'നാളെയുടെ കേരളം' എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് യുവജനങ്ങളാണ്... ഓരോ മുന്നണികളുടെയും സ്ഥാനാർഥി പട്ടികയിലെ യുവ പോരാളികളുടെ പ്രാതിനിധ്യമാണ് പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുന്നത്. മുന്നണി വ്യത്യാസമില്ലാതെ, പരിചയസമ്പന്നർക്കൊപ്പം പൊരുതാൻ ഇത്തവണയും ഒരുകൂട്ടം യുവ പോരാളികൾ കളത്തിലിറങ്ങിയിട്ടുണ്ട്. മൂന്ന് മുന്നണികളിലെയും പ്രധാന യുവ സാരഥികൾ ആരൊക്കെയാണെന്ന് നോക്കാം...
ഇടതുപക്ഷ കോട്ടകൾ കാക്കാനും പിടിച്ചടക്കാനും ഡിവൈഎഫ്ഐ - എസ്എഫ്ഐ സമരവീര്യവുമായി എത്തുന്നവരാണ് എൽഡിഎഫിലെ യുവ സ്ഥാനാർഥികൾ. മട്ടന്നൂരിൽ നിന്ന് യുവനേതാവ് വി.കെ. സനോജ്, ബാലുശേരിയിൽ നിന്ന് സിറ്റിങ് എംഎൽഎ അഡ്വ. കെ.എം. സച്ചിൻ ദേവ് തുടങ്ങി പോരാട്ടത്തിന് കരുത്തേകാൻ നിരവധി യുവമുഖങ്ങളെ ഇത്തവണ എൽഡിഎഫ് കളത്തിലിറക്കിയിട്ടുണ്ട്.
കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി.കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐയിലൂടെ സജീവ രാഷ്ട്രീയ രംഗത്തെത്തിയ സനോജിനിത് നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ്.
കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടാനൊരുങ്ങുന്നത് കെ.എം. സച്ചിൻ ദേവാണ്. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായ സച്ചിൻദേവ്, എസ്.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
കണ്ണൂർ കല്യാശേരി മണ്ഡലത്തിലെ നിലവിലെ എം.എൽ.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റുമാണ് എം. വിജിൻ. വീണ്ടും അതേ മണ്ഡലത്തിൽ ജനവിധി തേടാനൊരുങ്ങുന്ന വിജിന് ഇത് രണ്ടാമൂഴമാണ്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായ വിജിൻ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലൂടെയും സജീവ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്.
തിരുവമ്പാടിയിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടാനൊരുങ്ങുന്നത് ലിൻ്റോ ജോസഫാണ്. കൂമ്പാറ വാർഡ് മെമ്പറായും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ലിൻ്റോ തദ്ദേശ ഭരണരംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.
അടൂരിൽ നിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണനാണ് അടുത്തത്. എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ പ്രിജിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണ്.
യുവത്വത്തിന്റെ കരുത്തുമായി യു.ഡി.എഫും സജ്ജമാണ്. യുവജന സംഘടനകളിലൂടെ വളർന്നുവന്ന കരുത്തുറ്റ നിരയുമായാണ് യുഡിഎഫ് ഇത്തവണ കളത്തിലിറങ്ങുന്നത്. "യുവജനങ്ങൾക്ക് പ്രാതിനിധ്യമുള്ള പട്ടികയെന്ന്" കോൺഗ്രസ് നേതൃത്വം അവകാശപ്പെടുമ്പോഴും യുവാക്കളിൽ ചുരുക്കം പേരെ മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞ് വലിയ അമർഷം യുവജന സംഘടനകളിൽ വലിയൊരു വിഭാഗത്തിനുണ്ട്. സീറ്റ് കിട്ടായതോടെ കെ.എസ്.യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച അലോഷ്യസ് സേവ്യറെ കെ.സി. വേണുഗോപാൽ ഇടപെട്ടാണ് രാജി പിൻവലിപ്പിച്ചത്.
കെഎസ്‌യു സംസ്ഥാന അധ്യക്ഷനും യുവ അഭിഭാഷകനുമായ അഡ്വ. ഒ.ജെ. ജനീഷാണ് തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് ജനവിധി തേടുന്നത്. കെ.എസ്.യു-വിലൂടെ രാഷ്ട്രീയത്തിലെത്തിയ ജനീഷ് മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായും തൃശൂർ ജില്ലാ പ്രസിഡന്റായും മികവ് തെളിയിച്ചിട്ടുണ്ട്.
തവനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ. വി.എസ്. ജോയ് നിലവിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റും കോൺഗ്രസിന്റെ കരുത്തുറ്റ യുവനേതാക്കളിൽ ഒരാളുമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോയ് മികച്ചൊരു പ്രാസംഗികൻ കൂടിയാണ്.
കോഴിക്കോട് നാദാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്ത് കോൺഗ്രസിന്റെ മുൻനിര യുവനേതാവും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റുമാണ്. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാണ്.
പേരാമ്പ്രയിൽ നിന്ന് മുസ്‍ലിം ലീഗിന്റെ കരുത്തുറ്റ വനിതാ ശബ്ദമായ അഡ്വ. ഫാത്തിമ തെഹ്‍ലിയയാണ് ജനവിധി തേടുന്നത്. മുസ്‌ലിം ലീഗിന്റെ യുവനേതൃനിരയിലെ ശ്രദ്ധേയയായ മുഖവും നിലവിൽ മുസ്‍ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് തഹ്‌ലിയ. എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യുടെ സ്ഥാപക പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഇവർ... പ്രാസംഗിക എന്ന നിലയിലും മുൻ നിലപാടുകളിലൂടെയും ശ്രദ്ധേയയാണ്.
ആറന്മുള മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അബിൻ വർക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖ യുവനേതാവുമാണ്. കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ അബിൻ നിരവധി ജനകീയ സമരങ്ങളിലൂടെ ശ്രദ്ധേയനാണ്.
മാറ്റത്തിന് വേണ്ടി യുവത്വത്തെ കൂട്ടുപിടിക്കുകയാണ് എൻഡിഎയും.
ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ബിജെപിയുടെ യുവ സ്ഥാനാർഥികളിൽ ഒരാൾ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് റോബിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിൽ ആകൃഷ്ടനായ റോബിൻ്റെ ബിജെപി പ്രവേശനം ഏറെ ശ്രദ്ധ നേടിയിരുന്നു.
മാനന്തവാടി മണ്ഡലം സ്ഥാനാർഥി പി. ശ്യാം രാജാണ് മറ്റൊരാൾ. ഇടുക്കിയിൽ നിന്നും വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ ചുവടുപിടിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവനേതാവാണ് ശ്യാം രാജ്.
സിനിമാ നടി അഞ്ജലി നായർ, ബിഗ് ബോസ് ജേതാവ് അഖിൽ മാരാർ, നർത്തകി ആതിര ഡി. നായർ തുടങ്ങിയ യുവസ്ഥാനാർഥികളെ രംഗത്തിറക്കി ട്വൻ്റി20യും ബാലറ്റ് പെട്ടി നിറയ്ക്കാൻ രംഗത്തുണ്ട്.