UTOPIA | കെ.സി. എന്ന ആശ്രിതവത്സലന്‍... ഇങ്ങനെയാണേല്‍ ലിജു ഇനിയും കരയേണ്ടിവരും

വോട്ട് തന്നാല്‍ വികസനം കൊണ്ടുവരും എന്ന് പറഞ്ഞാണ് ചിലര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയത്. അങ്ങനെയെങ്കില്‍, ജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരുമെന്നായി മറ്റൊരാള്‍.
കെ.സി. വേണുഗോപാല്‍
കെ.സി. വേണുഗോപാല്‍News Malayalam 24X7
Published on
Updated on

അങ്ങനെയത് കഴിഞ്ഞു. മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ റെഡി. അവിടെ കണ്ടവര്‍ ഇവിടെയും, ഇവിടെ കണ്ടവര്‍ അവിടെയും എന്ന കുമ്പിടിക്കാഴ്ചയ്ക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല. ഇടഞ്ഞും പിടഞ്ഞും നിന്നവരെ ആശ്വസിപ്പിച്ചും കൈവച്ച് ആശിര്‍വദിച്ചും ചില നേതാക്കള്‍ വിശുദ്ധ മാലാഖമാരായി. അതിനിടയില്‍ ഒരു ചെകുത്താന്‍ കൂടി അങ്കത്തട്ടില്‍ ഇറങ്ങിയതോടെ, സംഗതി ജോര്‍. ഉട്ടോപ്യയിലേക്ക് സ്വാഗതം.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അയാള്‍ക്ക് പല പേരുണ്ട്. നാട്ടുകാര്‍ക്കിടയിലും അങ്ങനെ എന്തൊക്കെയോ ഉണ്ട്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവര്‍ക്കും പരിഭവിച്ച് സ്കൂട്ടാകാന്‍ നോക്കിയവര്‍ക്കും ഇടയില്‍ അയാള്‍ ആശ്രിത വത്സലനാണ്.... രക്ഷകനാണ്.

ആര്‍ക്കും യാതൊരു വിഷമവും തോന്നേണ്ട. ഇക്കാലമത്രയും വിറക് കീറിയവര്‍ക്കും, വെള്ളം കോരിയവര്‍ക്കും യുഡിഎഫിന്റെ വാഴ്വിന്റെ നാളില്‍ സിംഹാസനം തന്നെ കെസി ഓഫര്‍ ചെയ്തിട്ടുണ്ട്. ആ വിളിയൊന്നും കേട്ട് ആരും ഉന്തിത്തള്ളി ഇങ്ങോട്ടു വരേണ്ട. മുഖ്യമന്ത്രി കസേരയ്ക്കുള്ള അടവും അടിയും കഴിഞ്ഞിട്ടായിരിക്കും, ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടാകുക. അതുവരെ നേതാക്കളൊക്കെ ഒന്നു ക്ഷമിച്ചിരിക്കണം.

വോട്ട് തന്നാല്‍ വികസനം കൊണ്ടുവരും എന്ന് പറഞ്ഞാണ് ചിലര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയത്. അങ്ങനെയെങ്കില്‍, ജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരുമെന്നായി മറ്റൊരാള്‍. ഈ കളി കൊള്ളാമല്ലോ എന്നും പറഞ്ഞ് വാളെടുത്ത് ഉറഞ്ഞവര്‍, കുണ്ടറ അണ്ടി ആപ്പീസിന് മുന്നില്‍ മോദിയെ കൊണ്ടുവരുമെന്ന് ഉഗ്ര ശപഥമെടുത്തു. ഒരു ഫുള്‍ ചിക്കന്‍ മന്തി വാങ്ങിയാല്‍ അണ്‍ലിമിറ്റഡ് റൈസ് എന്ന പോലെ, ജയിച്ചാല്‍ അണ്‍ലിമിറ്റഡ് കേന്ദ്ര ഫണ്ട് എന്ന ബോര്‍ഡും ഇതിനിടെ തൂങ്ങിയാടി. എല്ലാം കണ്ട് സഹികെട്ട് മനുഷ്യരോടൊന്ന് ഒന്ന് മത്സരിക്കാന്‍ തയ്യാറായി ചെകുത്താനും തിരുവല്ലയിലൂടെ ഊടാടുന്നുണ്ട്. എല്ലാവരും ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി കൊടുക്കുന്നതുകണ്ട് സഹിക്ക വയ്യാതെ അങ്ങ് തവനൂരില്‍ ഒരാള്‍ ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ സൗജന്യ ഗള്‍ഫ് യാത്ര വാഗ്ദാനം ചെയ്തു. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്.

