പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം മുറുകിയതോടെ യുഡിഎഫിലെ താര പ്രചാരകനായി മാറിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംപി. ഇത്തവണ മത്സരിക്കാനല്ല, മത്സരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് ഷാഫി പറമ്പിൽ എംപിയുടെ ചുമതല. പ്രചാരണ സമിതി കൺവീനറായ ഷാഫി പറമ്പിൽ തന്നെ താര പ്രചാരകനായി മാറുന്ന കാഴ്ചയാണ് വടക്കൻ ജില്ലകളിലെ യുഡിഎഫ് ക്യാംപുകളിൽ കാണാനുള്ളത്.
തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും റോഡ് ഷോകളിലുമെല്ലാം യുഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം ഷാഫിയും ചേരുമ്പോൾ പ്രവർത്തകരും ആവേശത്തിലാണ്. സ്ഥാനാർഥികൾക്ക് റോഡ് ഷോ നടത്താനും, കൺവെൻഷനുകളിൽ പ്രസംഗിക്കാനും ഷാഫി വേണം. ചില സ്ഥാനാർഥികൾ പ്രവർത്തകർക്കിടയിലേക്ക് ഓടി കയറി വരുന്ന ഷാഫി ശൈലി അനുകരിക്കുകയും ചെയ്യുന്നുണ്ട്.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങി പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങിയതിനാൽ പ്രചാരണത്തിന് നേതൃത്വം നൽകുകയെന്ന ഉത്തരവാദിത്തം ഷാഫിയിൽ വന്നു ചേരുകയായിരുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുളള വടക്കൻ ജില്ലകളിൽ 60 നിയമസഭാ മണ്ഡലങ്ങൾ ഉള്ളതിൽ കോൺഗ്രസിന് ഏഴ് എംഎൽഎമാർ മാത്രമാണുള്ളത്. മുസ്ലിം ലീഗിന് 15 പേരുണ്ട്. കോഴിക്കോട് ജില്ലയിൽ 20 വർഷമായി കോൺഗ്രസിന് എംഎൽഎയില്ല. അതുകൊണ്ടു തന്നെ ഈ ജില്ലകളിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാരുണ്ടായാൽ ഷാഫി എഫക്ടും അതിനൊരു കാരണമായി മാറും.