തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള സജീവ ചർച്ചകൾ തുടരുന്നതിനിടെ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ തങ്ങൾക്കെന്ന് അവകാശവാദവുമായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ. 48 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിൻ്റെ അവകാശവാദം. 23 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല വിഭാഗത്തിൻ്റെ അവകാശവാദം. 35 എംഎൽഎമാർ ഒപ്പമുണ്ടെന്ന് വി.ഡി. സതീശൻ പക്ഷവും അവകാശപ്പെട്ടു.
കെ.സി. വേണുഗോപാലിന് 48 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയ്ക്ക് എട്ട്, വി.ഡി. സതീശന് ആറ്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് കെ.സി. വേണുഗോപാൽ പക്ഷത്തിൻ്റെ കണക്ക്. വി.ഡി. സതീശന് 35 എംഎൽഎമാരുടെ പിന്തുണ, കെ.സി. വേണുഗോപാലിന് 21, രമേശ് ചെന്നിത്തലയ്ക്ക് ഏഴ് എന്നിങ്ങനെയാണ് സതീശൻ പക്ഷത്തിൻ്റെ കണക്ക്. കെ.സി. വേണുഗോപാലിന് 25 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയ്ക്ക് 23, വി.ഡി. സതീശന് എട്ട്, സ്വതന്ത്രർ ഏഴ് എന്നിങ്ങനെയാണ് ചെന്നിത്തല പക്ഷത്തിൻ്റെ കണക്ക്.
അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നതിൽ നിര്‍ണായക തീരുമാനമെടുക്കാന്‍ എഐസിസി നീരീക്ഷകര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച പൂർത്തിയായി. ഘടകകക്ഷികളുമായുള്ള ചർച്ച ആരംഭിച്ചു. എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. തീരുമാനം നീളില്ലെന്ന് നിരീക്ഷകരിൽ ഒരാളായ അജയ് മാക്കൻ പ്രതികരിച്ചു.