തമിഴകത്ത് ഒരു 'യൂണിഫോം വോട്ടിംഗ്': തരംഗം ഉറപ്പിച്ച് വിജയ്‍യും ടിവികെയും; പോളിംഗ് ബൂത്തില്‍ നടന്നത് !

ജെന്‍സി അടക്കം യുവ വോട്ടുകള്‍ വിജയ് തൂത്തുവാരിയെന്നാണ് ടിവികെ ക്യാമ്പുകള്‍ ഇന്നലെ മുതല്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. അത് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്നുണ്ട്.
Vijay TVK Polling
Vijay TVK PollingVijay TVK Polling
Published on
Updated on

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ റെക്കോർഡ് പോളിങ്ങാണ് തമിഴ്നാട്ടില്‍ നടന്നത്. എസ്ഐആര്‍ എന്ന യാഥാര്‍ത്ഥ്യം ഉണ്ടെങ്കിലും തമിഴ്നാട്ടിൽ 2011ലെ 78.29 ശതമാനം എന്ന റെക്കോഡ് പോളിങാണ് ഇത്തവണ മറികടന്നത്. ഈ തെരഞ്ഞെടുപ്പില്‍ തമിഴകത്ത് 12 ലക്ഷം പുതുവോട്ടര്‍മാരും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ പോലെ തന്നെ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന പോളിങ് ശതമാനം എന്തെങ്കിലും തരത്തിലുള്ള ട്രെന്‍റാണോ, അല്ല വലിയ അടിയൊഴുക്കാണോ എന്ന ചര്‍ച്ച ചൂട് പിടിച്ചിരിക്കുകയാണ് തമിഴ് രാഷ്ട്രീയത്തിലും.

മൂന്നാം കക്ഷി എന്ന രീതിയില്‍ മത്സര രംഗത്ത് എത്തിയ ചലച്ചിത്ര താരം വിജയ് നയിക്കുന്ന ടിവികെയാണ് ഈ ഉയര്‍ന്ന പോളിങില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. ജെന്‍സി അടക്കം യുവ വോട്ടുകള്‍ വിജയ് തൂത്തുവാരിയെന്നാണ് ടിവികെ ക്യാമ്പുകള്‍ ഇന്നലെ മുതല്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. അത് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്നുണ്ട്.

ഇലക്ഷന്‍ പ്രചാരണ സമയത്ത് നിങ്ങള്‍ ഇന്ത്യയില്‍ എവിടെ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന തമിഴനാണെങ്കിലും നാട്ടില്‍ വോട്ട് ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ ഏപ്രില്‍ 23 ന് ബൂത്തില്‍ എത്തണം എന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് വിജയ്. തമിഴ്നാട് ഏപ്രില്‍ 21,22 ദിവസങ്ങളില്‍ ചെന്നൈ അടക്കം സ്ഥലങ്ങളില്‍ കണ്ടത് വന്‍ ട്രാഫിക്ക് ബ്ലോക്കാണ്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം തന്നെ ഫുള്ളായിരുന്നു. ചെന്നൈ ബൈപ്പാസ് റോഡുകള്‍ മണിക്കൂറുകളാണ് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടത്. ഇത് ഏപ്രില്‍ 23 രാവിലെ വരെ തുടര്‍ന്നു.

ഇതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ഗതാഗത പ്രശ്നങ്ങളാല്‍ ബൂത്തില്‍ എത്താന്‍ വൈകും എന്നതിനാല്‍ തെരഞ്ഞെടുപ്പ് സമയം വര്‍ദ്ധിപ്പിക്കണമെന്ന് വിജയ് ഇലക്ഷന്‍ കമ്മീഷന് കത്തെഴുതി. സാധാരണ പൊങ്കല്‍, ദീപാവലി അവധിക്കാലത്താണ് തമിഴകത്ത് ഇത്തരത്തില്‍ വന്‍തോതില്‍ ആളുകള്‍ വിവിധ നാടുകളിലേക്ക് മടങ്ങുന്ന കാഴ്ച ദൃശ്യമായിരുന്നത്. അതേ കാഴ്ച തെരഞ്ഞെടുപ്പ് ദിനം ലക്ഷ്യമാക്കി ഇത്തവണ കണ്ടത് തങ്ങള്‍ക്ക് അനുകൂലമായ തരംഗമാണ് എന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് തുടര്‍ന്ന് ശനി ഞായര്‍ എന്നിവയും ചേര്‍ത്ത് നാല് ദിവസം ലീവ് ലഭിക്കും എന്നതാണ് ഇത്തരം ഒരു കാരണം എന്നതാണ് ഇതിന് എതിര്‍വാദം.

