കോഴിക്കോട്: പേരാമ്പ്രയിലെ അൗൺസ്മെന്റ് വിവാദത്തിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. വിവാദമായ അനൗൺസ്മെന്റ് നടത്തിയിട്ടില്ല. പരാതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടില്ല. എൽഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനത്തിലെ പെൻഡ്രൈവ് പരിശോധിക്കാം. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം താത്കാലിക നേട്ടത്തിനായി തകർക്കാൻ ശ്രമമെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.
എൽഡിഎഫ് വാഹനത്തിൽ പ്രചരിക്കുന്ന അനൗൺസ്മെൻ്റ് എന്താണ് എന്നതിൻ്റെ വീഡിയോ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷമായി മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കാർഷിക മേഖലയിലും വലിയ വികസനം നടന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടൂറിസത്തിന് പ്രധാന്യം നൽകുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്‌തിരുന്നു. വർഗീയ ചേരിതിരിവുണ്ടാക്കാൻ എൽഡിഎഫ് നടത്തുന്ന പ്രചാരണമാണെന്നാണ് യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.
യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്. ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെൻ്റിൽ പറഞ്ഞിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്.