1982 മുതൽ 29.8.1983 വരെ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു കർത്താ.
സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവായ വി. വിശ്വനാഥ മേനോൻ്റെ ഊഴമായിരുന്നു അടുത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍, എംഎല്‍എ, ലോക്സഭാ-രാജ്യസഭാ എംപി സ്ഥാനങ്ങള്‍ വഹിച്ച എറണാകുളത്ത് നിന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച് എംപിയായ ഏക കമ്യൂണിസ്‌റ്റാണ് വിശ്വനാഥ മേനോൻ. 1987 ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽനിന്ന് വിജയിച്ച് അദ്ദേഹവും പതിവ് തെറ്റിച്ചില്ല. ഇകെ നയനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു വിശ്വനാഥമേനോൻ.
1991 ൽ കോൺഗ്രസ് നേതാവ് കെ. ബാബുവിന്റെ യാത്ര മണ്ഡലത്തിൽ തുടങ്ങി. മുതൽ 2016 വരെ തുടർച്ചയായി 25 വർഷം തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.ബാബു. 2011 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയായി. 2016 - ൽ കെ ബാബുവിനെ പരാജയപ്പെടുത്തി സിപിഐഎം നേതാവ് എം. സ്വരാജ് തൃപ്പൂണിത്തുറയുടെ എംഎൽഎയായി. എന്നാൽ 2021 ൽ ബാബു മണ്ഡലം തിരിച്ചു പിടിച്ചു. അന്ന് ഭാഗ്യം തുണച്ചിരുന്നെങ്കിൽ ഒരു പക്ഷെ എം. സ്വരാജിനും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ സാധ്യത ഉണ്ടായിരുന്നു.
ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരം കടുപ്പം തന്നെയാണ്. എൽഡിഎഫ് സ്ഥാനാർഥിയായി കെ.എന്‍ ഉണ്ണികൃഷ്ണന്‍, യുഡിഎഫ് സ്ഥാനാർഥിയായി -ദീപക് ജോയ്, എൻഡിഎ ആകട്ടെ ഇത്തവണ ട്വന്റി 20 കൂട്ടുകെട്ടിൽ ഒരു കൈ നോക്കാനാണ് ശ്രമം. നടി അഞ്ജലി നായരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കി താരപരിവേഷത്തോടെയാണ് എൻഡിഎ അങ്കം. ഇത്തവണ ആരാണ് തൃപ്പൂണിത്തുറയിൽ വിജയിയാകുക എന്ന് കാത്തിരുന്ന് കാണാം. ഏതായാലും അദ്യതവണയായതുകൊണ്ട് മണ്ഡലത്തിന്റെ രാശി മാത്രം മതിയാകില്ല മന്ത്രി സ്ഥാനം നേടാൻ എങ്കിലും ഇനി അപ്രതീക്ഷിതമായൊരു മന്ത്രിസ്ഥാനം തൃപ്പൂണിത്തുറയ്ക്കായി വരുമോ എന്നും കണ്ടറിയാം.