

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കവെ മൂന്ന് മണി വരെ 78.86 ശതമാനം പോളിങ് രേഖപ്പെടുത്തി. 142 മണ്ഡലങ്ങളിലേക്കാണ് ജനം ഇന്ന് വിധിയെഴുതുന്നത്. ഏപ്രില്‍ 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ റെക്കോർഡ് പോളിങ് ആണ് രേഖപ്പെത്തിയത്. 93% ലേറെ പേരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തത്.
വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. പലയിടങ്ങളിലും ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പം ഏറ്റുമുട്ടി. പല ബൂത്തുകൾക്ക് മുന്നിൽ സംഘർഷം ഉണ്ടായതോടെ കേന്ദ്രസേന ഇടപെടുകയായിരുന്നു. മമത ഗുണ്ടകളെയും കൊണ്ട് ബൂത്തുകൾ കയറിയിറങ്ങി വോട്ടർമാരെ ഭയപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഡയമണ്ട് ഹാർബറിലെ ഫൽവ മണ്ഡലത്തിലെ വോട്ടിങ് മെഷീനിലെ ബിജെപിയുടെ താമര ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ആരോപണം ഉയർന്നു.
ബിജെപി നേതാവ് അമിത് മാളവ്യയാണ് തെളിവ് സഹിതമാണ് ആരോപണം ഉന്നയിച്ചത്. വോട്ടർമാർക്ക് തങ്ങളുടെ ഇഷ്ടത്തോടെയുള്ള വോട്ട് അവകാശം വിനിയോഗിക്കാൻ സാധിക്കുന്നില്ലെന്ന് അമിത് മാളവ്യ ആരോപിച്ചു. ക്രമക്കേട് നടന്ന ബൂത്തുകളിൽ റീപോളിങ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവം സത്യമാണെന്ന് തെളിഞ്ഞാൽ റീപോളിംഗ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആർജി കാർ പീഡന ഇരയുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ് നാഥിനെ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണം. ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് ടിഎംസി ഗുണ്ടകൾ ഓടിയടുത്തതായി അവർ പറഞ്ഞു. പരാതി പറഞ്ഞപ്പോൾ പൊലീസ് നടപടിയെടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി.
സൗരവ് ഗാംഗുലിയും ഭാര്യയും സൗത്ത് 24 പർഗാനാസിലെ ഒരു പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ചാപ്ര നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഹത്ര പഞ്ചായത്തിലെ ബൂത്ത് നമ്പർ 52 ലെ ബിജെപി പോളിങ് ഏജൻ്റ് മൊഷറഫ് മിറിനെ ഒരു സംഘം അക്രമികൾ ഇരുമ്പ് വടികളും തോക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി ചാപ്ര റൂറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായാണ് വിവരം.ബങ്കൂരിൽ ബിജെപി ഓഫീസിന് തീയിട്ടതായും വിവരമുണ്ട്.
ഡോൺ ബോസ്കോ ലിലുവ സഹൻലാൽ സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് ബാലി നിയമസഭാ മണ്ഡലത്തിൽ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസും വോട്ടർമാരും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കേന്ദ്രസേന അറസ്റ്റ് ചെയ്ത് നീക്കി.
ബംഗാളിലെ ബെൽഗാച്ചിയയിലെ സുഭോഖോൺ കമ്മ്യൂണിറ്റി ഹാളിൽ ബിജെപി നേതാവ് മിഥുൻ ചക്രവർത്തി രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി കൊൽക്കത്തയിലെ ബൂത്തിൽ എത്തി രാവിലെ തന്നെ വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിപിടിച്ച് പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞു.