കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിെല സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. കുഞ്ഞികൃഷ്ണൻ്റെ അനുകൂലികൾ തന്നെയാണ് താൽക്കാലിക ഓഫീസ് നീക്കം ചെയ്തത്. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയത്. ഉടമയുടെ അനുമതി നേടി തന്നെയാണ് ഓഫീസ് നിർമാണം തുടങ്ങിയതെന്നും ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ കുഞ്ഞികൃഷ്ണൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
എൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനെ പോലും ഭയപ്പെട്ട് കൊണ്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളം ബംഗാൾ ആകാൻ ഇനി അധികം സമയം വേണ്ട. സഖാക്കളെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കാൻ നിശ്ചയിച്ചത് അറിഞ്ഞിരിക്കുമല്ലോ. അതിൻ്റെ ഭാഗമായി പയ്യന്നൂരിലെ ഒരു സ്വകാര്യ വ്യക്തിയുടെ കണ്ടോത്ത് മുക്കിലുള്ള സ്ഥലം അവർ വാക്കാൽ നൽകിയ സമ്മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു താൽക്കാലിക തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ന് രാവിലെ സഖാക്കൾ അവിടെ ഒരു ചെറിയ ഷെഡ് നിർമ്മിക്കുകയും നാളെ മുതൽ അവിടെ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നതുമാണ്. എന്നാൽ ഇന്ന് ഇപ്പോൾ സ്ഥലം തന്ന വ്യക്തിയെ ടി.ഐ. മധുവിൻ്റെ ആശ്രിത തെമ്മാടി കൂട്ടം പോയി കാണുകയും ഇന്നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്നും കുടുംബത്തോടെ ഇല്ലാതാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അതിൻ്റെ അടിസ്ഥാനത്തിൽ താൽക്കാലിക തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൊളിച്ചു മാറ്റുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇങ്ങനെ ഒരു ഫാസിസം വേറെ എവിടെ എങ്കിലും ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.
നിരന്തരമായ കള്ള പ്രചരണവേലയും ഭീഷണിയുമായി മുന്നോട്ട് പോകാനാണ് ഇനിയും പയ്യന്നൂരിലെ നേതൃത്വം ശ്രമിക്കുന്നതെങ്കിൽ അത് കൊണ്ട് ഗുണമുണ്ടാകാനും പോകുന്നില്ല. പയ്യന്നൂരിലെ സിപിഐഎം സ്ഥാനാർത്ഥി ടിഐ മധുസൂദനൻ്റെ പരാജയത്തിൽ വിറളി പൂണ്ട സിപിഐഎം നേതൃത്വം ഉണ്ടാക്കുന്ന ഇത്തരം അക്രമണങ്ങളിൽ ഒന്നും ഞാൻ തളരില്ല. ഒരഴിമതിക്കാരനെ സംരക്ഷിക്കാനുള്ള എന്ത് ശ്രമം ആര് നടത്തിയാലും അതിന് സാധിക്കുകയുമില്ല. പയ്യന്നൂരിലെ ജനങ്ങൾ തീർച്ചയായും അതിന് മറുപടി പറയും. ഇതിനും പയ്യന്നൂരിലെ ജനങ്ങൾ മറുപടി പറയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.