ഊപി എന്ന അന്യഗ്രഹത്തില്‍നിന്ന് യോഗിവര്യന്‍ പറഞ്ഞുവിട്ട ചില അഘോരികള്‍ ഡീസലടിക്കാന്‍ കാശ് തിരക്കി തലസ്ഥാന നഗരിയിലെത്തിയത്, എല്ലാവര്‍ക്കും കണ്ടു നില്‍ക്കാന്‍ പറ്റാത്ത വല്ലാത്തൊരു കാഴ്ചയായി. ഇത്രയൊക്കെ ആളുകള്‍ ഉണ്ടായിട്ടെന്ത് കാര്യം... മലയാളത്തിനൊപ്പം ഹിന്ദിയും അറിയാവുന്ന ജീ മാത്രമാണ് അവരെ സഹായിച്ചത്. ഒരു തുള്ളി ഡീസലില്ലാതെ, വണ്ടിയില്‍ വട്ടം കറങ്ങിയ ഭസ്മപ്രിയര്‍ക്ക് 500 ബക്ക്സ് നല്‍കി ജീ മാതൃകയായി.

അതിനിടെയാണ് കായംകുളത്തുനിന്ന് ഒരു യുവാവ് ഏങ്ങിയേങ്ങിയുള്ള കരച്ചില്‍. കുറച്ചുനാളായി ഈ പണി തുടങ്ങിയിട്ട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ലെന്ന് നിറകണ്ണുകളോടെ അയാള്‍ പറഞ്ഞു. ഇതൊക്കെ പറഞ്ഞ് ഇത്തവണയെങ്ങാനും അയാള്‍ രക്ഷപ്പെട്ടാലോ.. അതിലൊരു ത്രില്ലില്ലെന്ന് മനസിലാക്കിയ സ്വന്തം മുന്നണിയിലെ ഒരു ബഹുമാന്യന്‍ എതിര്‍ സ്ഥാനാര്‍ഥിയായ വനിതയെ അസഭ്യം പറഞ്ഞ് കരയിച്ചു. സംഗതി ക്ലീന്‍... ആ യുവാവിന് അടുത്തെങ്ങും കരച്ചില്‍ നിര്‍ത്താന്‍ യോഗം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇതിനിടെ കെഎസ്ആര്‍ടിസിയുടെ പടിയുടെ അളവെടുക്കാന്‍ പോയവരും, കടാപ്പുറത്ത് ഗ്യാസെത്തിച്ച് ആനന്ദനൃത്തം ചവിട്ടിയവരും മന്ത്രിക്കുപ്പായം തയ്ക്കാന്‍ കൊടുത്തെന്നാണ് കേള്‍വി. സമൂഹമാധ്യമങ്ങളില്‍ നിലപാടുകള്‍കൊണ്ട് രാജകൊട്ടാരം തീര്‍ത്ത്, ബിഗ് ബോസ് കളിക്കുന്നയാളെ പഴയ വീഡിയോകള്‍ കുത്തിപ്പൊക്കി ചിലര്‍ റണ്ണൗട്ടാക്കിയതും കൗതുകമേറെയുള്ള കാഴ്ചയായി. ഇതുവരെ സിനിമ കണ്ട് ഫസ്റ്റ് ഹാഫ് രസണ്ട്... ലാഗില്ല.... സെക്കന്‍ഡ് ഹാഫ് എന്‍ഗേജ്ഡാണ് എന്നൊക്കെ പറഞ്ഞിരുന്ന ചിലര്‍, സ്ഥാനാര്‍ഥി പട്ടിക കണ്ട് ഭാവി പറയുന്നവരായും മാറി. അതും രണ്ട് കിടിലോല്‍ക്കിടിലം ഭാവി.

കെ.സി. വേണുഗോപാല്‍
UTOPIA | ഹൈക്കമാന്‍ഡ് പോലും കണ്ണുമിഴിച്ച വിസ്മയക്കാഴ്ചകള്‍; എന്‍ഡിഎയില്‍ ട്വന്റി20 വക ബിഗ് ബോസ്

അപ്പോള്‍ നിര്‍ത്തട്ടെ. ഇരുന്നിട്ടോ നിന്നിട്ടോ തലകുത്തി നിന്നിട്ടോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചുപഠിച്ച്, നല്ല ചാരുതയുള്ള ഭാഷയുമായി വീണ്ടും വരാം. അതിനിടെ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍, അതങ്ങ് വീട്ടില്‍പ്പോയി ചോദിക്കണമേയെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.... നന്ദി... നമസ്കാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com