എന്തായാലും പോളിങ് ബൂത്തില്‍ ഒരു വൈറ്റ് റെവല്യൂഷന്‍ നടന്നുവെന്നാണ് ടിവികെ ക്യാംപിന്‍റെ വിശ്വാസം. അതിന് അവര്‍ ഉദാഹരണമാക്കുന്നത് വോട്ട് ചെയ്യാന്‍ എത്തിയ പ്രമുഖ താരങ്ങളുടെയും യുവാക്കളുടെയും ഡ്രസ് കോഡാണ്. പലയിടത്തും വെള്ള വസ്ത്രത്തിലാണ് യുവാക്കള്‍ കൂട്ടത്തോടെ എത്തിയത്. പലരും വിജയ്‍യുടെ അഹ്വാനം ചേര്‍ത്ത് റീലുകളും പോസ്റ്റ് ചെയ്യുന്നത് കാണാം. വെള്ള ഷര്‍ട്ടും, കാക്കി പാന്‍റും ഡ്രസ് കോഡാക്കി എത്തിയ യുവാക്കളെ പല ബൂത്തിലും കാണാമായിരുന്നു.

സൂപ്പര്‍താരങ്ങളില്‍ അജിത്ത്, വിക്രം, അനിരുദ്ധ്, സംവിധായന്‍ അറ്റ്ലി, ചിമ്പു അടക്കം പലരും വെള്ള വസ്ത്രത്തില്‍ വന്നത് ഒരു ട്രെന്‍റാണ് എന്നാണ് ടിവികെ പ്രചാരണം. ഇന്നലെ രാവിലെ മുതല്‍ അജിത്തിന്‍റെ വെള്ള ഡ്രസ് വിജയ്‍ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്ന റീലുകള്‍ ടിവികെ അനുകൂലികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് തമിഴ് ടെലിവിഷനുകളിലെ പ്രൈം ടൈമില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. യുവാക്കള്‍ കൂട്ടത്തോടെ ബൂത്തില്‍ എത്തിയെന്നും അത് പരമ്പരാഗത വോട്ടിംഗ് പാറ്റേണിന് അപ്പുറം ഒരു പുതുതരംഗം ഉണ്ടാക്കിയെന്നും വിലയിരുത്തുന്നവര്‍ കുറവല്ല.

എന്നും തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ പ്രവണതകളെ കൊണ്ടുവരുന്നത് തമിഴകത്തെ പതിവാണ്. തമിഴ്നാട്ടിലെ സമൃദ്ധമായ തിരഞ്ഞെടുപ്പ് സംസ്കാരത്തിന് ഒരു പുതിയ ഭാവം നൽകുകയാണ് ടിവികെയുടെ ഈ 'യൂണിഫോം വോട്ടിംഗ്'. കരൂര്‍, കൊയമ്പത്തൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പോളിങ് ബൂത്തിലെ പൊലീസ് ഓഫീസറുടെ യൂണിഫോമിനൊപ്പം ഉള്ള വിസിലിനെതിരെ പല ഡിഎംകെ, എഡിഎംകെ ബൂത്ത് ഏജന്‍റുമാര്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു.

വിജയ്‍യുടെ ചിഹ്നം എന്ന നിലയിലാണ് പലരും ഇതിനെ എതിര്‍ത്തത്. എന്നാല്‍ ഇതിന് ബദലായി വെള്ള വസ്ത്രം ഇവര്‍ക്ക് എതിര്‍ക്കാന്‍ പറ്റില്ലല്ലോ എന്ന എതിര്‍പ്രചാരണമാണ് ടിവികെ നടത്തിയത്. ഇതെല്ലാം കൂട്ടിവായിച്ചാല്‍ ശരിക്കും ഒരു തരംഗം ടിവികെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വിജയ്‍യുടെ മുതല്‍വര്‍ കനവുകള്‍ അത് സഫലീകരിക്കുമോ എന്ന് മെയ് 4ന് കണ്ടറിയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com