തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു | Tamil Nadu Assembly Election 2026

സംസ്ഥാനത്ത് 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടെ 5.67 കോടി വോട്ടർമാരുണ്ട്.
Tamil Nadu Assembly Election 2026 LIVE
Published on
Updated on

ചെന്നൈ: ആവേശകരമായ പ്രചാരണത്തിന് ശേഷം തമിഴ്നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ബൂത്തുകളിൽ മോക്ക് പോളിങ് നടത്തിയ ശേഷം ഏഴ് മണിയോടെ പോളിങ് ആരംഭിച്ചു.

സംസ്ഥാനത്ത് 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടെ 5.67 കോടി വോട്ടർമാരുണ്ട്. 12.51 ലക്ഷം പേർ കന്നിവോട്ടർമാരാണ്. തെങ്കാശി അടക്കം വിവിധ ജില്ലകളിൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നിണ്ട നിര രൂപപ്പെട്ടിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ അർധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Tamil Nadu Assembly Election 2026 LIVE
പശ്ചിമ ബംഗാൾ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു | West Bengal Assembly Election 2026

കന്യാകുമാരി ജില്ലയിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കന്യാകുമാരി, നാഗർകോവിൽ, കുളച്ചൽ, പത്മനാഭപുരം, വിളവൻകോഡ്, കിള്ളിയൂർ എന്നിവയാണ് മണ്ഡലങ്ങൾ. കേരളവുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വിളവൻകോട്.

വിളവൻകോട് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഡിഎംകെ സ്ഥാനാർഥി ടി.ടി. പ്രവീൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ തുടരുമെന്നും വിജയുടെ ടിവികെ മത്സര ചിത്രത്തിൽ തന്നെ ഇല്ലെന്നും ഡിഎംകെ സ്ഥാനാർഥി പറഞ്ഞു. കന്യാകുമാരിയിലെ എല്ലാ മണ്ഡലങ്ങളിലും ഡിഎംകെയ്ക്ക് വിജയം ഉറപ്പാണ്. സിഎസ്ഐ സഭയുടെ വോട്ടുകൾ മാത്രമല്ല, ജാതിമത ഭേദമന്യേ എല്ലാം വോട്ടുകളും ഡിഎംകെയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ വോട്ട് രേഖപ്പെടുത്തി പ്രമുഖർ

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി രാവിലെ എടപ്പാടി സിലുവംപാളയത്ത് വോട്ട് രേഖപ്പെടുത്തി. എഐഎഡിഎംകെ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം കാരൈക്കുടിയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് പി. ചിദംബരം പറഞ്ഞു.

ബിജെപി നേതാവും മൈലാപ്പൂരിലെ സ്ഥാനാർഥിയുമായ തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ ബൂത്തിൽ വോട്ട് ചെയ്തു മടങ്ങി. നടൻ അജിത് ചെന്നൈ തിരുവാന്മിയൂരിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

ടിവികെ അധ്യക്ഷൻ വിജയ് പേരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. അഞ്ച് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ ഭരണം തിരിച്ചുപിടിക്കാനാണ് എഐഎഡിഎംകെ ലക്ഷ്യമിടുന്നത്. എടപ്പാടി കെ. പളനിസ്വാമിയാണ് പാർട്ടിയെ നയിക്കുന്നത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടിവികെ പ്രസിഡൻ്റും നടനുമായ വിജയ്, കേന്ദ്രമന്ത്രി എൽ. മുരുകൻ, സിനിമാ താരങ്ങളായ രജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയവർ ചെന്നൈയിലും ബിജെപി നേതാവ് കെ. അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com