തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി... പെട്ടി തുറക്കുമ്പോൾ ജനവിധി ആർക്കൊപ്പം?

തമിഴ്നാട്ടിൽ ടിവികെ എത്ര സീറ്റുകൾ നേടുമെന്നതാണ് ആകാംക്ഷയെങ്കിൽ ബംഗാൾ ബിജെപി പിടിക്കുമോ എന്നാണ് രാജ്യം തന്നെ ഉറ്റുനോക്കുന്നത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നാളെയാണ്. തമിഴ്നാട്ടിൽ ടിവികെ എത്ര സീറ്റുകൾ നേടുമെന്നതാണ് ആകാംക്ഷയെങ്കിൽ ബംഗാൾ ബിജെപി പിടിക്കുമോ എന്നാണ് രാജ്യം തന്നെ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ജയിക്കുന്ന സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റാൻ ടിവികെ അധ്യക്ഷൻ വിജയ് നിർദേശം നൽകി.

രണ്ട് ദ്രാവിഡ കക്ഷികൾ നയിക്കുന്ന തമിഴകത്തേക്ക് പുതിയ പാർട്ടിയുമായി കടന്നുവന്ന വിജയ് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതുമോ? എങ്കിൽ വിജയ്യുടെ ടിവികെയ്ക്ക് എത്ര സീറ്റ്? നാളെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യമിതാണ്. എക്സിറ്റ് പോളുകൾ ടിവികെയുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ രൂപീകരണത്തിൽ ടിവികെ നിർണായകമാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. നാളെ ഫലം വരുമ്പോൾ വിജയിച്ച സ്ഥാനാർഥികൾ നേരെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്നാണ് വിജയ്‌യുടെ നിർദേശം. ഇവരെ റിസോർട്ടിലേക്ക് മാറ്റും. നൂറിനടുത്ത് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന റിസോർട്ടാണ് മഹാബലിപുരത്ത് ബുക്ക് ചെയ്‌തിരിക്കുന്നത്‌. എന്നാൽ തൂക്കുസഭ ഉണ്ടാകില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. പടിഞ്ഞാറൻ തമിഴ്നാട്ടിൽ അടക്കം കണ്ട ഉയർന്ന പോളിംഗിലാണ് എഐഎഡിഎംകെയുടെ പ്രതീക്ഷ.

പ്രതീകാത്മക ചിത്രം
വിധി കാത്ത് കേരളം; വോട്ടെണ്ണൽ സജ്ജീകരണങ്ങൾ ഇങ്ങനെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ എന്നാൽ ദീദിയെങ്കിൽ ബിജെപിയെ നയിച്ചത് മോദിയായിരുന്നു. സത്യപ്രതിജ്ഞക്കായി സംസ്ഥാനത്തെത്തുമെന്നായിരുന്നു പ്രചാരണം അവസാനിപ്പിച്ചു മടങ്ങുമ്പോൾ മോദി പറഞ്ഞത്. കുടിയേറ്റം, സ്ത്രീ സുരക്ഷ, വികസനം അടക്കമുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. എസ്ഐആറിന് പുറമെ ബംഗാളി വികാരവും തൃണമൂൽ ആളിക്കത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ നേട്ടമുണ്ടാക്കിയെങ്കിലും തെക്കൻ ബംഗാളിൽ തൃണമൂലിന് തന്നെയായിരുന്നു സർവാധിപത്യം. ഇവിടേക്ക് ബിജെപി കടന്നു കയറുന്നത് എത്രത്തോളം എന്നതിനെ ആശ്രയിച്ചാകും മമത യുഗം തുടരുമോ എന്ന് നിശ്ചയിക്കുക.

അസമിൽ തുടർച്ചയായ മൂന്നാം ഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിശബ്ദ തരംഗം അലയടിച്ചെന്ന പ്രതീക്ഷയിൽ കോൺഗ്രസും. തമിഴ്നാട്ടിലേതു പോലെ ടിവികെയുടെ പ്രകടനം മുപ്പതു സീറ്റുകൾ മാത്രമുള്ള പുതുച്ചേരിയിൽ നിർണായകമാകും.

News Malayalam 24x7
newsmalayalam.com